അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Friday, November 18, 2011

പുസ്തക നിരൂപണം -''അനന്തപത്മനാഭന്റെ മരക്കുതിരകള്‍''-

                                    പുതു കാലത്തിന്റെ   പെണ്‍വ്യാകുലതകള്‍                                                 
                              (റഹ്മാന്‍ കിടങ്ങയം,വര്‍ത്തമാനംഞായറാഴ്ചപ്പതിപ്പ്,ഒക്ടോബര്‍10 )
                      
                                ലയാള കഥ അതിന്റെ സ്വത്വം നിലനിര്‍ത്തിപ്പോന്നത് സമകാലീന ജീവിതാവസ്ഥകളോട് ആഴത്തില്‍ പ്രതികരിച്ചു കൊണ്ടാണ്.ജീവിതമെഴുത്ത് ഒരേസമയം പ്രതിരോധവും പ്രതിബോധവുമായി മാറുമ്പോള്‍ സര്‍ഗാത്മകമായ ഉള്‍ക്കരുത്തിന്റെ കനം അതിനെ മികവുറ്റ കലാ സൃഷ്ടിയാക്കി മാറ്റുകയാണ് ചെയ്യുന്നത് .എഴുത്ത് അപ്പോള്‍ കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം ലകഷ്യ ബോധമുള്ള സാമൂഹ്യ പരിഷ്ക്കര ണായുധ മായി മാറുന്നുണ്ട് .എഴുതപ്പെടുന്ന ഇടങ്ങളുടെ പരിസര സവിശേഷതകള്‍ അതിനു തൂവലും തൊങ്ങലും വച്ച് കൊടുക്കുമ്പോള്‍ കഥയുടെ പരിപൂര്‍ണത കൂടി സാധ്യമാകുന്നു.
                                      ഷാഹിന ഇ.കെ'' അനന്ത പദ്മനാഭന്റെ മരക്കുതിരകള്‍ ''എന്ന പ്രഥമ സമാഹാരത്തിലൂടെ അത്തരമൊരു പരിപൂര്‍ണ്ണത നേടാന്‍ ശ്രമിക്കുകയാണ് .ദുഷിച്ചു നാറിക്കൊണ്ടിരിക്കുന്ന ജൈവ സാമൂഹ്യ പരിസരങ്ങളെ വാക്കുകളുടെയും ബിംബങ്ങളുടെയും സാര്‍ഥകമായ ഊര്‍ജ്ജം കൊണ്ട് പ്രതിരോധിച്ചു കഥയെഴുത്ത്‌ തനിക്കു പേനയുന്തല്‍ അല്ല എന്നു ഈ പെണ്‍കുട്ടി തെളിയിക്കുന്നുണ്ട് .ഓരോ കഥയും ജീവിതത്തിന്റെ വിയര്‍പ്പു നീരിനാല്‍ കുതിര്‍ന്നു അസ്വസ്ഥതകളുടെ ,ആകുലതകളുടെ കനല്‍ വഴികളെ നമുക്ക് മുന്നിലേക്ക്‌ തുറന്നു തരുന്നുണ്ട്.ജീവിതത്തെ മാറ്റി  നിര്‍ത്തിക്കൊണ്ട് തനിക്കു കഥയെഴുത്തില്ല എന്നു കഥാകാരി തന്റെ രചനകളിലൂടെ ഉറക്കെ പ്രഖ്യാപിക്കുന്നത് കാണാം .
            മിസ്ഡ് കാള്‍ എന്ന ആദ്യ കഥയിലൂടെ പുതുകാലത്തിന്റെ മാധ്യമക്കഴുകന്മാരുടെ ആര്‍ത്തി പിടിച്ച ശവ ഭോഗങ്ങള്‍ക്ക് നേരെ  പരിഹാസത്തിന്റെ കാറ്റഴിച്ചു വിടുന്നുണ്ട് കഥാകാരി.സെല്‍ ഫോണും ഇന്റര്‍നെറ്റും ഒക്കെയടങ്ങിയ ആധുനിക കാലത്തിന്റെ വിനിമയ സാധ്യതകള്‍ ഉപയോഗിച്ച് പുതു യുവത്വത്തിന്റെ പ്രതിനിധികള്‍ തീര്‍ക്കുന്ന ചിലന്തി  വലകളില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടിയുടെ സാധാരണക്കാരനായ അച്ഛനെ കേന്ദ്രീകരിച്ച്‌ പറഞ്ഞു പോകുന്ന ഈ കഥ നമ്മുടെ പെണ്‍കുട്ടികള്‍ ലൈംഗിക ദൌര്‍ബല്യങ്ങളുടെ വാഴു വഴുപ്പിലേക്ക് എത്ര അനായാസമായാണ് വഴുതിയിരങ്ങുന്നത് എന്നൊരു പേടിപ്പിക്കുന്ന ചിന്ത വായനക്കാര്‍ക്കായി ബാക്കി വക്കുന്നുണ്ട് .എല്ലാം ആഘോഷിക്കുന്ന മലയാളി ഇതും ആഘോഷിക്കുന്നു .'അങ്ങനെയാകുമ്പോള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലക്ക് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?എങ്ങനെയാണ് പ്രതികരിക്കാനുള്ളത്'' എന്ന വാര്‍ത്ത വായനക്കാരന്റെ  ചോദ്യത്തില്‍ നിന്നും തുടങ്ങുന്ന കഥ മറ്റുള്ളവന്റെ അളിഞ്ഞ സ്വകാര്യതകളെ എങ്ങനെയാണു വിഷ്വല്‍ മീഡിയ വിനിമയ സാധ്യത യുള്ള ചരക്കുകലാക്കി മാറ്റുന്നതെന്ന് പരിഹാസപൂര്‍വ്വം കാണിച്ചു തരുന്നു.
         ചിത്രകാരി എന്ന കഥ കുടുംബത്തിന്റെ ദൈനം ദിന ബന്ധങ്ങള്‍ക്കിടെ സ്വന്തം സ്വത്തബോധം സ്ഥാപിക്കാനാവാതെ നിസ്സഹായപ്പെട്ടു പോകുന്ന സര്‍ഗാത്മക മനസ്സുള്ള പെണ്ജന്മങ്ങള്‍ക്കുള്ള ശ്രദ്ധാഞ്ജലി യാണ് .വിവാഹിതയാകുന്നതോടെ പെണ്‍കുട്ടി അവളുടെ ഉള്ളിലുള്ള എല്ലാ സര്‍ഗാത്മകചോദനകളെയും മനസ്സിലൊരു ശവക്കുഴി തീര്‍ത്തു മൂടെണ്ടി വരുന്നത് 'ഫിസാ 'എന്ന എന്ന പെണ്‍കുട്ടിയുടെ മാത്രം വിധിയാകുന്നില്ല .'ദൈവം തൊട്ട കൈവിരലുകള്‍'എന്നു മറ്റുള്ളവരാല്‍ പുകഴ്ത്തപ്പെട്ട അവളുടെ കൈ വിരലുകളെ ഭയപ്പാടോടെ ഭര്‍ത്താവു  നോക്കുന്നത് അയാളുടെ അപകര്‍ഷം കൊണ്ട് തന്നെയാവണം.മൌനം കൊണ്ട് പ്രതിരോധിക്കുന്ന ഈ കഥയിലെ പെണ്‍കുട്ടിയെ കുടുംബത്തിന്റെ കേട്ടുപാടുകളില്പെട്ടു സര്‍ഗാത്മക നഷ്ടം സംഭവിച്ച എല്ലാ കുടുംബിനികളുടെയും പ്രതീകമായി വായിചെടുക്കാവുന്നതാണ്.'ദശാ സന്ധി'എന്ന കഥ യും ചര്‍ച്ച ചെയ്യുന്നത് കുടുംബിനികള്‍ക്ക് നഷ്ടമാവുന്ന സര്‍ഗാത്മക വിനിമയസാധ്യതകളെ കുറിച്ചാണ് .ചിത്ര കാരി''യില്‍ നിന്നു വ്യത്യസ്തമായി ഇവിടെ നായിക ശിവ ശങ്കരിക്ക് പക്ഷെ കുടുംബത്തിന്റെ എല്ലാ അനുകൂലനങ്ങളും ഉണ്ട്. എന്നിട്ടും ഒറ്റവാക്കും പുറത്തു വരാത്ത ഊഷര ഭൂമിയായി അവളുടെ മനസ്സ് മാറിപ്പോവുകയാണ് .''അനന്ത പത്മനാഭന്റെ മരക്കുതിരകള്‍ ''എന്ന ടൈറ്റില്‍  കഥ പ്രണയ നഷ്ടത്തില്‍ സ്വന്തം മനസ്സിന്റെ കടിഞ്ഞാന്‍ നഷ്ട്ടപ്പെട്ടു പോയ അനന്തന്റെ കഥ പറയുന്നു.ചില മുറിവുകള്‍ തീര്‍ക്കുന്ന നിണപ്പാടുകള്‍ ഒരു ഔഷധം കൊണ്ടും ഉണക്കാവതല്ല എന്നൊരു അശുഭ സന്ദേ ശം ഈ കഥയിലുണ്ട് .ഭാഷാപരമായി ഏറ്റവും മികച്ചു നില്‍ക്കുന്ന ഈ കഥ യില്‍ കുതിരയെ നാനാര്‍ഥങ്ങള്‍ ഉള്ള ഒരു ഇമെജരി  ആയി അവതരിപ്പിക്കുന്നു കഥാകാരി .പുതിയ കാലത്തിന്റെ പേടി സ്വപ്‌നങ്ങള്‍ തീര്‍ക്കുന്ന പുകമാരക്കുള്ളില്‍ ചുരുങ്ങിയ നേരത്തേക്കെങ്കിലും കാഴ്ച നഷ്ട്ടപ്പെട്ടു പോകുന്ന ഒരമ്മയുടെ കഥയാണ്‌''കാണാതാകുന്ന പെണ്‍കുട്ടികള്‍''തനിച്ചാക്കി കളയേണ്ട ഒന്നല്ല അമ്മ എന്നു സ്വന്തം അച്ഛനെ ബോധ്യപ്പെടുത്തുന്ന മകനെ ''തനിയെ' എന്ന കഥ യില്‍ കാണാം. ശരീര കാമനകള്‍ക്കപ്പുറത്തും ചില സ്നേഹബന്ധങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ''പുനര്‍ജ്ജനി'' എന്ന കഥ ശ്രമിക്കുന്നത്.
           ഷാഹിന ഇ കെ യുടെ കഥകളുടെ പൊതു സ്വഭാവം അവ സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന അന്വേഷണമാണ് എന്നതാണ് .ആസുരമായ കാലത്തിന്റെ ചോര കണ്ണുകള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന ഒരു പെന്മാനസ്സ്സു ഈ കഥകളിലെല്ലാമുണ്ട് .വളരെ സാധാരണമായ ഒരു സംഭവത്തില്‍ നിന്നു പോലും ഇ കഥാകാരി ഒരു കഥയെ കണ്ടെത്തുന്നു എന്നതും ശ്രദ്ധേയമാണ് .അതിനപ്പുറം എഴുത്തിന്റെ വ്യവസ്ഥാപിതമായ കീഴ്വഴക്കങ്ങള്‍ക്കൊന്നും   തലവച്ചു കൊടുക്കാന്‍ എഴുത്തുകാരി ശ്രമിക്കുന്നില്ല.ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇത് പുതിയ കാലത്തിന്റെ പെണ്‍ വ്യാകുലതകളുടെ പുസ്തകമാണ്.


                                        

Thursday, October 20, 2011

അറബിക്കഥ

(കടത്തനാട്ടു മാധവിയമ്മ പുരസ്ക്കാരം (2010 ) നേടിയ കവിത.സംഘടിത ജൂണ്‍ 2011  കവിതപതിപ്പ് )

... 'വയ്യ നിനക്ക്,
വേണമൊരു താങ്ങ് '..
അവന്‍ പെണ്ണിനോട് മൊഴിഞ്ഞു .
അവള്‍ നടക്കെ 
വാതക്കാലിഴഞ്ഞു,
അവളുറങ്ങിയ പഞ്ഞിക്കിടക്ക 
വാതക്കുഴമ്പ് മണത്തു .
'നിങ്ങളില്ലേ ,എന്റെ കുഞ്ഞു മക്കളും'..
അവള്‍ അടുപ്പ് കൂട്ടുകയും ,
കൂട്ടിരുന്നൂട്ടുകയും ,
കൂടെ കിടക്കുകയും..
'ഞാന്‍ ഒരുത്തിയെ കൂടിക്കൂട്ടട്ടെ ,
നിനക്കായി ,നിനക്കായി മാത്രം..
സ്വന്തമെന്നു നിന്നെ നോക്കുമൊരാള്‍?
ഇരുളില്‍ 
അവളുടെ വിയര്‍പ്പൂറ്റെ
അവനൊരു തെളിചോദ്യമായ് 
ഉത്തരം കാത്തു കിതച്ചു.
കഥ തോര്‍ന്ന് പകല്‍ പിറന്നു 
അറബിക്കഥയിലെ 
കഥ തീര്‍ന്നൊരു 
പെണ്ണിനും ശിരചേദം.

Friday, August 19, 2011

എനിക്കിഷ്ടമാണ് നിന്‍റെ വാതില്‍ മുട്ടുവാന്‍

എനിക്കിഷ്ടമാണ്,
നിന്‍റെ വാതില്‍ മുട്ടുവാന്‍ ..
അകത്തെ സ്ഫടിക നിശ്ശബ്ദത ,
എകാന്തമായൊരു കാലൊച്ച ,
വല്ലപ്പോഴും
മാത്രം കേള്‍ക്കാവുന്നൊരു
മൂളിപ്പാട്ട്,
ഒരു വാതില്‍ മുട്ടലിനും
ഓടാമ്പല്‍ നീക്കലിനും ഇടയിലെ
ചില ഏകാന്ത നിമിഷങ്ങള്‍ .
ചില സ്നേഹങ്ങള്‍
വേദനയെക്കാള്‍
തീവ്രമാണെന്നും
കടലിനേക്കാള്‍
ഇരമ്പമുള്ളതെന്നും,
എന്തുമാത്രം വന്യമെന്നും
ഞാന്‍ തിരിച്ചറിയുന്നത്‌
അപ്പോള്‍ മാത്രമാണ് .

...ചില സ്നേഹങ്ങള്‍ കടലിനേക്കാള്‍
 ഇരമ്പമുള്ളതെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോള്‍ മാത്രമാണ്.


Sunday, July 10, 2011

പ്രകാശനം -''അനന്ത പദ്മനാഭന്‍റെ മരക്കുതിരകള്‍ ''

''മഴയ്ക്ക് തീ കൊടുക്കുന്ന ഓര്‍മ്മകള്‍. വിയര്‍ത്തുപോകുന്ന മഞ്ഞുകാലങ്ങള്‍. ആകുലതകളുടെ ഒടുക്കത്തെ പിടച്ചിലുകള്‍. അത്രയസ്വസ്ഥമായൊരു കാലത്ത് ഒരു പെണ്‍കുട്ടി ഒറ്റയ്ക്കു നടന്ന വഴികള്‍. കനലടുപ്പില്‍ നിന്ന് മാംസവിരലുകള്‍കൊണ്ട് വിശക്കുന്നവന് തീ കോരിക്കൊടുക്കേണ്ടിവന്ന ഗതികേടുകള്‍. കഥയല്ലേ ഇത്?-ജീവിതം? ജീവിതംകൊണ്ടമ്പരപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍.''(-''അനന്ത പദ്മനാഭന്‍റെ മരക്കുതിരകള്‍ -ചെറുകഥ,പൂര്‍ണ പബ്ലിക്കെഷന്‍സ്  )


                                                         ഷാഹിന ഇ.കെ യുടെ 
പ്രഥമചെറുകഥാ സമാഹാരം പൂര്‍ണ പബ്ലിക്കെഷന്‍സ് പ്രസിദ്ധീകരിച്ച ''അനന്ത പദ്മനാഭന്‍റെ  മരക്കുതിരകള്‍ ''
എഴുത്തുകാരന്‍  '' ശ്രീ .കല്പറ്റ നാരായണന്‍, കവി മണമ്പൂര്‍ രാജന്‍ ബാബുവിന്  നല്‍കി 9 -7 -2011 നു
മലപ്പുറത്ത് വച്ച് പ്രകാശനം ചെയ്തു.
അറബിക്കഥയിലെ ഷഹരസേദിന്‍റെ ഒടുങ്ങാത്ത കഥകള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നതായി
വളര്‍ന്നുകൊണ്ടേയിരിക്കുന്ന മലയാള ചെറുകഥാ ലോകത്തെ സൂചിപ്പിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ആകുലതയും ആധികളും അരക്ഷിതത്ത്വവും
ഫെമിനിസം പോലുള്ള പ്രസ്ഥാനങ്ങളെ പ്പോലും ദുര്‍ബലമാക്കാന്‍ പോന്നതാണെന്നു അദ്ദേഹം പറഞ്ഞു.
ഉറപ്പും ശക്തിയുമുള്ള പ്രമേയങ്ങള്‍ ''അനന്തപദ്മനാഭന്‍റെ മരക്കുതിരകള്‍ '' എന്ന കഥാസമാഹാരത്തിന്‍റെ
സവിശേഷതയായി അദ്ദേഹം വിലയിരുത്തി.
വീട് വിട്ടിറങ്ങുന്ന പെണ്മക്കളുടെ തിരിച്ചു വരവുകള്‍ ഭീതിയോടെ ,ആകുലതയോടെമാത്രം കാക്കുന്ന
അമ്മമാരുടെ ഈ കാലത്ത് ഈ 12 കഥകള്‍ തികച്ചും പ്രസക്തമാണെന്നു  ശ്രീ .മണമ്പൂര്‍ രാജന്‍ ബാബുപ്രസ്താവിച്ചു.ശ്രീ .ഉണ്ണികൃഷ്ണന്‍ ആവള പുസ്തകപരിചയവും
ഡോ.പി .ഗീത മുഖ്യപ്രഭാഷണവും  നടത്തി.

Wednesday, June 1, 2011

എന്നോട് പകുത്തു തീരാത്ത നിന്‍റെ സ്വപ്നങ്ങളല്ലേ അല്ലെങ്കില്‍ ഈ മഴ ..?

എനിക്കറിയാം
ഈ മഴയുടെ വെള്ളിനാരുകള്‍ക്കപ്പുറത്തു
നീയുണ്ട്..
എന്നോട് പകുത്തു തീരാത്ത
നിന്‍റെ സ്വപ്നങ്ങളല്ലേ
അല്ലെങ്കില്‍ ഈ മഴ ..?
കാഴ്ചയുടെ അതിരുകള്‍ക്കപ്പുറത്തുനിന്ന്
നീയെന്നെ കാണുന്നു ..
വാക്കുകള്‍ക്കപ്പുറത്ത് നിന്ന്
കേള്‍ക്കുന്നു ..
പറയാനോര്‍ക്കുന്നതൊക്കെയും
അറിയുന്നു ...
എവിടെയോ ഒളിച്ചിരുന്ന് .
നിനക്കായിരുന്നു
 പ്രണയം, മഴയോട്..
എനിക്കോ ,
കാറ്റിന്‍റെ
ഭ്രാന്തന്‍ കാലം ...
എങ്കിലും നീയറിയാതെ
ഞാന്‍ മോഹിച്ചിരുന്നു,
നിനക്കൊപ്പം മഴയാകാനൊരു കാലം..
പെയ്തു പെയ്തു ,
ഞാനേത്,നീയേത് മഴയേതെന്നുമറന്നു മറന്ന്‌.....
.



Monday, May 30, 2011

പൊള്ളയായത് കൊണ്ടാവാം

എന്‍റെ കാറ്റിനിപ്പോള്‍ പണ്ടെന്നോ
നീ സമ്മാനിച്ച
വിന്‍ഡ് ചൈമിന്‍റെ സ്വരം ...
ഓരോ കാറ്റും
ഇമ്പമാര്‍ന്ന
പൊട്ടിച്ചിരികളായി
വീടാകെ മുഴങ്ങുന്നു .. ..
 നിന്‍റെ  ഓര്‍മ്മകളിലേക്ക്
ഊയലാടുന്നു .......
സ്ഫടിക ,നീല മത്സ്യങ്ങള്‍
പരസ്പരം കൂട്ടിമുട്ടുന്നു ,
പൊള്ളയായ ഇളം ചുവപ്പ്  ലോഹത്തുണ്ടുകള്‍
വെറുതെ ,വെറുതെ കലമ്പുന്നു..
പൊള്ളയായത് കൊണ്ടാവാം
അവക്കിങ്ങനെ ചിരിക്കാനാവുന്നത്‌...
വെറുമൊരു കാറ്റിലും ഇങ്ങനെ
ആഹ്ലാദിക്കാനാവുന്നത്....


















Friday, April 29, 2011

കണ്ണടക്കാഴ്ചകള്‍

കണ്ണട വയ്ക്കാന്‍  ഇഷ്ടമായിരുന്നു ,കുട്ടിക്കാലത്ത് .അച്ഛന്‍റെ പോക്കറ്റില്‍ വല്ലപ്പോഴുമുള്ള ഉപയോഗത്തിനായി മാത്രം കിടന്ന മെലിഞ്ഞ ചട്ടമുള്ള കണ്ണട ,ഫയല്‍ എഴുതുമ്പോള്‍ വച്ചിരുന്ന എളുപ്പം കേടാകാത്ത തവിട്ടു നിറകണ്ണട , ഗള്‍ഫിലെ സുഹൃത്ത്‌ സമ്മാനിച്ച സ്വര്‍ണച്ചട്ട കണ്ണട,ഒരുദ്ദേശ്യവും ഇല്ലാതെ പിന്നെയും അവിടെയും ഇവിടെയും ചിതറിക്കിടന്ന കണ്ണടകള്‍ ..
ഞാനോരോന്നും എടുത്തു മുഖത്ത് വക്കും .എന്‍റെ കുട്ടിമുഖത്തിന്‍റെ പാതിയും മറക്കുന്ന കണ്ണടകള്‍ .ചതുരാകൃതികള്‍ക്കും വൃത്താകൃതികള്‍ക്കും ഉള്ളിലൂടെ മറ്റേതോ കാഴ്ച .അച്ഛന്‍ വീട്ടിലില്ലാ ത്തപ്പോളുംമേശപ്പുറത്തു നിവര്‍ത്തി വച്ച വലിയ ചതുരക്കണ്ണട അച്ഛന്‍റെ സാന്നിധ്യമോര്‍മിപ്പിച്ചുകൊണ്ട് എന്‍റെ കള്ളത്തരങ്ങള്‍ക്ക് നേരെ ഒരു താക്കീതു നോട്ടം നോക്കി.സ്കൂളിലെ ഗുപ്തന്‍ മാഷ്ടെ, വല്ലപ്പോളും വയ്ക്കാറുള്ള കറുത്ത ചതുരക്കട്ടിക്കണ്ണട ,വീതിക്കാലന്‍ ,-അതിനെ നേരെ നിന്ന് നോക്കാന്‍ കൂടി ദൈവമേ,പേടിയായിരുന്നല്ലോ..മേശമേല്‍  അഴിച്ചു വച്ച് പോകുമ്പോളും അതില്‍ മാഷ്ടെ ഗൌരവ ക്കണ്ണുകള്‍ പലവട്ടം കണ്ടിട്ടുണ്ട് ഞാന്‍ .സുലു ടീച്ചര്‍ ദേഷ്യകണ്ണുകളെ ഇട്ടു വച്ച കട്ടിച്ചില്ല് വട്ടകണ്ണട ..
അവര്‍ക്കൊക്കെ വൃത്തച്ചട്ട ത്തിലൂടെയും ചതുരച്ചട്ടത്തിലൂടെയും നിയതാകൃതികളില്‍ കാഴ്ചകള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നു .കൃത്യവും കണിശവുമായ ആകൃതികളില്‍ ..

                                ഒരു കണ്ണടയുണ്ടെങ്കില്‍ ഇടയ്ക്കുചിന്താമഗ്നയായി ,ഒറ്റക്കയ്യാല്‍ കണ്ണടയൂരി കൈയ്യില്‍ പിടിച്ച് അങ്ങനെയിരിക്കാം ..സിനിമയിലെ നായികയെ പോലെ കണ്ണീര്‍ വരുമ്പോള്‍ കണ്ണടച്ചില്ലിലൂടെ കൈകടത്തി ,കണ്ണീരു തുടക്കാം.മൂക്കിന്‍ തുമ്പത്തേക്കിറങ്ങുന്ന കണ്ണടയെ മധ്യത്തിലെ ലോഹത്തുണ്ട്തൊട്ടു  കൃത്യതയില്‍ വയ്ക്കാം.കണ്ണടയില്ലാ കൂട്ടങ്ങള്‍ക്കു മുമ്പില്‍ ഗമയില്‍ നടക്കാം .അങ്ങനെ അച്ഛനും ഗുപ്തന്‍ മാഷും സുഹാസിനി ടീച്ചരുമൊക്കെ അവരോളം അറിവും ഗമയുമുള്ള ഒരാളായി എന്നെ കാണും .''കണ്ണട വച്ച കുട്ടി''എന്നത് എന്‍റെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാവും .പല നിറാകൃതിക്കണ്ണടകളിലൂടെ  വര്‍ഷംതോറും കാഴ്ച മാറ്റും .എന്ത് രസമാവും!
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കാണാന്‍ സിനിമ തീരും വരെ മാത്രം കിട്ടിയ 3 ഡി കണ്ണട വച്ചിരുന്ന അതേ സ്റ്റൈലില്‍ സ്വന്തമൊരു കണ്ണട! ..

                          അങ്ങനെയിരിക്കെ ,ഒരു ദിവസം ആകാശത്ത് കണ്ണും നട്ട് അന്തം വിട്ടിരിക്കുമ്പോള്‍ ,മേഘ ക്കൂട്ടമൊഴിഞ്ഞതാ തെളിഞ്ഞു വരുന്നു ,ഇരട്ട ചന്ദ്രന്മാര്‍ .
വീണ്ടും വീണ്ടും നോക്കുന്നു. അതേ....മാറ്റമില്ല ..(പിന്നീട് ചരിത്രം പഠിച്ചപ്പോഴും കൊടുങ്ങല്ലൂര് കണ്ടപ്പോഴും കേട്ട ,മക്കയിലേക്കുള്ള യാത്രക്ക് മുമ്പേ ചേരമാന്‍ പെരുമാള്‍ കണ്ട ഇരട്ട ചന്ദ്രന്മാരല്ല) ,തലേന്ന് സ്കൂളില്‍ ബോര്‍ഡെഴുത്തിലും അങ്ങനെയുണ്ടായി .അക്ഷരങ്ങള്‍ക്ക് പുറത്തു കയറിയിരുന്നു ആന കളിക്കുന്ന അക്ഷരങ്ങള്‍ ..സൂക്ഷിച്ചു നോക്കിയില്ലെങ്കില്‍ ദിവ്യ എങ്ങനെ വിജയകുമാരിയാകുന്നു? മീന ചിരിച്ചത് കാണാതെ പോയതിനു അവളെന്നെ ജാടയെന്നു പ്രാകുന്നു..

                      കണ്ണ് ഡോക്ടര്‍ കണ്ണിന്‍റെ ആഴത്തിലേക്ക് സുഖമുള്ളൊരു നീല വെളിച്ചം പായിച്ചു.കൃഷ്ണ മണിക്കുള്ളിലേക്ക് തുറിച്ചു നോക്കി.
''വായിക്കു"'...
ഭിത്തിയില്‍ തൂക്കിയിട്ട വെളുത്ത കടലാസ്സില്‍ പല വലുപ്പത്തില്‍ എ ബി സി ഡി ...
ഒന്നാം നിര മുഴുക്കെ വായിച്ചു.തടിയന്‍ അക്ഷരങ്ങള്‍ ..
രണ്ടാം നിര..തപ്പി വായിക്കുമ്പോള്‍ ചിലത് മറിഞ്ഞും തിരിഞ്ഞും പോയി..
മൂന്നാം നിര ..കാണാം ,ഒരു മഞ്ഞുകാലക്കാഴ്ച പോലെ.. ഒളിച്ചിരിക്കുന്ന അക്ഷരങ്ങളെ ഒരു തരത്തിലും പിടി കിട്ടാതെ ...
''ഷോര്‍ട്ട് സൈറ്റ് ''.......
.ഡോക്ടര്‍ പറഞ്ഞു .
ദൈവമേ അതെന്തു ?എനിക്ക് കരച്ചില്‍ വരുന്നു...എന്താണ് ഡോക്ടര്‍ പറഞ്ഞത് ?!!!
അച്ഛന്‍ ഒന്നും മിണ്ടുന്നില്ല.ഡോക്ടറുടെ സഹായി പെട്ടി തുറന്നു എന്‍റെ മുഖത്തു വച്ച്
 തരുന്ന പല തരം ചില്ലുകള്‍..കണ്ണട പോലെ ..ചില്ലുകള്‍ അടര്‍ത്തി എടുക്കുക്കനാവുന്നുണ്ട്  പക്ഷെ .
''കാണാമോ''?ഓരോ ചില്ല് വക്കുമ്പോഴും ഡോക്ടര്‍ ചോദിക്കുന്നു
''ഇല്ല''..
ഇതോ''?
"ഉം ..കുറച്ചു.."
ഇത്?..." ..
''നന്നായി'' .........
ആ ചില്ല് അടര്‍ത്തി എടുത്തു സൂക്ഷ്മം പരിശോധിച്ച് കുറിപ്പെഴുതുന്നു ..
''കണ്ണട വേണം''
എന്‍റെ ഉള്ളില്‍ ഒരു വെളുത്ത തിര പൊട്ടിച്ചിരിയോടെ ചിതറി ..
കണ്ണട ...കണ്ണട കിട്ടുന്നു ..
അച്ഛന്‍റെ ,ഗുപ്തന്‍ മാഷ്ടെ ,സുലോചന ടീച്ചറുടെ ,സുഹാസിനീ   ടീച്ചറുടെകൂട്ട് കണ്ണട ..!!
         ''ടി വി കണ്ടു കണ്ണ് കേടു വരുത്തി "..അച്ഛന്‍ ദേഷ്യത്തോടെ ,അതിലേറെ സങ്കടത്തോടെ എന്‍റെ ഇത്തിരിപ്പോന്ന കുട്ടിമുഖത്തേക്ക് നോക്കുന്നു .
''ഞാന്‍ കുറച്ചല്ലേ ടി വി കാണാറുള്ളൂ ' എന്നൊന്നും തര്‍ക്കിക്കാന്‍ പോയില്ല.സന്തോഷം കൊണ്ടെനിക്ക് ഇരിക്ക പൊറുതി ഇല്ലാതായിരുന്നു .

                  കണ്ണടക്കടയിലെ എന്‍റെ പ്രായക്കാര്‍ക്കു ഇണങ്ങുന്ന കണ്ണടക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞാനും അച്ഛനും .
കടല്‍ ജീവിയുടെ തോടുകൊണ്ടുണ്ടാക്കിയതെന്നു പറഞ്ഞ മഞ്ഞക്കാലന്‍ കണ്ണടയാണ്‌,കടക്കാരന്‍റെ ഇഷ്ടം .ഉറപ്പുള്ള കറുത്ത ചട്ടമുള്ളത് അച്ഛന്‍റെ ..
മെല്ലിച്ച,ഗൗരവമുള്ള ,ഒന്നാണ് എനിക്ക്..

തുള്ളി: കണ്ണടക്കാരുടെ കാഴ്ച ,കാഴ്ചയുടെ ആകൃതി ,നിയതമായ രൂപങ്ങളിലേക്കു മാറ്റപ്പെടുന്നുണ്ടോ?
കാണേണ്ടവയെ മാത്രം കൃത്യം ആകൃതികളിലൂടെ, ചുറ്റും ഉള്ളവയെ അപ്രസക്തമാക്കി ..?
കണ്ണട ഉള്ളവനും ഇല്ലാത്തവനും തമ്മിലെ കാഴ്ചക്ക് അങ്ങനൊരു ദൂരമുണ്ടോ ?
മറക്കപ്പെടുന്ന കണ്ണുകള്‍ അവര്‍ക്കിടെ, നേര്‍ത്ത ഒരകലം സൃഷ്ടിക്കുന്നുണ്ടോ?
ഒരു തോന്നല്‍ .
ഹ്രസ്വദൃഷ്ടി കണ്ണടയിലൂടെ തന്നെ ഇപ്പോഴും കാണുമ്പോള്‍..

Wednesday, March 30, 2011

ഫെബ്രുവരി 1 -8/ -2011 ഒരുപെണ്‍കുറിപ്പ്

ഫെബ്രുവരി ഒന്ന് : ഫെബ്രുവരി  ഒന്നിന്‍റെ വര്‍ത്തമാന പത്രങ്ങള്‍ പറഞ്ഞു ,ട്രെയിനില്‍ നിന്നു വീണു മാരകമായി പരുക്കേറ്റ ഒരു പെണ്‍കുട്ടി, അവശനിലയില്‍ ചെറുതുരുത്തിപ്പാലത്തിനരികെ വീണു കിടക്കുന്നതായി കണ്ടെത്തിയ അസാധാരണത്വമേറെയില്ലാത്തൊരു  ചെറു വാര്‍ത്ത.വെറുമൊരു വായനക്കടന്നുപോകലിനുമപ്പുറം അധികമാരും ശ്രദ്ധിക്കാതെ പോയത് .പതിവ്പടി ഒരാത്മഹത്യാശ്രമമെന്ന് താള് മറിക്കെ ചിലരെങ്കിലും ....

ഫെബ്രുവരി രണ്ട്:

പാളത്തിനരികെ മാരകമാം വിധം മുറിവേറ്റു കിടന്ന പെണ്‍കുട്ടിയുടെ ചെറു വാര്‍ത്ത ,ചോര മണക്കുന്ന ഭീതിതമായൊരു കഥയായി പരിണമിക്കുന്നത് ...
നില തെറ്റിയതല്ല ,തീവണ്ടിയില്‍നിന്നു തള്ളി താഴെയിട്ടതാണെന്നു ബോധത്തിനും അബോധത്തിനും ഇടയ്ക്കു അവള്‍ വെളിപ്പെടുത്തുമ്പോഴേക്കും അതിനിടക്കെപ്പോഴോ വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിരുന്നു അവള്‍ പാതി മരണം മരിച്ചിരുന്നുവെന്ന് ..
ഒറ്റക്കയ്യ്‌ മാത്രമുള്ള ഒരു മനുഷ്യപ്പിശാച്ചിന്‍റെ അവ്യക്തരൂപംമാത്രം മൊഴി നല്‍കി അവളുടെ ഓര്‍മ്മ പിന്നെ മാഞ്ഞു പോകുമ്പോള്‍ തനിയെ യാത്ര ചെയ്യുന്നവര്‍ മാത്രമല്ല ,കേരളത്തിലെ മുഴുവന്‍ സ്ത്രീകളും പറഞ്ഞറിയിക്കാനാവാത്ത അപമാനങ്ങളുടെ ,വെറുപ്പിന്‍റെ  ,മുറിവുകളുടെ ,ഭാഗമായത് ..പെണ്കൂട്ടങ്ങള്‍ ഭീതിയോടെ അവരുടെ എകാകിതകളും ആശങ്കകളും ചര്‍ച്ച ചെയ്തു. ജീവിതത്തിനും മരണത്തിനുമിടക്ക് പല മരണങ്ങള്‍ കടന്നു പോയൊരു പാവം പെണ്‍കുട്ടി വൈദ്യശാസ്ത്രത്തിന്‍റെ കാരുണ്യത്തില്‍ ദീര്‍ഘ ശസ്ത്രക്രിയകള്‍ പിന്നിടുമ്പോള്‍ ,ജീവന്‍റെ ചെറുനൂലുകളില്‍ അവള്‍ ആടിക്കൊണ്ടിരിക്കുമ്പോള്‍ ,അവളുടെ തലച്ചോറിലെ മുറിഞ്ഞു പോയ ഓര്‍മ്മ ഞരമ്പുകളെ ,ജീവ സ്വപ്നങ്ങളെ പുനര്‍ജനിപ്പിക്കാനായി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്ന ഡോക്ടര്‍ മാര്‍ ഇടയ്ക്കു പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ നേര്‍ത്ത പ്രത്യാശയുടെ വെട്ടം പോലുമില്ലാതിരുന്നിട്ടും ആരുടെയൊക്കെയോ പ്രാര്‍ത്ഥനകള്‍ അവളുടെ ജീവന്റെ ചെരാതിനെ കെടാതെ കൈ അണച്ച് പിടിയ്ക്കുമെന്നു വെറുതെ പ്രത്യാശിച്ചിരുന്നു ,ആ കുടുംബത്തിന്റെ വേദനകള്‍ക്കൊപ്പം..
                                                                                                                                                                                                 
 ഫെബ്രുവരി മൂന്ന്:

കുറ്റവാളി പിടിക്കപ്പെട്ടു .തമിഴ്നാട്ടിലെ ഈ  കൊടും കുറ്റവാളി,അവിടുത്തെ പോലിസ് നിരീക്ഷണം ശക്തമാക്കിയപ്പോള്‍ കണ്ടെത്തിയ സുരക്ഷിതവും വളക്കൂറുള്ളതുമായ ഇടമായിരുന്നു,നമ്മുടെ കേരളം!
രണ്ടു മാസക്കാലമായി തടസ്സങ്ങള്‍ ഇല്ലാതെ പിടിച്ചു പറിയും കുറ്റ കൃത്യങ്ങളുമായി അവന്‍ ഇവിടെയൊരു സാന്നിധ്യമായിരുന്നു ..
വാര്‍ത്ത പറഞ്ഞു :പുതിയ സ്വപ്നങ്ങളുമായി  യാത്ര പുറപ്പെട്ട അവളെക്കുറിച്ച് .പഠനത്തില്‍ മിടുക്കി ,തുടര്‍ പഠനത്തെ സാമ്പത്തിക ബാധ്യതകള്‍ ഞെരുക്കുമ്പോള്‍ അമ്മക്കൊപ്പം കുടുംബത്തിന്‍റെ ബാധ്യതകള്‍ ഏറ്റെടുത്തവള്‍,ജോലിയില്‍ നിന്നും സ്വരൂപിക്കുന്ന ചെറു തുകകള്‍ സ്വരൂപിച്ചു പഠനം മുഴുമിക്കുന്നത് സ്വപ്നം കണ്ടവള്‍ ,കുഞ്ഞൊരു വീട് പണിയുന്നത് സ്വപ്നമായി കൊണ്ട് നടന്നവള്‍..
അതിനൊക്കെ ഇടക്കാണ്‌ പുതിയൊരു ജീവിതമെന്ന പ്രതീക്ഷയും പേറി ജോലിയിടത്ത് നിന്നും ഒരു പെണ്ണ് കാണല്‍  ചടങ്ങിനായി അവള്‍ വീട്ടിലേക്കു പുറപ്പെട്ടത്‌ .യാത്ര തീരാറാവുമ്പോഴേക്കും പെണ്‍ കമ്പാര്‍ട്ട്മേന്ടില്‍ അവള്‍ ഒറ്റയാകുന്നു .
ഇരയാക്കപ്പെടുകയായിരുന്നു.
ആക്രമിച്ചത് പണത്തിനു വേണ്ടിയായിരുന്നെന്നു കുറ്റ സമ്മതം ചെയ്ത കുറ്റവാളി ,അവളുടെ കൈയിലുണ്ടായിരുന്നത് ചെറു തുകയും പഴയ ഒരു സെല്‍ഫോണും ആണെന്ന തിരിച്ചറിവിന്‍റെ ,നിരാശയില്‍,അവളുടെ ചെറുത്തുനില്‍പ്പുണര്‍ത്തിയ പകയിലാണത്രെ അവളുടെ മാനത്തെ ,ജീവനെ ,ചതച്ചരച്ചത് ...
ചോര മണക്കുന്ന ,ജീവന്റെ പാതിയറ്റൊരു പെണ്കുഞ്ഞിനോട്,അവളുടെ നിഷ്കളങ്കതയോട്‌ ,ദൈന്യതയോട് അവനെന്തു  കാരുണ്യം ?
ഫെബ്രുവരി നാല് :

അവളെക്കുറിച്ച് നേര്‍ത്ത പ്രത്യാശ പകരുന്ന വൈദ്യ ശാസ്ത്ര ക്കുറിപ്പുകള്‍.
എങ്ങനെയാണ് ഇനിയെന്‍റെ പെണ്‍ കുഞ്ഞുങ്ങളെ ചിറകില്‍ ഒതുക്കേണ്ടതെന്നു ആശങ്കപ്പെടുന്ന അമ്മമാരെ ,സുരക്ഷിതത്വമെന്ന ഭീതി വല്ലാതെ ചൂഴ്ന്നു തുടങ്ങിയ പെണ്‍കുഞ്ഞുങ്ങളെ ,കണ്ടു. പോയൊരാഴ്ചയില്‍ രാതി വണ്ടിയിറങ്ങിയ മകളെ ചേര്‍ത്ത് പിടിച്ചു പ്ലാട്ഫോമിന്‍റെ വെളിച്ചത്തിലൂടെ നടക്കെ അവളെ വലിച്ചിഴക്കാന്‍ ശ്രമിച്ച അജ്ഞാതമായ കൈകളെക്കുറിച്ച് പിടഞ്ഞ അരക്ഷിതനായ ഒരു അച്ഛന്‍റെ ഭീതികള്‍ കേട്ടു.
ഫെബ്രുവരി അഞ്ച്‌:

മരണത്തിനും ജീവിതത്തിനുമിടയിലെ അനിശ്ചിതത്വത്തിലേക്കു വീണ്ടുമവള്‍ ഊര്‍ന്നു പോയിരിക്കുന്നു .
തിരികെ ജീവിതത്തിലേക്ക് മടങ്ങിയാല്‍ ഇതേ സമൂഹം അവളെ എങ്ങനെ സ്വീകരിക്കുമെന്ന വേവലാതിയോടെ ,ആശങ്കയോടെ,വേദനയോടെതന്നെ ഇപ്പോഴും അവള്‍ക്കു വേണ്ടി ആരൊക്കെയോ പ്രാര്‍ഥിക്കുന്നുഎങ്കിലും ..
''she is our sister
she belongs to our family
she is  the hope of tomorrow ,
who was fated for the shornur train incident 
lets hold our hands  together  
ആന്‍ഡ്‌ fuelled by  love  and  concern
prior  to her grief and pain
please  join  in  this  chain  and  pass  it ..
-stop violence against women "..
ഫെബ്രുവരി ആറ് വൈകിട്ട് ഓരോ സെല്ലിലേക്കും വന്നു കൊണ്ടിരുന്ന ഈ സന്ദേശം നിങ്ങളില്‍ പലരുടെയും ഇന്ബോക്സുകളില്‍ ഇപ്പോഴും ശേഷിപ്പുണ്ടാവാം .തുടര്‍ന്ന് വന്നു കാണും ആധി പിടിച്ച ഒരു അച്ഛന്‍റെ ,അമ്മയുടെ ,കൂട്ടുകാരന്‍റെ,കൂട്ടുകാരിയുടെ ,റെയില്‍ അലേര്‍ട്ട് നമ്പറുകള്‍ സൂചിപ്പിക്കുന്ന നീളന്‍ സന്ദേശങ്ങള്‍ ..
കേരളത്തിലെ പെണ്‍കുട്ടികള്‍ മാത്രമല്ല,അമ്മയോ ഭാര്യയോ ,മകളോ ,അനിയത്തിയോ ,മുത്തശ്ശിയോ ഉള്ള,അവരെ അവരായി കാണുന്ന ഓരോരുത്തരും നിശ്ശബ്ദം ഉള്ളിലേറ്റുന്ന ഒരാധികൂടി ആ സന്ദേശങ്ങള്‍ പേറിയിരുന്നു..
-ഞെട്ടിച്ചുകൊണ്ട് സന്ധ്യാ വാര്‍ത്ത ഫ്ലാഷ് വാര്‍ത്ത തന്നു.
ആ പെണ്‍കുട്ടി മരിച്ചതായി.
ഒരു നിമിഷം അവളുടെ മുഖം .
തകര്‍ന്നു തരിപ്പണമായ ഒരച്ഛനെ ,അമ്മയെ ,അനുജനെ ...
വൈദ്യശാസ്ത്രത്തി ന്‍റെ പരിധികള്‍ തീര്‍ന്നിരിക്കുന്നു. പ്രാര്‍ത്ഥന കളുടെയും .
ഒരു പാവം പെണ്‍കുട്ടിയുടെ ചെറിയ ജീവിടത്തി ന്‍റെ ,സ്വപ്നങ്ങളുടെ ..
ഫെബ്രുവരി ഏഴ്

ഹര്‍ത്താല്‍ ആണ് അവളുടെ നാട്ടില്‍ .റെയില്‍വേ ക്ക് തെറ്റ് പറ്റിയില്ലെന്നു ആണയിട്ടു പറഞ്ഞ മന്ത്രി ധന സഹായം പ്രഖ്യാപിച്ചിരിക്കുന്നു .പെണ്‍ കംബാര്‍ത്ടുമെന്റില്‍ പുരുഷന്മാര്‍ കയറുന്നത് സ്ത്രീകളുടെ അനാസ്ഥ കാരണമെന്ന് റെയില്‍വേ യുടെ സത്യവാങ്ങ്മൂലം .
ചില സ്റ്റേഷന്‍ ഒറ്റപ്പെട്ട ആക്രമണങ്ങളെ നേരിട്ടു.കറുപ്പന്‍ ബാഡ്ജു കുത്തി ,നിരാഹാരമാചരിച്ചു,ദുഖവും പ്രതിഷേധവും പറയുന്ന വനിതാ സംഘടനകള്‍ ...
വരും ദിവസങ്ങളില്‍ മന്ത്രിമാരും പ്രമുഖരും അവളുടെ കുഞ്ഞു വീട് സന്ദര്ശിക്കാനിരിക്കുന്നു..
കൂടുതല്‍ ധന സഹായം പ്രഖ്യാപിക്ക പ്പെടാം .ചാനലുകളില്‍ സ്ത്രീ സുരക്ഷ സജീവ ചര്‍ച്ചയാവും -അല്‍പ്പ നാള്‍ .
പിന്നെ പരിചയിച്ചു പഴകുന്ന എല്ലാ ഭീതികളോടും എന്നാ പോലെ സമൂഹം ഇതുമായും പൊരുത്തപ്പെടും .രാത്രി തീവണ്ടികള്‍ പോയ്ക്കൊണ്ടേ യിരിക്കും .ഏകാന്ത യാത്രികരായ പെണ്‍കുട്ടികള്‍ യാത്ര തുടരും ."അപൂര്‍വങ്ങളില്‍ അപൂര്‍വ്വ" മാകണം എന്നില്ല ഈ സംഭവം.പ്രതിക്ക്,അര്‍ഹിക്കുന്ന ശിക്ഷ കിട്ടും വിധം .ഒരു ഗോവിന്ദ ചാമി ഇപ്പോള്‍ നിയമത്തിന്‍റെ പരിധിയിലാണ്
നിയമത്തിന്‍റെ കണ്മുംബിലൂടെയും കണ്ണ് വെട്ടിച്ചും ഇര കാത്തും പതുങ്ങിയും എത്രയോ ഗോവിന്ദചാമിമാര്‍..ജാഗ്രത ..
ഫെബ്രുവരി എട്ട്:
ചേച്ചിയുടെ ചിത കൊളുത്തിക്കഴിഞ്ഞു ഉള്ളുലഞ്ഞു കരയുന്നൊരു അനുജന്‍റെ പടമുണ്ട് പത്രത്താളില്‍ .
മനസ്സാക്ഷി ഒരു ക്ലിഷേ പദം അല്ലെങ്കില്‍ ഈ വേദന നമുക്ക് ഉള്‍ക്കൊള്ളാതിരിക്കാന്‍ ആവില്ല .

തുണ്ട് :
ഏറെ നിയമങ്ങളുണ്ട് നമ്മുടെ നാട്ടില്‍ പെണ്‍ സുരക്ഷയ്ക്ക്.ഈയിടെ പാസ്സാക്കിയ ഒരു ബില്ലടക്കം ..
അവയെല്ലാം എത്രത്തോളം സുരക്ഷ ഉറപ്പിക്കുന്നു?
ഷോര്‍ണൂര്‍ സംഭവം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ തീവണ്ടികളില്‍ പലവിധ  ആക്രമണങ്ങള്‍ നടന്നു ..
വാല്‍ തുണ്ട് :

രാത്രി വണ്ടികളില്‍ സ്ത്രീകള്‍ കുറയുന്നതായി ഈയിടെ ഒരു പത്ര റിപ്പോര്‍ട്ട്‌ ....

Saturday, March 26, 2011

താളവൃത്തം (കുറിപ്പുകള്‍ )

രണ്ടായിരത്തേഴു ജനുവരി 25 ലെ ഹിന്ദു പത്രം കിഴക്കന്‍ ബംഗാളിലെ പക്ഷിപ്പനിപ്പടര്‍ച്ചയെക്കുറിച്ച് ഒരു വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തു കണ്ടിരുന്നു.പഴയൊരു പുസ്തകത്തിന്‍റെ പുറം പൊതിയിലായിരുന്നു ,അത് .ആരോഗ്യ പ്രവര്‍ത്തകര്‍ വീട് വീടാന്തരം ചെന്ന് ബോധവല്‍ക്കരണം നടത്തുന്നതിനെക്കുറിച്ചും വളര്‍ത്തു പക്ഷികളെ കൂട്ടത്തോടെ കൊന്ന്ഒടുക്കുന്നതിനെക്കുറിച്ചും പനിപടരാതിരിക്കാന്‍ അവലംബിക്കുന്ന മറ്റു മാര്‍ഗങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു .പല നാടുകളിലായി പക്ഷിപ്പനി ഭീതി പടര്‍ത്തിയിരുന്ന കാലത്തേതാണ് പത്രം .

             അരുണ്‍ ഖോഷ് ചൌധരി എന്ന ഫോട്ടോഗ്രാഫെര്‍ പകര്‍ത്തിയ , റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരുന്ന ഒരു ചിത്രം വല്ലാതെ ഉള്ളു തൊട്ടു. ഒരു ബംഗാളി മധ്യവയസ്ക്ക ,സ്വന്തം താറാവ് കുഞ്ഞുങ്ങളെ കണ്ണോടു ചേര്‍ത്ത് ഉള്ളു പൊട്ടി കരയുകയാണ്...നിസ്സഹായതയോടെ അവരോടു ചേര്‍ന്നിരിക്കുന്ന ഒരു പറ്റം താറാവുകുഞ്ഞുങ്ങള്‍...ഗവ .നിര്‍ദേശ പ്രകാരം അവയെ നശിപ്പിക്കാനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുക്കേണ്ടി വരും മുമ്പ് എടുത്ത ചിത്രമാണ്‌ അത് .വിട്ടു കൊടുക്കുന്നത് സ്വന്തം ജീവനാണെന്ന പോലെ ആ പൊട്ടിക്കരച്ചില്‍ വല്ലാതെ പൊള്ളിക്കുന്നതായി.

            വളര്‍ത്തു മൃഗങ്ങളോടൊരു മമതയുമില്ല എനിക്ക് .അതുകൊണ്ടാവണം മൃഗങ്ങളും മനുഷ്യരും തമ്മില്‍  ഈ മട്ടില്‍ ഒരാത്മ ബന്ധം എനിക്കൊരിക്കലും പരിചിതമായിരുന്നില്ല.
എങ്കിലും ഈ ചിത്രവും നോക്കിയിരിക്കെ ഞാനെന്‍റെ പഴയൊരു സ്നേഹിതയുടെ വീടോര്‍മിച്ചു.പട്ടാമ്പിക്കടുത്തു നെല്ലായയിലുള്ള ഈ വീടാണ് മണ്ണും മനുഷ്യനും മൃഗങ്ങളും ചേര്‍ന്നുള്ള ഒരാത്മബന്ധത്തിന്‍റെ  വിസ്മയിപ്പിക്കുന്ന ചിത്രം എനിക്കാദ്യം തന്നത് .ശബ്ദങ്ങളാലും നിശബ്ദതയാലും തങ്ങളുടെ ആവശ്യങ്ങളും സങ്കടങ്ങളും സ്നേഹവും  ആഹ്ലാദങ്ങളും പറഞ്ഞും പങ്കുവച്ചും വേര്‍പ്പിരിയാനാവാത്തവിധം അവയെല്ലാം ആ വീടിന്‍റെ ഭാഗമായിരുന്നത് ..

വീടുപോലെ സദാ വൃത്തിയാക്കപ്പെട്ട തൊഴുത്ത്.പാര്‍പ്പുകാരായി ഗോമതിയും അവളുടെ കുട്ടനും .ഗോമതി പകര്‍ന്നിരുന്ന നെയ്യ് ,പാല് -എല്ലാറ്റിനും സ്നേഹത്തിന്‍റെ സൗരഭമാണെന്ന് അവിടുത്തെ ഉച്ച ഭക്ഷണ നേരങ്ങള്‍ ഓര്‍മിപ്പിച്ചിരുന്നു.
പുതിയഒരാളായി ഈ വീട്ടിലേക്കു ചെന്ന എന്നെ ഇവരോരോരുത്തരും പരിചയപ്പെട്ടു.ഗോമതിയും കുട്ടനും മാത്രമല്ല ,സ്വത്വവും പേരുമുള്ള അംഗങ്ങള്‍ വേറെയും ഉണ്ടായിരുന്നു.കുഞ്ചു എന്ന വിറപ്പിക്കുന്ന കുരയുള്ള ശുനകന്‍ .കൈകൂപ്പി നമസ്ക്കാരം പറയും അവന്‍ .എന്‍റെ പേടിയാലാവണം തുടക്കം  മുതല്‍ക്കുണ്ടായിരുന്നു ,ഞങ്ങള്‍ക്കിടയിലെ അനിഷ്ടങ്ങള്‍ .ഊണ് കഴിക്കുമ്പോള്‍ വീട്ടുകാര്‍ക്കൊപ്പമായിരിക്കാറുള്ള അവനെ എന്‍റെ സാന്നിധ്യം പുറത്താക്കുന്നത് അവനെ വേദനിപ്പിച്ചിരിക്കണം.

          ഇനി പൂച്ചപ്പടയാണ്.വളര്‍ത്താനായി വാങ്ങിച്ചവയല്ല ,അഭയം ചോദിച്ചു വന്നവരാണ് ,സീമ മുതല്‍ സ്പോടി വരെയുള്ള ആണ്‍ പെണ്‍ പൂച്ചപ്പട .ഓരോ പൂച്ച  പേരിനു പിന്നിലും കാണും ഒരു കഥ.കൃത്യമായ അര്‍ത്ഥവും സ്നേഹ വാത്സല്യങ്ങളും .

..ചാത്തന്‍ ,കറുത്ത സുന്ദരി ,വെളുത്ത സുന്ദരി ,_ഒക്കെ കോഴികളാണ് .മുറ്റത്തും തൊടിയിലും പാടത്തുമൊക്കെ സദാ കൊത്തിപ്പെറുക്കിയും തര്‍ക്കിച്ചും സമരസപ്പെട്ടും ഈ വീടിന്‍റെ ഭാഗമായിരുന്ന അവകാശികളില്‍ ആര്‍ക്കെങ്കിലും സുഖക്കേട്‌ വന്നാല്‍ ,ആരെയെങ്കിലും കാണാതായാല്‍ ആകെ വെപ്രാളപ്പെടുന്ന, സങ്കടമാകുന്ന ,ഒരു അച്ഛന്‍റെ,അമ്മയുടെ ,മൂന്നു മുത്തശിമാരുടെയും ചിറകുകള്‍ക്ക് കീഴില്‍ എത്ര സ്വസ്ഥരായിരുന്നു അവരൊക്കെ..

        ഓരോ മരങ്ങള്‍ക്കും ചെടികള്‍ക്കും പൂക്കള്‍ക്കും എന്തിനു ,വീണുപോകുന്ന ഇലകള്‍ക്ക് കൂടി സ്വത്വ മുണ്ടായിരുന്നു ഒരു കാലത്ത് ,നമ്മുടെ ജീവിതത്തില്‍ .പ്രകൃതിയും സര്‍വ്വ ജീവജാലങ്ങളും ഒന്നാകുന്ന താളൈക്യം-ഇനി നമുക്കെത്രയിടങ്ങളില്‍ കാണാനാവും?മണ്ണില്‍ ചവിട്ടുമ്പോള്‍ അറയ്ക്കുന്ന,വെളുത്ത സുന്ദരിക്കോ ചാത്തനോ സ്പോട്ടിക്കോ അനുമതി കൂടാതെ കയറി വരാനാവാത്ത ,ആകാശം തൊടുന്ന ഉയരക്കെട്ടിടങ്ങളെ സ്വപ്നം കാണുന്ന നമുക്കുള്ളില്‍,അല്ലെങ്കിലിപ്പോള്‍ അത്തരമൊരു താളൈക്യം മോഹിക്കുന്ന മനസ്സുണ്ടോ?

       ഏറെ കാലങ്ങള്‍ക്ക് ശേഷം നെല്ലായയിലെത്തുമ്പോള്‍ ,ഉച്ചയൂണിന്‍റെ ചൂടിലേക്കൊഴിച്ച നെയ്യ് ,വേണ്ടെന്നു നിഷേധിക്കെ ,'നമ്മുടെ ഗോമുവിന്‍റെ ഓര്‍മ്മയാണ് ഇതെ'ന്ന്  സങ്കടമാകുന്ന ഈ വീട് ..ഗോമതിയെന്ന അമ്മപ്പശു അതിനകം മരിച്ചു പോയിരുന്നു.(--ഈ വീടിന്‍റെ ഭാഷയില്‍ ._.....നമുക്ക് മൃഗങ്ങള്‍ ചാവുകയാണല്ലോ.രണ്ടാം കിട മരണങ്ങള്‍ .)
     ഗോമുവിന്‍റെ വാത്സല്യം ചേര്‍ത്ത് ഉണ്ണുമ്പോള്‍ എനിക്കും എന്തെന്നില്ലാത്ത ഒരു സങ്കടം തോന്നി .
ഞാനും എപ്പോഴൊക്കെയോ ഈ താളവൃത്തത്തിന്‍റെ ഭാഗമായിരുന്നല്ലോ....

Saturday, February 5, 2011

കുറുമ്പേട്ടത്തി (ഓര്‍മ്മക്കുറിപ്പ് )

മഴക്കൊപ്പമാണ്‌ കുറുമ്പേട്ടത്തി  വരിക .വെറുതെയാവില്ല. ഇടക്ക് മഴ വഴികളില്‍ വീണുരുണ്ടു ഉളുക്ക് പറ്റുമ്പോള്‍ ,ചതവ് പറ്റുമ്പോള്‍ സ്നേഹം തൊട്ടുഴിഞ്ഞു (എണ്ണക്ക് സ്നേഹം എന്നും പറയാമല്ലോ) ഒരത്ഭുതം പോലെ സുഖപ്പെടുത്താനായി .
             മഴ പെയ്തു പെയ്ത് പച്ച കെട്ടിയ തൊടികളിലൂടെയും മുറ്റത്തും ഞങ്ങള്‍ കുട്ടികള്‍ കളിച്ചാര്‍ത്തു നടക്കും . മഴവെള്ളം തെറിപ്പിച്ചാര്‍ത്തു കളിക്കും .മുറ്റത്ത്‌ ചെങ്കല്‍ ചീളുകളില്‍ മഴ ചുവപ്പിന്‍റെ പല വകഭേദങ്ങള്‍ തീര്‍ക്കും. മുറ്റത്തും തൊടിയിലും ഉള്ളിലുമാകെ പെരുമഴ.
എപ്പോഴാണ് കാലു തെറ്റുകയെന്നറിയില്ല. (വഴുക്ക് കാലത്ത് മാത്രമുള്ളൊരു കാല്‍പ്പന്തു കളിയുമുണ്ടായിരുന്നു.-എന്‍റെ ഗവേഷണ ഫലം .)വീണു കഴിഞ്ഞാല്‍ പക്ഷെ പഴയ ധൈര്യമൊന്നുമുണ്ടാവില്ല . ചെമന്നു കീറിയ കാല്‍മുട്ട് നിവര്‍ത്താനും   മടക്കാനുമാവാതെ നിലവിളിച്ചും മരുന്ന് വക്കാന്‍ വരുന്നവരോട് ഗുസ്തി പിടിച്ചും ...
ചിലപ്പോളൊക്കെ ചതവോ ഉളുക്കോ പറ്റും .കൈക്കോ കാലിനോ .
ഉളുക്കിനുഴിയണം .സമ്മതിക്കാന്‍ വാഗ്ദാനം ലോസന്ജര്‍ മിട്ടായിയാവും.ലോസന്ജരും ഉളുക്ക് വേദനയും തമ്മിലൊരു ഗുസ്തി നടക്കും .ഒടുക്കം കൊതിയും ലോസാന്ജരും ജയിക്കും.
പിന്നെ, കുറുമ്പേട്ടത്തിയുടെ വരവായി .
മേല്‍ക്കുപ്പായമുണ്ടാവില്ല .കഴുത്തില്‍ പിരിച്ചു കെട്ടിയൊരു കറുപ്പന്‍ ചരട് . ചുളുങ്ങിയ ,കറുത്ത് തിളക്കമുള്ള തൊലി .സൌമ്യമായ ,സദാ ഒരു ചിരി ഒളിച്ചു പാര്‍പ്പുള്ള മുഖം .കാതില്‍ തിളക്കംവറ്റാറെയില്ലാത്ത ചെമപ്പ് കടുക്കന്‍. അതിന്‍റെ  കനം കാരണം കീറിപ്പോയ വലിയ കാതോട്ട .
പഴയ നരച്ച ശീലക്കുട മടക്കി ഉമ്മറത്തേക്ക് കയറുമ്പോള്‍ കുറുമ്പേട്ടത്തിയും മുക്കാലും നനഞ്ഞിരിക്കും .ദേഹത്താകെ ജലത്തരികള്‍ പറ്റിക്കിടക്കും .
കുട്ടികളെ വലിയ ഇഷ്ടമാണ് കുറുമ്പേട്ടത്തിക്ക്  . എല്ലാവരോടും വലിയ ഇഷ്ടമാണ്.
     തോളിലെ വെള്ളതോര്‍ത്തു ഒന്ന് കുടഞ്ഞു , ജനാലക്കല്‍ ഞാത്തിയിട്ടു പിന്നെ പുകയിലക്കറ പറ്റിയ പല്ല് മുഴുക്കെ കാട്ടി വാത്സല്യത്തോടെ ഒരു ചിരിയാണ്. ആ ചിരി എല്ലാവരെയും ചിരിപ്പിക്കും. ഉളുക്കുകാരിക്ക് മാത്രം ഉള്ളു കിടുക്കും.ബാക്കിയെല്ലാര്‍ക്കും നല്ല രസമാവും കുറുമ്പേട്ടത്തി വര്‍ത്തമാനം തുടങ്ങിയാല്‍ .
    അങ്ങനെ തുടങ്ങും ഓരോരോ കഥകള്‍ ..കൂട്ടത്തില്‍ ഉളുക്കുകാരിയോട് തന്ത്രപൂര്‍വ്വം ചോദിക്കും :''എവിടെ വീണത്‌ കുട്ടി? വേനയുണ്ടോ?ഇവിടെ? ..ദാ..ഇവിടെ ?"...
..ഇവിടെ..?
അങ്ങനെയങ്ങനെ ചോദിച്ചു ചോദിച്ചു വേദനയിടം തൊട്ടു കണ്ടെത്തും. എങ്ങനെയാനെന്നറിയില്ല ,നിഷേധവും കരച്ചിലുമൊന്നുമില്ലാതെ അങ്ങനങ്ങിരുന്നു പോകും .കഥകളാകട്ടെ നമ്മെ എവിടെയൊക്കെയോ കൈ പിടിച്ചു കൊണ്ട് പോകും.  അതൊരു വല്ലാത്ത കഴിവാണ് .ഇടക്ക് ''കുറുമ്പേട്ടത്തി സ്പെഷ്യല്‍ '' ഉളുക്കെണ്ണ (--അതിനു തൊടിപ്പൂക്കളുടെ മണമാണ് .സുഖമുള്ള ചൂടും -)പതിയെ വേദനയിടങ്ങളില്‍ തിരുമ്മിപ്പിടിപ്പിക്കും.ചെറു ചെറു വേദനകള്‍ക്കിടെ രസമുള്ള കഥകള്‍ വരും .പറഞ്ഞു തീരും മുമ്പേ പേശികളുടെ ,ഞരമ്പുകളുടെ ,വേദന ഒളിച്ചിരിക്കുന്ന ഇടങ്ങളിലൂടെ എണ്ണയുടെ ഇളം ചൂടാര്‍ന്ന കൈവിരലുകള്‍ കടന്നു പോകും. പിണഞ്ഞ ഞരമ്പുകളും ചതവ് പറ്റിയ പേശികളുമൊക്കെ വേദന മാഞ്ഞു ഉഷാറാകും.
''തീര്‍ന്നു. വേദന ഞാനെടുത്തു'' . കുറുമ്പേട്ടത്തി പറയും .
'ഇതിനോ ഞാന്‍ കരഞ്ഞു 'എന്ന നാണക്കേടാവും  ഉളുക്കുകാരിക്ക്.
'ഒന്നും സാരമില്ലെ'ന്നോരിളംചിരി തന്ന്‌, വലിയ കുട നീര്‍ത്തി കുറുമ്പേട്ടത്തി വീണ്ടും മഴയിലേക്കിറങ്ങും.കുറുമ്പേട്ടത്തിക്ക് പിന്നാലെ ഞങ്ങള്‍ വീണ്ടും മഴക്കുട്ടികളാകും.
-ഉളുക്കട്ടെ ,ചതയട്ടെ ..
എല്ലാ വേദനകളെയും വാത്സല്യത്തോടെ തൊട്ടെടുക്കാന്‍  കുറുമ്പേട്ടത്തി വരുമല്ലോ..

Thursday, January 27, 2011

മധു, കുട്ടിക്കാലം,ഒരോര്‍മ്മച്ചിന്ത്‌. (അനുഭവക്കുറിപ്പ് )

എന്നെന്നുംപച്ചയായിരിക്കുന്ന കുറച്ചു ഓര്‍മകളെഉള്ളു നമുക്ക്.  
ഒന്ന് തിരിഞ്ഞു നോക്കുക..കുപ്പിവളച്ചിന്തുകളുംകുന്നിമണികളുടെ കറുപ്പുചോപ്പും  ചേമ്പിലത്തുള്ളികളുടെ,ഒടുങ്ങാത്തവിസ്മയവും,എത്രഒളിപ്പിച്ചാലും അബദ്ധത്തിലെപ്പോഴും മാനംകണ്ടുപോകാറുള്ള മയില്‍പീലിച്ചിന്തുകളും മഷിതണ്ടിന്‍റെ   നനവും പള്ളിക്കൂടത്തിലേക്കുള്ള മഴ ചിന്നുന്ന ഊടു വഴികളും, വഴിയെയെന്നും പേടിപ്പിക്കാന്‍ കാത്തുനിന്ന പ്രാന്തനും മുറുകെ  കോര്‍ത്ത്‌ പിടിച്ച കൂട്ടുകാരിയുടെകൈവിരല്‍തുമ്പിന്‍റെ ഇളംചൂടും,പറഞ്ഞും കേട്ടും നേരം പോകുമ്പോള്‍ കൂട്ടമണിതീരുംമുമ്പേ,ഓടിയെത്താനുള്ളകിതപ്പില്‍ വീണുരുണ്ടു പൊട്ടി,ചോരചിന്നുന്ന കാല്‍മുട്ടും കമ്മ്യൂണിസ്റ്റ്‌ അപ്പയുടെ പച്ചയിലേക്ക് കണ്ണിമക്കാതെ നോക്കി വേദന മാറ്റാനുള്ള മന്ത്രവും എത്രകൂട്ടിയാലും കൂടിചേരാത്ത കണക്കിന്‍റെകുറുമ്പും,കാതിലെകണക്ക്മാഷിന്‍റെ ചെളിനഖങ്ങളുടെചന്ദ്രാകൃതിപ്പാടും,കളിമൈതാനവും മുളംകാട്ടില്‍  ഒളിഞ്ഞിരുന്നു കുഴലൂതിയിരുന്ന കാറ്റും കണ്ണുപൊത്തിക്കളികളും കൂട്ടമണി തീരുംമുമ്പേ ഞാന്‍മുന്പിലെന്നുകുടമറന്നോട്ടങ്ങളുംജൂണിലെ പെരുമഴ കുതിര്‍ത്തൊരു  കുഞ്ഞിപ്പക്ഷിയായി വീടെത്തുന്നതും   ...ഒക്കെയും അവിടെയില്ലേ?എങ്ങും പോവാതെ..എങ്ങും കൊണ്ടു കളയാതെ...?
                 മധുവും ഒരോര്‍മയാണ് . ഏറ്റവും പച്ചച്ചുപച്ചച്ച ഓര്‍മകളുടെ കുട്ടിക്കാലത്തിന്‍റെ  നേര്‍ത്ത വേദനയുടെ ഒരോര്‍മ..
          വീട്ടില്‍ നിന്നും ഏറെയൊന്നും ദൂരെയല്ലാത്ത സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ ഞാന്‍ ഒന്നംക്ലാസ്സുകാരിയായപ്പോള്‍ മുതല്‍ അവനുണ്ടായിരുന്നു കൂടെ.നേര്‍ത്തൊരു ബുദ്ധി മാന്ദ്യം പകര്‍ന്ന അധിക നിഷ്കളങ്കതയും അടച്ചു ചേര്‍ത്ത് പിടിക്കാനാവാത്ത സദാ വല്ലാതെ തുറന്നിരുന്ന വായിലൂടെ ഊര്‍ന്നു വീണുകൊണ്ടിരുന്ന ഉമിനീരിന്‍റെ  നൂലുകളും ചപ്രത്തലമുടിയും അവ്യക്തമായ വാക്കുകളും ചേര്‍ന്നാല്‍ മധുവായി. ഭാവഹാവാദികള്‍ കൊണ്ട് എപ്പൊഴും വേറിട്ട്‌ നിന്നു അവന്‍ മറ്റുള്ളവരില്‍ നിന്നും ..എങ്കിലും അവന്‍ ഒറ്റക്കായിരുന്നില്ല .കളികള്‍ക്ക് കുട്ടിമനസ്സുകള്‍ക്ക് ഏകത യുടെ ഒരു നിഗൂഢ ഭാഷ ഉള്ളതിനാലാവാം ആരും അവനെ ഒററയാക്കിയില്ല. അവനാവട്ടെ, അപ്പോഴും കളിക്കാന്‍ ഇഷ്ടപ്പെട്ടു. സ്കൂളിന്‍റെ  പിന്പുറത്തെ ചെറിയ ചതുരമൈതാനത്ത്‌ കളി നേരങ്ങളില്‍ അവന്‍ ആര്‍ത്തു നടന്നു..മറ്റാരെക്കാളും വേഗത്തില്‍ ഓടി. ഓടുമ്പോള്‍ അടച്ചു പിടിക്കാനാവാത്ത വായും സാമാന്യത്തിലേറെ നീളമേറിയ നാക്കും അവനെ വല്ലാതെ കിതപ്പിച്ചു. എനിക്കിഷ്ടമായിരുന്നു, വേഗത്തിലോടാന്‍. കാറ്റിനെക്കാളെറെയേറെ വേഗത്തില്‍. ഞാനൊരിക്കലും ആരെയും ഓടി ജയിക്കില്ല. നാലാം ക്ലാസില്‍ എത്തുമ്പോള്‍ പക്ഷെ ഒന്നുണ്ടായി. ആരൊക്കെയോ ചേര്‍ന്ന് എന്നെ സ്കൂള്‍ ലീഡര്‍ ആക്കി. ജനാധിപത്യവും തെരഞ്ഞെടുപ്പും ഒന്നും ഇല്ല. നന്നായി പഠിക്കുകയും ഗൃഹപാഠം ചെയ്യുകയുമായിരുന്നു മല്‍സര യോഗ്യത. അപ്രകാരം ഞാനും മറ്റു ചില കുട്ടികളും മത്സരിപ്പിക്കപ്പെട്ടു. .ഓരോരുത്തരെയും പിന്‍തുണക്കുന്നവരോടു കൈയ് ഉയര്‍ത്താന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു .എന്നെ തുണക്കാന്‍ ആരൊക്കെയോ കൈ ഉയര്‍ത്തി.കൂട്ടത്തില്‍ എന്നോടുള്ള വലിയ ഇഷ്ടം പോലെ കൈകള്‍ രണ്ടുമുയര്‍ത്തി മധു ,വോട്ടെണ്ണല്‍ തീര്ന്നും കൈ താഴ്ത്തിയിടാന്‍ കൂട്ടാക്കാതെ ..
അങ്ങനെ പേടിച്ചും വിറച്ചും ഞാന്‍ സ്കൂള്‍ ലീഡര്‍ ആയിത്തീരുകയും ദിനംപ്രതി പ്രതിജ്ഞ ചൊല്ലുകയും അസംബ്ലിയില്‍ വിഷയമവതരിപ്പിക്കുകയും ....മധു എപ്പൊഴും  കളിച്ചു  കൊണ്ടിരുന്നു.. ക്ലാസ്സിനകത്തുംപുറത്തും ..
            ഒരു ദിവസം ഏതോ ഒരു സന്നദ്ധ സംഘടന ,സ്കൂളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് യുണിഫോം എന്നൊരു വാഗ്ദാനവുമായിഎത്തി. സ്കൂള്‍ തുറന്നു മാസങ്ങള്‍ പിന്നിട്ടിരുന്നു.സ്കൂളില്‍ അന്ന് യുണിഫോം നിര്‍ബന്ധമായ ഒന്നായിരുന്നുമില്ല .എന്തായാലും ഒരു വലിയ കെട്ട് യുനിഫോമുകള്‍ --ഒക്കെയും ഭീമമായ അളവില്‍ തൈപ്പിച്ചവ , സ്കൂളില്‍ എത്തി ഒരു വണ്ടിയില്‍. തീര്‍ന്നില്ല ,കൊടുക്കുന്നതെല്ലാം പലചെവികള്‍ അറിയണമെന്ന് നിര്‍ബന്ധം ഉള്ളത് കൊണ്ടാവാം ഒരസംബ്ലി സംഘടിപ്പിക്കനമെന്നും ഔപചാരികമായി ‘’പാവപ്പെട്ട കുട്ടികള്‍ക്ക്’’ അവ സമ്മാനിക്കണ മെന്നും തീരുമാനിക്കപ്പെട്ടു .
         ഉടുപ്പു വിതരണമായിരുന്നു. പാവപ്പെട്ടവര്‍ അല്ലാത്തവര്‍,അധ്യാപകര്‍ , ആ സംഘടനയുടെ പ്രതിനിധി,പിന്നെ ഉടുപ്പു വിതരണമെന്ന ചുമതല ഏല്‍പ്പിക്കപ്പെട്ട ഞാന്‍ എന്നാ കുഞ്ഞു നേതാവും. പാവപ്പെട്ടവരെ പേര് ചൊല്ലി വിളിക്കയാണ് . മധു ഒന്നാമന്‍. പിന്നില്‍ സാബിര,..ശ്രീജ..
ഉടുപ്പ് വാങ്ങാന്‍ എത്തിയവരെ സാകൂതം നോക്കി പാവപ്പെട്ടവരല്ലത്തവര്‍ ..പേര് വിളിച്ചു തീരും മുമ്പേ മധു വലിയ സന്തോഷത്തില്‍ ഓടിക്കിതച്ചെത്തി.വേഗത്തില്‍ ഉടുപ്പ് വാങ്ങിച്ചു,തിരികെ ഓടാന്‍ തുടങ്ങേ ആരോ അവനെ പിടിച്ചു നിര്‍ത്തി,തലയ്ക്കു കിഴുക്കി,ദേഷ്യത്തോടെ അലറി _തൊഴുതിട്ടു പോടാ..  നന്ദി കേള്‍ക്കാന്‍ സന്നദ്ധനായിരിക്കുന്ന പ്രതിനിധിയോടാണ് നന്ദി പറയേണ്ടിയിരുന്നത്. പരിഭ്രമിച്ചു പോയ മധു പക്ഷെ, കണ്ണീരോടെ ഓടിവന്നു കുനിഞ്ഞ്, എന്‍റെ  കാല് തൊട്ടു.നിര്‍വചിക്കാനാവാത്ത ഒരു ഭാവത്തോടെ എന്നെ നോക്കി തിരികെ പോയി. സങ്കടം കൊണ്ട് വിറച്ചു പോയഞാന്‍ ശേഷം അവനെ തിരഞ്ഞു...ഒറ്റയ്ക്ക് നേര്‍ത്തൊരു വിഷാദത്തോടെ കുപ്പായപ്പൊതിയുമായി മടങ്ങുകയായിരുന്നു അവന്‍.
 എങ്ങനെയാണു അവന്‍റെ   വിചാരങ്ങളുടെ വഴികള്‍ എന്ന് ഒരിക്കലും എനിക്ക് അറിയുമായിരുന്നില്ല.അവനു എന്നോട് ദേഷ്യം തോന്നിയിരുന്നുവോ എന്നും ..
               എനിക്ക് പക്ഷെ അവനോടു മാപ്പ് പറയണമായിരുന്നു. ഒരുപാടു പേരുടെ മുമ്പില്‍ വച്ച് അവനെ സങ്കട പ്പെടുത്തിയത് ഞാന്‍ കാരണമല്ലെന്നെന്കിലും ബോധ്യമാക്കേണ്ടിയിരുന്നു ..  .സാരമില്ലെന്നെന്കിലും പറയണമായിരുന്നു.. എന്‍റെ  അന്തര്‍മുഖത്വം പക്ഷെ അവനെ കാണുമ്പോഴെല്ലാം എന്നെ വല്ലാതെ നിശബ്ദയാക്കി. ഞാന്‍ അങ്ങനെ എന്തെങ്കിലും പറഞ്ഞിരുന്നുഎങ്കിലും അവനതു തിരിച്ചറിയാനാവുമായിരുന്നോ  എന്നെനിക്കറിയില്ല .
           ഏഴാം ക്ലാസ്സില്‍ വച്ച് മധു മരിച്ചു. കളിച്ചു മതിയാവാത്ത, കളികള്‍ക്കിടയില്‍ ആഹ്ലാടംകൊണ്ട് നിറയുമ്പോള്‍ കിതപ്പായി അപൂര്‍ണ്ണമായി പുറത്തു വന്നിരുന്ന വാക്കുകളില്ലാത്ത ശബ്ദങ്ങളായി ,ഒരു പക്ഷെ ,എന്നോടുള്ള വലിയ സൌഹൃദം പോലെ, എന്നെ പിന്തുണക്കുന്ന രണ്ടു ശോഷിച്ച കൈകളായി,---ഓര്‍മിചെടുക്കാം എനിക്കവനെ.
         ----മറക്കാനാവാത്തത്  കുനിഞ്ഞ് എന്‍റെ  കാല്‍ തൊടുന്ന മെല്ലിച്ച വിരലുകളാണ്..ഒരിക്കല്‍ മാത്രം കണ്ട അവ ന്‍റെ  നിറകണ്ണുകളാണ്.
_ ഞാന്‍,അവനോടു മാപ്പ് പറഞ്ഞില്ല.

Tuesday, January 11, 2011

സമീര പറയാതെ പോയത്

അന്ന് ,കരഞ്ഞുകൊണ്ടാണ് സമീര പോയത് .സ്കൂള്‍ മുറ്റത്തെ കുട്ടിപ്ലാവുകളോ,ചെങ്കല്‍മൈതാനമോ ,മഞ്ഞച്ചുവരുകളോ  , ഒരിക്കലും തുറന്നു കാണാത്ത സയന്‍സ് ലാബിലെ വിളര്‍ത്തു പൊടിഞ്ഞ അസ്ഥികൂടമോ ചൂരല്‍ വടിട്ടീച്ചര്‍മാരോ എട്ടു -കെ യിലെ കുട്ടികളോ കൂടെ കരഞ്ഞില്ല .അവരെന്തിനു  കരയണം? സ്കൂളിലെ ഹാജര്‍ പുസ്തകത്തില്‍ നിന്നും പേര് വെട്ടിപ്പോകുന്നത് സമീര മാത്രമായിരുന്നു. ആ ഒറ്റ പേരായിരുന്നു.  അവളുടെ കുട്ടിക്കളികളും തോന്ന്യാസം വിളികളും പ്രത്യേകിച്ചൊരു ലകഷ്യവും ഇല്ലാത്ത സ്കൂള്‍ വരവുകളും.
_സമീര മണവാട്ടി യാകുകയായിരുന്നു ...
  ദിവസും കാര്യങ്ങളും തീരുമാനിക്കപ്പെട്ടിരുന്നു.  നീളന്‍ പാവാടക്കും ബ്ലൌസിനും ചേരാത്ത ഓറഞ്ച് നിറത്തട്ടം കൊണ്ട് അവള്‍ തല മൂടിയിരുന്നു. എന്നത്തേയും പോലെ ചപ്രച്ച മുടി . സ്കൂളില്‍ നിന്ന് എന്നേക്കുമായി അവളെ പറിച്ച്  മാറ്റുന്ന കടലാസ്സുകള്‍ വാങ്ങാനായി ഉപ്പക്കൊപ്പം വന്നതായിരുന്നു അവള്‍ .അവളുടെ വിങ്ങിക്കരച്ചിലുകളിലേക്ക് നിസ്സംഗതയോടെ  ഒന്ന് നോക്കി ഉപ്പ മുന്നില്‍ നടന്നു .തിരിഞ്ഞു നോക്കിയും മൂക്കൊലിപ്പിച്ചും അവള്‍ പുറകെയും.

                   അവളെന്‍റെ  കൂട്ടുകാരിയായിരുന്നില്ല . ഒന്നുപറഞ്ഞാല്‍  അടുത്തതിനു പുലിക്കുട്ടിയാകും, അവള്‍ . ദേഷ്യം വന്നാല്‍ സ്വന്തമായി സൃഷ്ടിക്കുന്ന തോന്ന്യാസ വാക്കുകള്‍ കൊണ്ടും,പാട്ടുകള്‍ കൊണ്ടും പോരുതുന്നവള്‍.നേരെചൊവ്വേ വായിക്കാനും എഴുതാനും പിടിയില്ലാകയാല്‍ നിത്യവും ടീച്ചര്‍മാരുടെ  വഴക്ക് കേള്‍ക്കുന്നവള്‍..
പകരം വീട്ടലായി അവര്‍ക്ക് സുന്ദരന്‍ ഇരട്ടപ്പേരുകള്‍ സമ്മാനിച്ചു   രസിച്ചു കുലുങ്ങിചിരിക്കാറുള്ളവള്‍..
 അവളിനി ഒരിക്കലും സ്കൂളില്‍ വരാന്‍ പോകുന്നില്ല.
 സ്കൂള്‍ വിടുമ്പോള്‍ കിതച്ചോടി എല്ലാവരെയും തോല്‍പ്പിച്ചു ആദ്യം വീടെത്തില്ല. ചിലപ്പോഴൊക്കെ വല്ലാത്ത സ്നേഹം തന്നു കൂടെ നടക്കുന്നവരുടെ ബാഗു കൂടി ചുമന്ന്‌ .,വീട്ടിലെ ബുദ്ധിമുട്ടുകളെ കുറിച്ച് കരഞ്ഞ്‌,  ഏറെ നേരം മിണ്ടാതിരുന്നും  പിന്നെയും കാരണമില്ലാതെ പൊട്ടിച്ചിരിച്ചും  ,പുളിങ്കുരു വറുത്തു തോട് പൊട്ടിച്ചു  സദാ വായിലിട്ടു ക്ലാസ്സിലെ നിശബ്ദതയില്‍ കിര്‍ കിര്‍ ശബ്ദം കേള്‍പ്പിച്ചും , പുഴുങ്ങിയ പുളിങ്കുരു ശര്‍ക്കരപ്പാവില്‍  കുതിര്‍ത്തു തെരുതെരാ  തിന്നും ,പകുത്തും മഹാഗണി മരത്തിന്‍റെ  തിരിയന്‍വിത്തുകളെ ഊതിപ്പറത്തിയും എരുക്കിന്‍ കായ്കള്‍ പൊട്ടിപ്പരക്കാന്‍ കാത്തുനിന്നും..

          ടി സി കൊടുക്കാന്‍ സങ്കടപ്പെട്ടു നിന്ന ടീച്ചരിനോട്   വളരുന്ന സ്വര്‍ണ വിലയെക്കുറിച്ചും മറ്റു നാല് പെണ്‍കുഞ്ഞുങ്ങളെ ക്കുറിച്ചും അവള്‍ കടന്നു പോയി മാത്രം മറ്റുള്ളവര്‍ക്കായി കണ്ടെത്തേണ്ട വഴികളെക്കുറിച്ചും പറഞ്ഞു അവളുടെ ഉപ്പ കല്യാണം വിളിച്ചു .
അവള്‍ തിരിഞ്ഞുനോക്കി കരഞ്ഞു കരഞ്ഞു കടന്നു പോയി. ആരെങ്കിലും പിന്‍ വിളിക്കുമെന്ന പോലെ.ശര്‍ക്കരപ്പാവില്‍ കുതിര്‍ത്ത പുളിന്കുരുവും നെല്ലിക്ക തുണ്ടും നാരങ്ങ മിട്ടായികളുമായി  തിരികെ വരാനായി..
_ആരും വിളിച്ചില്ല.

പിന്നെന്നോ അവളുടെ കൂട്ടുകാരികള്‍ പറഞ്ഞു, അവര്‍ കല്യാണം കൂടിയെന്ന്.
സ്കൂളിലേക്ക് വരാന്‍ അവള്‍ കരയുന്നു എന്ന്..
പിന്നെയും കുറച്ചിട കഴിഞ്ഞു കേട്ട്ടു,അവള്‍ക്കു കുഞ്ഞായി എന്ന്  .
കുഞ്ഞുങ്ങളായെന്ന്..

ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് ഇപ്പോള്‍ അവളെയോര്‍ക്കുമ്പോഴും ഒന്നറിയാനാവുന്നില്ല.. .
-അവള്‍ എന്നാണ്  കുട്ടിയല്ലാതായത്?
ഒരിക്കലും അവസാനിക്കാത്ത ഒരു കുട്ടിക്കാലത്തിന്‍റെ  തുരുത്തില്‍ അവള്‍ അവളെ അവശേഷിപ്പിച്ചു പോയിക്കാണുമോ ?
അല്ലെങ്കില്‍ ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പായ കുട്ടിക്കാലത്തിന്‍റെ പൂമ്പാറ്റച്ചിറകുകള്‍ ഉരിഞ്ഞ്‌, അവള്‍ എന്നേക്കുമായി മുതിര്‍ന്നു കാണുമോ ?