അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Friday, November 18, 2011

പുസ്തക നിരൂപണം -''അനന്തപത്മനാഭന്റെ മരക്കുതിരകള്‍''-

                                    പുതു കാലത്തിന്റെ   പെണ്‍വ്യാകുലതകള്‍                                                 
                              (റഹ്മാന്‍ കിടങ്ങയം,വര്‍ത്തമാനംഞായറാഴ്ചപ്പതിപ്പ്,ഒക്ടോബര്‍10 )
                      
                                ലയാള കഥ അതിന്റെ സ്വത്വം നിലനിര്‍ത്തിപ്പോന്നത് സമകാലീന ജീവിതാവസ്ഥകളോട് ആഴത്തില്‍ പ്രതികരിച്ചു കൊണ്ടാണ്.ജീവിതമെഴുത്ത് ഒരേസമയം പ്രതിരോധവും പ്രതിബോധവുമായി മാറുമ്പോള്‍ സര്‍ഗാത്മകമായ ഉള്‍ക്കരുത്തിന്റെ കനം അതിനെ മികവുറ്റ കലാ സൃഷ്ടിയാക്കി മാറ്റുകയാണ് ചെയ്യുന്നത് .എഴുത്ത് അപ്പോള്‍ കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം ലകഷ്യ ബോധമുള്ള സാമൂഹ്യ പരിഷ്ക്കര ണായുധ മായി മാറുന്നുണ്ട് .എഴുതപ്പെടുന്ന ഇടങ്ങളുടെ പരിസര സവിശേഷതകള്‍ അതിനു തൂവലും തൊങ്ങലും വച്ച് കൊടുക്കുമ്പോള്‍ കഥയുടെ പരിപൂര്‍ണത കൂടി സാധ്യമാകുന്നു.
                                      ഷാഹിന ഇ.കെ'' അനന്ത പദ്മനാഭന്റെ മരക്കുതിരകള്‍ ''എന്ന പ്രഥമ സമാഹാരത്തിലൂടെ അത്തരമൊരു പരിപൂര്‍ണ്ണത നേടാന്‍ ശ്രമിക്കുകയാണ് .ദുഷിച്ചു നാറിക്കൊണ്ടിരിക്കുന്ന ജൈവ സാമൂഹ്യ പരിസരങ്ങളെ വാക്കുകളുടെയും ബിംബങ്ങളുടെയും സാര്‍ഥകമായ ഊര്‍ജ്ജം കൊണ്ട് പ്രതിരോധിച്ചു കഥയെഴുത്ത്‌ തനിക്കു പേനയുന്തല്‍ അല്ല എന്നു ഈ പെണ്‍കുട്ടി തെളിയിക്കുന്നുണ്ട് .ഓരോ കഥയും ജീവിതത്തിന്റെ വിയര്‍പ്പു നീരിനാല്‍ കുതിര്‍ന്നു അസ്വസ്ഥതകളുടെ ,ആകുലതകളുടെ കനല്‍ വഴികളെ നമുക്ക് മുന്നിലേക്ക്‌ തുറന്നു തരുന്നുണ്ട്.ജീവിതത്തെ മാറ്റി  നിര്‍ത്തിക്കൊണ്ട് തനിക്കു കഥയെഴുത്തില്ല എന്നു കഥാകാരി തന്റെ രചനകളിലൂടെ ഉറക്കെ പ്രഖ്യാപിക്കുന്നത് കാണാം .
            മിസ്ഡ് കാള്‍ എന്ന ആദ്യ കഥയിലൂടെ പുതുകാലത്തിന്റെ മാധ്യമക്കഴുകന്മാരുടെ ആര്‍ത്തി പിടിച്ച ശവ ഭോഗങ്ങള്‍ക്ക് നേരെ  പരിഹാസത്തിന്റെ കാറ്റഴിച്ചു വിടുന്നുണ്ട് കഥാകാരി.സെല്‍ ഫോണും ഇന്റര്‍നെറ്റും ഒക്കെയടങ്ങിയ ആധുനിക കാലത്തിന്റെ വിനിമയ സാധ്യതകള്‍ ഉപയോഗിച്ച് പുതു യുവത്വത്തിന്റെ പ്രതിനിധികള്‍ തീര്‍ക്കുന്ന ചിലന്തി  വലകളില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടിയുടെ സാധാരണക്കാരനായ അച്ഛനെ കേന്ദ്രീകരിച്ച്‌ പറഞ്ഞു പോകുന്ന ഈ കഥ നമ്മുടെ പെണ്‍കുട്ടികള്‍ ലൈംഗിക ദൌര്‍ബല്യങ്ങളുടെ വാഴു വഴുപ്പിലേക്ക് എത്ര അനായാസമായാണ് വഴുതിയിരങ്ങുന്നത് എന്നൊരു പേടിപ്പിക്കുന്ന ചിന്ത വായനക്കാര്‍ക്കായി ബാക്കി വക്കുന്നുണ്ട് .എല്ലാം ആഘോഷിക്കുന്ന മലയാളി ഇതും ആഘോഷിക്കുന്നു .'അങ്ങനെയാകുമ്പോള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലക്ക് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?എങ്ങനെയാണ് പ്രതികരിക്കാനുള്ളത്'' എന്ന വാര്‍ത്ത വായനക്കാരന്റെ  ചോദ്യത്തില്‍ നിന്നും തുടങ്ങുന്ന കഥ മറ്റുള്ളവന്റെ അളിഞ്ഞ സ്വകാര്യതകളെ എങ്ങനെയാണു വിഷ്വല്‍ മീഡിയ വിനിമയ സാധ്യത യുള്ള ചരക്കുകലാക്കി മാറ്റുന്നതെന്ന് പരിഹാസപൂര്‍വ്വം കാണിച്ചു തരുന്നു.
         ചിത്രകാരി എന്ന കഥ കുടുംബത്തിന്റെ ദൈനം ദിന ബന്ധങ്ങള്‍ക്കിടെ സ്വന്തം സ്വത്തബോധം സ്ഥാപിക്കാനാവാതെ നിസ്സഹായപ്പെട്ടു പോകുന്ന സര്‍ഗാത്മക മനസ്സുള്ള പെണ്ജന്മങ്ങള്‍ക്കുള്ള ശ്രദ്ധാഞ്ജലി യാണ് .വിവാഹിതയാകുന്നതോടെ പെണ്‍കുട്ടി അവളുടെ ഉള്ളിലുള്ള എല്ലാ സര്‍ഗാത്മകചോദനകളെയും മനസ്സിലൊരു ശവക്കുഴി തീര്‍ത്തു മൂടെണ്ടി വരുന്നത് 'ഫിസാ 'എന്ന എന്ന പെണ്‍കുട്ടിയുടെ മാത്രം വിധിയാകുന്നില്ല .'ദൈവം തൊട്ട കൈവിരലുകള്‍'എന്നു മറ്റുള്ളവരാല്‍ പുകഴ്ത്തപ്പെട്ട അവളുടെ കൈ വിരലുകളെ ഭയപ്പാടോടെ ഭര്‍ത്താവു  നോക്കുന്നത് അയാളുടെ അപകര്‍ഷം കൊണ്ട് തന്നെയാവണം.മൌനം കൊണ്ട് പ്രതിരോധിക്കുന്ന ഈ കഥയിലെ പെണ്‍കുട്ടിയെ കുടുംബത്തിന്റെ കേട്ടുപാടുകളില്പെട്ടു സര്‍ഗാത്മക നഷ്ടം സംഭവിച്ച എല്ലാ കുടുംബിനികളുടെയും പ്രതീകമായി വായിചെടുക്കാവുന്നതാണ്.'ദശാ സന്ധി'എന്ന കഥ യും ചര്‍ച്ച ചെയ്യുന്നത് കുടുംബിനികള്‍ക്ക് നഷ്ടമാവുന്ന സര്‍ഗാത്മക വിനിമയസാധ്യതകളെ കുറിച്ചാണ് .ചിത്ര കാരി''യില്‍ നിന്നു വ്യത്യസ്തമായി ഇവിടെ നായിക ശിവ ശങ്കരിക്ക് പക്ഷെ കുടുംബത്തിന്റെ എല്ലാ അനുകൂലനങ്ങളും ഉണ്ട്. എന്നിട്ടും ഒറ്റവാക്കും പുറത്തു വരാത്ത ഊഷര ഭൂമിയായി അവളുടെ മനസ്സ് മാറിപ്പോവുകയാണ് .''അനന്ത പത്മനാഭന്റെ മരക്കുതിരകള്‍ ''എന്ന ടൈറ്റില്‍  കഥ പ്രണയ നഷ്ടത്തില്‍ സ്വന്തം മനസ്സിന്റെ കടിഞ്ഞാന്‍ നഷ്ട്ടപ്പെട്ടു പോയ അനന്തന്റെ കഥ പറയുന്നു.ചില മുറിവുകള്‍ തീര്‍ക്കുന്ന നിണപ്പാടുകള്‍ ഒരു ഔഷധം കൊണ്ടും ഉണക്കാവതല്ല എന്നൊരു അശുഭ സന്ദേ ശം ഈ കഥയിലുണ്ട് .ഭാഷാപരമായി ഏറ്റവും മികച്ചു നില്‍ക്കുന്ന ഈ കഥ യില്‍ കുതിരയെ നാനാര്‍ഥങ്ങള്‍ ഉള്ള ഒരു ഇമെജരി  ആയി അവതരിപ്പിക്കുന്നു കഥാകാരി .പുതിയ കാലത്തിന്റെ പേടി സ്വപ്‌നങ്ങള്‍ തീര്‍ക്കുന്ന പുകമാരക്കുള്ളില്‍ ചുരുങ്ങിയ നേരത്തേക്കെങ്കിലും കാഴ്ച നഷ്ട്ടപ്പെട്ടു പോകുന്ന ഒരമ്മയുടെ കഥയാണ്‌''കാണാതാകുന്ന പെണ്‍കുട്ടികള്‍''തനിച്ചാക്കി കളയേണ്ട ഒന്നല്ല അമ്മ എന്നു സ്വന്തം അച്ഛനെ ബോധ്യപ്പെടുത്തുന്ന മകനെ ''തനിയെ' എന്ന കഥ യില്‍ കാണാം. ശരീര കാമനകള്‍ക്കപ്പുറത്തും ചില സ്നേഹബന്ധങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ''പുനര്‍ജ്ജനി'' എന്ന കഥ ശ്രമിക്കുന്നത്.
           ഷാഹിന ഇ കെ യുടെ കഥകളുടെ പൊതു സ്വഭാവം അവ സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന അന്വേഷണമാണ് എന്നതാണ് .ആസുരമായ കാലത്തിന്റെ ചോര കണ്ണുകള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന ഒരു പെന്മാനസ്സ്സു ഈ കഥകളിലെല്ലാമുണ്ട് .വളരെ സാധാരണമായ ഒരു സംഭവത്തില്‍ നിന്നു പോലും ഇ കഥാകാരി ഒരു കഥയെ കണ്ടെത്തുന്നു എന്നതും ശ്രദ്ധേയമാണ് .അതിനപ്പുറം എഴുത്തിന്റെ വ്യവസ്ഥാപിതമായ കീഴ്വഴക്കങ്ങള്‍ക്കൊന്നും   തലവച്ചു കൊടുക്കാന്‍ എഴുത്തുകാരി ശ്രമിക്കുന്നില്ല.ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇത് പുതിയ കാലത്തിന്റെ പെണ്‍ വ്യാകുലതകളുടെ പുസ്തകമാണ്.