അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌
Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Friday, April 29, 2011

കണ്ണടക്കാഴ്ചകള്‍

കണ്ണട വയ്ക്കാന്‍  ഇഷ്ടമായിരുന്നു ,കുട്ടിക്കാലത്ത് .അച്ഛന്‍റെ പോക്കറ്റില്‍ വല്ലപ്പോഴുമുള്ള ഉപയോഗത്തിനായി മാത്രം കിടന്ന മെലിഞ്ഞ ചട്ടമുള്ള കണ്ണട ,ഫയല്‍ എഴുതുമ്പോള്‍ വച്ചിരുന്ന എളുപ്പം കേടാകാത്ത തവിട്ടു നിറകണ്ണട , ഗള്‍ഫിലെ സുഹൃത്ത്‌ സമ്മാനിച്ച സ്വര്‍ണച്ചട്ട കണ്ണട,ഒരുദ്ദേശ്യവും ഇല്ലാതെ പിന്നെയും അവിടെയും ഇവിടെയും ചിതറിക്കിടന്ന കണ്ണടകള്‍ ..
ഞാനോരോന്നും എടുത്തു മുഖത്ത് വക്കും .എന്‍റെ കുട്ടിമുഖത്തിന്‍റെ പാതിയും മറക്കുന്ന കണ്ണടകള്‍ .ചതുരാകൃതികള്‍ക്കും വൃത്താകൃതികള്‍ക്കും ഉള്ളിലൂടെ മറ്റേതോ കാഴ്ച .അച്ഛന്‍ വീട്ടിലില്ലാ ത്തപ്പോളുംമേശപ്പുറത്തു നിവര്‍ത്തി വച്ച വലിയ ചതുരക്കണ്ണട അച്ഛന്‍റെ സാന്നിധ്യമോര്‍മിപ്പിച്ചുകൊണ്ട് എന്‍റെ കള്ളത്തരങ്ങള്‍ക്ക് നേരെ ഒരു താക്കീതു നോട്ടം നോക്കി.സ്കൂളിലെ ഗുപ്തന്‍ മാഷ്ടെ, വല്ലപ്പോളും വയ്ക്കാറുള്ള കറുത്ത ചതുരക്കട്ടിക്കണ്ണട ,വീതിക്കാലന്‍ ,-അതിനെ നേരെ നിന്ന് നോക്കാന്‍ കൂടി ദൈവമേ,പേടിയായിരുന്നല്ലോ..മേശമേല്‍  അഴിച്ചു വച്ച് പോകുമ്പോളും അതില്‍ മാഷ്ടെ ഗൌരവ ക്കണ്ണുകള്‍ പലവട്ടം കണ്ടിട്ടുണ്ട് ഞാന്‍ .സുലു ടീച്ചര്‍ ദേഷ്യകണ്ണുകളെ ഇട്ടു വച്ച കട്ടിച്ചില്ല് വട്ടകണ്ണട ..
അവര്‍ക്കൊക്കെ വൃത്തച്ചട്ട ത്തിലൂടെയും ചതുരച്ചട്ടത്തിലൂടെയും നിയതാകൃതികളില്‍ കാഴ്ചകള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നു .കൃത്യവും കണിശവുമായ ആകൃതികളില്‍ ..

                                ഒരു കണ്ണടയുണ്ടെങ്കില്‍ ഇടയ്ക്കുചിന്താമഗ്നയായി ,ഒറ്റക്കയ്യാല്‍ കണ്ണടയൂരി കൈയ്യില്‍ പിടിച്ച് അങ്ങനെയിരിക്കാം ..സിനിമയിലെ നായികയെ പോലെ കണ്ണീര്‍ വരുമ്പോള്‍ കണ്ണടച്ചില്ലിലൂടെ കൈകടത്തി ,കണ്ണീരു തുടക്കാം.മൂക്കിന്‍ തുമ്പത്തേക്കിറങ്ങുന്ന കണ്ണടയെ മധ്യത്തിലെ ലോഹത്തുണ്ട്തൊട്ടു  കൃത്യതയില്‍ വയ്ക്കാം.കണ്ണടയില്ലാ കൂട്ടങ്ങള്‍ക്കു മുമ്പില്‍ ഗമയില്‍ നടക്കാം .അങ്ങനെ അച്ഛനും ഗുപ്തന്‍ മാഷും സുഹാസിനി ടീച്ചരുമൊക്കെ അവരോളം അറിവും ഗമയുമുള്ള ഒരാളായി എന്നെ കാണും .''കണ്ണട വച്ച കുട്ടി''എന്നത് എന്‍റെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാവും .പല നിറാകൃതിക്കണ്ണടകളിലൂടെ  വര്‍ഷംതോറും കാഴ്ച മാറ്റും .എന്ത് രസമാവും!
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കാണാന്‍ സിനിമ തീരും വരെ മാത്രം കിട്ടിയ 3 ഡി കണ്ണട വച്ചിരുന്ന അതേ സ്റ്റൈലില്‍ സ്വന്തമൊരു കണ്ണട! ..

                          അങ്ങനെയിരിക്കെ ,ഒരു ദിവസം ആകാശത്ത് കണ്ണും നട്ട് അന്തം വിട്ടിരിക്കുമ്പോള്‍ ,മേഘ ക്കൂട്ടമൊഴിഞ്ഞതാ തെളിഞ്ഞു വരുന്നു ,ഇരട്ട ചന്ദ്രന്മാര്‍ .
വീണ്ടും വീണ്ടും നോക്കുന്നു. അതേ....മാറ്റമില്ല ..(പിന്നീട് ചരിത്രം പഠിച്ചപ്പോഴും കൊടുങ്ങല്ലൂര് കണ്ടപ്പോഴും കേട്ട ,മക്കയിലേക്കുള്ള യാത്രക്ക് മുമ്പേ ചേരമാന്‍ പെരുമാള്‍ കണ്ട ഇരട്ട ചന്ദ്രന്മാരല്ല) ,തലേന്ന് സ്കൂളില്‍ ബോര്‍ഡെഴുത്തിലും അങ്ങനെയുണ്ടായി .അക്ഷരങ്ങള്‍ക്ക് പുറത്തു കയറിയിരുന്നു ആന കളിക്കുന്ന അക്ഷരങ്ങള്‍ ..സൂക്ഷിച്ചു നോക്കിയില്ലെങ്കില്‍ ദിവ്യ എങ്ങനെ വിജയകുമാരിയാകുന്നു? മീന ചിരിച്ചത് കാണാതെ പോയതിനു അവളെന്നെ ജാടയെന്നു പ്രാകുന്നു..

                      കണ്ണ് ഡോക്ടര്‍ കണ്ണിന്‍റെ ആഴത്തിലേക്ക് സുഖമുള്ളൊരു നീല വെളിച്ചം പായിച്ചു.കൃഷ്ണ മണിക്കുള്ളിലേക്ക് തുറിച്ചു നോക്കി.
''വായിക്കു"'...
ഭിത്തിയില്‍ തൂക്കിയിട്ട വെളുത്ത കടലാസ്സില്‍ പല വലുപ്പത്തില്‍ എ ബി സി ഡി ...
ഒന്നാം നിര മുഴുക്കെ വായിച്ചു.തടിയന്‍ അക്ഷരങ്ങള്‍ ..
രണ്ടാം നിര..തപ്പി വായിക്കുമ്പോള്‍ ചിലത് മറിഞ്ഞും തിരിഞ്ഞും പോയി..
മൂന്നാം നിര ..കാണാം ,ഒരു മഞ്ഞുകാലക്കാഴ്ച പോലെ.. ഒളിച്ചിരിക്കുന്ന അക്ഷരങ്ങളെ ഒരു തരത്തിലും പിടി കിട്ടാതെ ...
''ഷോര്‍ട്ട് സൈറ്റ് ''.......
.ഡോക്ടര്‍ പറഞ്ഞു .
ദൈവമേ അതെന്തു ?എനിക്ക് കരച്ചില്‍ വരുന്നു...എന്താണ് ഡോക്ടര്‍ പറഞ്ഞത് ?!!!
അച്ഛന്‍ ഒന്നും മിണ്ടുന്നില്ല.ഡോക്ടറുടെ സഹായി പെട്ടി തുറന്നു എന്‍റെ മുഖത്തു വച്ച്
 തരുന്ന പല തരം ചില്ലുകള്‍..കണ്ണട പോലെ ..ചില്ലുകള്‍ അടര്‍ത്തി എടുക്കുക്കനാവുന്നുണ്ട്  പക്ഷെ .
''കാണാമോ''?ഓരോ ചില്ല് വക്കുമ്പോഴും ഡോക്ടര്‍ ചോദിക്കുന്നു
''ഇല്ല''..
ഇതോ''?
"ഉം ..കുറച്ചു.."
ഇത്?..." ..
''നന്നായി'' .........
ആ ചില്ല് അടര്‍ത്തി എടുത്തു സൂക്ഷ്മം പരിശോധിച്ച് കുറിപ്പെഴുതുന്നു ..
''കണ്ണട വേണം''
എന്‍റെ ഉള്ളില്‍ ഒരു വെളുത്ത തിര പൊട്ടിച്ചിരിയോടെ ചിതറി ..
കണ്ണട ...കണ്ണട കിട്ടുന്നു ..
അച്ഛന്‍റെ ,ഗുപ്തന്‍ മാഷ്ടെ ,സുലോചന ടീച്ചറുടെ ,സുഹാസിനീ   ടീച്ചറുടെകൂട്ട് കണ്ണട ..!!
         ''ടി വി കണ്ടു കണ്ണ് കേടു വരുത്തി "..അച്ഛന്‍ ദേഷ്യത്തോടെ ,അതിലേറെ സങ്കടത്തോടെ എന്‍റെ ഇത്തിരിപ്പോന്ന കുട്ടിമുഖത്തേക്ക് നോക്കുന്നു .
''ഞാന്‍ കുറച്ചല്ലേ ടി വി കാണാറുള്ളൂ ' എന്നൊന്നും തര്‍ക്കിക്കാന്‍ പോയില്ല.സന്തോഷം കൊണ്ടെനിക്ക് ഇരിക്ക പൊറുതി ഇല്ലാതായിരുന്നു .

                  കണ്ണടക്കടയിലെ എന്‍റെ പ്രായക്കാര്‍ക്കു ഇണങ്ങുന്ന കണ്ണടക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞാനും അച്ഛനും .
കടല്‍ ജീവിയുടെ തോടുകൊണ്ടുണ്ടാക്കിയതെന്നു പറഞ്ഞ മഞ്ഞക്കാലന്‍ കണ്ണടയാണ്‌,കടക്കാരന്‍റെ ഇഷ്ടം .ഉറപ്പുള്ള കറുത്ത ചട്ടമുള്ളത് അച്ഛന്‍റെ ..
മെല്ലിച്ച,ഗൗരവമുള്ള ,ഒന്നാണ് എനിക്ക്..

തുള്ളി: കണ്ണടക്കാരുടെ കാഴ്ച ,കാഴ്ചയുടെ ആകൃതി ,നിയതമായ രൂപങ്ങളിലേക്കു മാറ്റപ്പെടുന്നുണ്ടോ?
കാണേണ്ടവയെ മാത്രം കൃത്യം ആകൃതികളിലൂടെ, ചുറ്റും ഉള്ളവയെ അപ്രസക്തമാക്കി ..?
കണ്ണട ഉള്ളവനും ഇല്ലാത്തവനും തമ്മിലെ കാഴ്ചക്ക് അങ്ങനൊരു ദൂരമുണ്ടോ ?
മറക്കപ്പെടുന്ന കണ്ണുകള്‍ അവര്‍ക്കിടെ, നേര്‍ത്ത ഒരകലം സൃഷ്ടിക്കുന്നുണ്ടോ?
ഒരു തോന്നല്‍ .
ഹ്രസ്വദൃഷ്ടി കണ്ണടയിലൂടെ തന്നെ ഇപ്പോഴും കാണുമ്പോള്‍..

Wednesday, March 30, 2011

ഫെബ്രുവരി 1 -8/ -2011 ഒരുപെണ്‍കുറിപ്പ്

ഫെബ്രുവരി ഒന്ന് : ഫെബ്രുവരി  ഒന്നിന്‍റെ വര്‍ത്തമാന പത്രങ്ങള്‍ പറഞ്ഞു ,ട്രെയിനില്‍ നിന്നു വീണു മാരകമായി പരുക്കേറ്റ ഒരു പെണ്‍കുട്ടി, അവശനിലയില്‍ ചെറുതുരുത്തിപ്പാലത്തിനരികെ വീണു കിടക്കുന്നതായി കണ്ടെത്തിയ അസാധാരണത്വമേറെയില്ലാത്തൊരു  ചെറു വാര്‍ത്ത.വെറുമൊരു വായനക്കടന്നുപോകലിനുമപ്പുറം അധികമാരും ശ്രദ്ധിക്കാതെ പോയത് .പതിവ്പടി ഒരാത്മഹത്യാശ്രമമെന്ന് താള് മറിക്കെ ചിലരെങ്കിലും ....

ഫെബ്രുവരി രണ്ട്:

പാളത്തിനരികെ മാരകമാം വിധം മുറിവേറ്റു കിടന്ന പെണ്‍കുട്ടിയുടെ ചെറു വാര്‍ത്ത ,ചോര മണക്കുന്ന ഭീതിതമായൊരു കഥയായി പരിണമിക്കുന്നത് ...
നില തെറ്റിയതല്ല ,തീവണ്ടിയില്‍നിന്നു തള്ളി താഴെയിട്ടതാണെന്നു ബോധത്തിനും അബോധത്തിനും ഇടയ്ക്കു അവള്‍ വെളിപ്പെടുത്തുമ്പോഴേക്കും അതിനിടക്കെപ്പോഴോ വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിരുന്നു അവള്‍ പാതി മരണം മരിച്ചിരുന്നുവെന്ന് ..
ഒറ്റക്കയ്യ്‌ മാത്രമുള്ള ഒരു മനുഷ്യപ്പിശാച്ചിന്‍റെ അവ്യക്തരൂപംമാത്രം മൊഴി നല്‍കി അവളുടെ ഓര്‍മ്മ പിന്നെ മാഞ്ഞു പോകുമ്പോള്‍ തനിയെ യാത്ര ചെയ്യുന്നവര്‍ മാത്രമല്ല ,കേരളത്തിലെ മുഴുവന്‍ സ്ത്രീകളും പറഞ്ഞറിയിക്കാനാവാത്ത അപമാനങ്ങളുടെ ,വെറുപ്പിന്‍റെ  ,മുറിവുകളുടെ ,ഭാഗമായത് ..പെണ്കൂട്ടങ്ങള്‍ ഭീതിയോടെ അവരുടെ എകാകിതകളും ആശങ്കകളും ചര്‍ച്ച ചെയ്തു. ജീവിതത്തിനും മരണത്തിനുമിടക്ക് പല മരണങ്ങള്‍ കടന്നു പോയൊരു പാവം പെണ്‍കുട്ടി വൈദ്യശാസ്ത്രത്തിന്‍റെ കാരുണ്യത്തില്‍ ദീര്‍ഘ ശസ്ത്രക്രിയകള്‍ പിന്നിടുമ്പോള്‍ ,ജീവന്‍റെ ചെറുനൂലുകളില്‍ അവള്‍ ആടിക്കൊണ്ടിരിക്കുമ്പോള്‍ ,അവളുടെ തലച്ചോറിലെ മുറിഞ്ഞു പോയ ഓര്‍മ്മ ഞരമ്പുകളെ ,ജീവ സ്വപ്നങ്ങളെ പുനര്‍ജനിപ്പിക്കാനായി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്ന ഡോക്ടര്‍ മാര്‍ ഇടയ്ക്കു പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ നേര്‍ത്ത പ്രത്യാശയുടെ വെട്ടം പോലുമില്ലാതിരുന്നിട്ടും ആരുടെയൊക്കെയോ പ്രാര്‍ത്ഥനകള്‍ അവളുടെ ജീവന്റെ ചെരാതിനെ കെടാതെ കൈ അണച്ച് പിടിയ്ക്കുമെന്നു വെറുതെ പ്രത്യാശിച്ചിരുന്നു ,ആ കുടുംബത്തിന്റെ വേദനകള്‍ക്കൊപ്പം..
                                                                                                                                                                                                 
 ഫെബ്രുവരി മൂന്ന്:

കുറ്റവാളി പിടിക്കപ്പെട്ടു .തമിഴ്നാട്ടിലെ ഈ  കൊടും കുറ്റവാളി,അവിടുത്തെ പോലിസ് നിരീക്ഷണം ശക്തമാക്കിയപ്പോള്‍ കണ്ടെത്തിയ സുരക്ഷിതവും വളക്കൂറുള്ളതുമായ ഇടമായിരുന്നു,നമ്മുടെ കേരളം!
രണ്ടു മാസക്കാലമായി തടസ്സങ്ങള്‍ ഇല്ലാതെ പിടിച്ചു പറിയും കുറ്റ കൃത്യങ്ങളുമായി അവന്‍ ഇവിടെയൊരു സാന്നിധ്യമായിരുന്നു ..
വാര്‍ത്ത പറഞ്ഞു :പുതിയ സ്വപ്നങ്ങളുമായി  യാത്ര പുറപ്പെട്ട അവളെക്കുറിച്ച് .പഠനത്തില്‍ മിടുക്കി ,തുടര്‍ പഠനത്തെ സാമ്പത്തിക ബാധ്യതകള്‍ ഞെരുക്കുമ്പോള്‍ അമ്മക്കൊപ്പം കുടുംബത്തിന്‍റെ ബാധ്യതകള്‍ ഏറ്റെടുത്തവള്‍,ജോലിയില്‍ നിന്നും സ്വരൂപിക്കുന്ന ചെറു തുകകള്‍ സ്വരൂപിച്ചു പഠനം മുഴുമിക്കുന്നത് സ്വപ്നം കണ്ടവള്‍ ,കുഞ്ഞൊരു വീട് പണിയുന്നത് സ്വപ്നമായി കൊണ്ട് നടന്നവള്‍..
അതിനൊക്കെ ഇടക്കാണ്‌ പുതിയൊരു ജീവിതമെന്ന പ്രതീക്ഷയും പേറി ജോലിയിടത്ത് നിന്നും ഒരു പെണ്ണ് കാണല്‍  ചടങ്ങിനായി അവള്‍ വീട്ടിലേക്കു പുറപ്പെട്ടത്‌ .യാത്ര തീരാറാവുമ്പോഴേക്കും പെണ്‍ കമ്പാര്‍ട്ട്മേന്ടില്‍ അവള്‍ ഒറ്റയാകുന്നു .
ഇരയാക്കപ്പെടുകയായിരുന്നു.
ആക്രമിച്ചത് പണത്തിനു വേണ്ടിയായിരുന്നെന്നു കുറ്റ സമ്മതം ചെയ്ത കുറ്റവാളി ,അവളുടെ കൈയിലുണ്ടായിരുന്നത് ചെറു തുകയും പഴയ ഒരു സെല്‍ഫോണും ആണെന്ന തിരിച്ചറിവിന്‍റെ ,നിരാശയില്‍,അവളുടെ ചെറുത്തുനില്‍പ്പുണര്‍ത്തിയ പകയിലാണത്രെ അവളുടെ മാനത്തെ ,ജീവനെ ,ചതച്ചരച്ചത് ...
ചോര മണക്കുന്ന ,ജീവന്റെ പാതിയറ്റൊരു പെണ്കുഞ്ഞിനോട്,അവളുടെ നിഷ്കളങ്കതയോട്‌ ,ദൈന്യതയോട് അവനെന്തു  കാരുണ്യം ?
ഫെബ്രുവരി നാല് :

അവളെക്കുറിച്ച് നേര്‍ത്ത പ്രത്യാശ പകരുന്ന വൈദ്യ ശാസ്ത്ര ക്കുറിപ്പുകള്‍.
എങ്ങനെയാണ് ഇനിയെന്‍റെ പെണ്‍ കുഞ്ഞുങ്ങളെ ചിറകില്‍ ഒതുക്കേണ്ടതെന്നു ആശങ്കപ്പെടുന്ന അമ്മമാരെ ,സുരക്ഷിതത്വമെന്ന ഭീതി വല്ലാതെ ചൂഴ്ന്നു തുടങ്ങിയ പെണ്‍കുഞ്ഞുങ്ങളെ ,കണ്ടു. പോയൊരാഴ്ചയില്‍ രാതി വണ്ടിയിറങ്ങിയ മകളെ ചേര്‍ത്ത് പിടിച്ചു പ്ലാട്ഫോമിന്‍റെ വെളിച്ചത്തിലൂടെ നടക്കെ അവളെ വലിച്ചിഴക്കാന്‍ ശ്രമിച്ച അജ്ഞാതമായ കൈകളെക്കുറിച്ച് പിടഞ്ഞ അരക്ഷിതനായ ഒരു അച്ഛന്‍റെ ഭീതികള്‍ കേട്ടു.
ഫെബ്രുവരി അഞ്ച്‌:

മരണത്തിനും ജീവിതത്തിനുമിടയിലെ അനിശ്ചിതത്വത്തിലേക്കു വീണ്ടുമവള്‍ ഊര്‍ന്നു പോയിരിക്കുന്നു .
തിരികെ ജീവിതത്തിലേക്ക് മടങ്ങിയാല്‍ ഇതേ സമൂഹം അവളെ എങ്ങനെ സ്വീകരിക്കുമെന്ന വേവലാതിയോടെ ,ആശങ്കയോടെ,വേദനയോടെതന്നെ ഇപ്പോഴും അവള്‍ക്കു വേണ്ടി ആരൊക്കെയോ പ്രാര്‍ഥിക്കുന്നുഎങ്കിലും ..
''she is our sister
she belongs to our family
she is  the hope of tomorrow ,
who was fated for the shornur train incident 
lets hold our hands  together  
ആന്‍ഡ്‌ fuelled by  love  and  concern
prior  to her grief and pain
please  join  in  this  chain  and  pass  it ..
-stop violence against women "..
ഫെബ്രുവരി ആറ് വൈകിട്ട് ഓരോ സെല്ലിലേക്കും വന്നു കൊണ്ടിരുന്ന ഈ സന്ദേശം നിങ്ങളില്‍ പലരുടെയും ഇന്ബോക്സുകളില്‍ ഇപ്പോഴും ശേഷിപ്പുണ്ടാവാം .തുടര്‍ന്ന് വന്നു കാണും ആധി പിടിച്ച ഒരു അച്ഛന്‍റെ ,അമ്മയുടെ ,കൂട്ടുകാരന്‍റെ,കൂട്ടുകാരിയുടെ ,റെയില്‍ അലേര്‍ട്ട് നമ്പറുകള്‍ സൂചിപ്പിക്കുന്ന നീളന്‍ സന്ദേശങ്ങള്‍ ..
കേരളത്തിലെ പെണ്‍കുട്ടികള്‍ മാത്രമല്ല,അമ്മയോ ഭാര്യയോ ,മകളോ ,അനിയത്തിയോ ,മുത്തശ്ശിയോ ഉള്ള,അവരെ അവരായി കാണുന്ന ഓരോരുത്തരും നിശ്ശബ്ദം ഉള്ളിലേറ്റുന്ന ഒരാധികൂടി ആ സന്ദേശങ്ങള്‍ പേറിയിരുന്നു..
-ഞെട്ടിച്ചുകൊണ്ട് സന്ധ്യാ വാര്‍ത്ത ഫ്ലാഷ് വാര്‍ത്ത തന്നു.
ആ പെണ്‍കുട്ടി മരിച്ചതായി.
ഒരു നിമിഷം അവളുടെ മുഖം .
തകര്‍ന്നു തരിപ്പണമായ ഒരച്ഛനെ ,അമ്മയെ ,അനുജനെ ...
വൈദ്യശാസ്ത്രത്തി ന്‍റെ പരിധികള്‍ തീര്‍ന്നിരിക്കുന്നു. പ്രാര്‍ത്ഥന കളുടെയും .
ഒരു പാവം പെണ്‍കുട്ടിയുടെ ചെറിയ ജീവിടത്തി ന്‍റെ ,സ്വപ്നങ്ങളുടെ ..
ഫെബ്രുവരി ഏഴ്

ഹര്‍ത്താല്‍ ആണ് അവളുടെ നാട്ടില്‍ .റെയില്‍വേ ക്ക് തെറ്റ് പറ്റിയില്ലെന്നു ആണയിട്ടു പറഞ്ഞ മന്ത്രി ധന സഹായം പ്രഖ്യാപിച്ചിരിക്കുന്നു .പെണ്‍ കംബാര്‍ത്ടുമെന്റില്‍ പുരുഷന്മാര്‍ കയറുന്നത് സ്ത്രീകളുടെ അനാസ്ഥ കാരണമെന്ന് റെയില്‍വേ യുടെ സത്യവാങ്ങ്മൂലം .
ചില സ്റ്റേഷന്‍ ഒറ്റപ്പെട്ട ആക്രമണങ്ങളെ നേരിട്ടു.കറുപ്പന്‍ ബാഡ്ജു കുത്തി ,നിരാഹാരമാചരിച്ചു,ദുഖവും പ്രതിഷേധവും പറയുന്ന വനിതാ സംഘടനകള്‍ ...
വരും ദിവസങ്ങളില്‍ മന്ത്രിമാരും പ്രമുഖരും അവളുടെ കുഞ്ഞു വീട് സന്ദര്ശിക്കാനിരിക്കുന്നു..
കൂടുതല്‍ ധന സഹായം പ്രഖ്യാപിക്ക പ്പെടാം .ചാനലുകളില്‍ സ്ത്രീ സുരക്ഷ സജീവ ചര്‍ച്ചയാവും -അല്‍പ്പ നാള്‍ .
പിന്നെ പരിചയിച്ചു പഴകുന്ന എല്ലാ ഭീതികളോടും എന്നാ പോലെ സമൂഹം ഇതുമായും പൊരുത്തപ്പെടും .രാത്രി തീവണ്ടികള്‍ പോയ്ക്കൊണ്ടേ യിരിക്കും .ഏകാന്ത യാത്രികരായ പെണ്‍കുട്ടികള്‍ യാത്ര തുടരും ."അപൂര്‍വങ്ങളില്‍ അപൂര്‍വ്വ" മാകണം എന്നില്ല ഈ സംഭവം.പ്രതിക്ക്,അര്‍ഹിക്കുന്ന ശിക്ഷ കിട്ടും വിധം .ഒരു ഗോവിന്ദ ചാമി ഇപ്പോള്‍ നിയമത്തിന്‍റെ പരിധിയിലാണ്
നിയമത്തിന്‍റെ കണ്മുംബിലൂടെയും കണ്ണ് വെട്ടിച്ചും ഇര കാത്തും പതുങ്ങിയും എത്രയോ ഗോവിന്ദചാമിമാര്‍..ജാഗ്രത ..
ഫെബ്രുവരി എട്ട്:
ചേച്ചിയുടെ ചിത കൊളുത്തിക്കഴിഞ്ഞു ഉള്ളുലഞ്ഞു കരയുന്നൊരു അനുജന്‍റെ പടമുണ്ട് പത്രത്താളില്‍ .
മനസ്സാക്ഷി ഒരു ക്ലിഷേ പദം അല്ലെങ്കില്‍ ഈ വേദന നമുക്ക് ഉള്‍ക്കൊള്ളാതിരിക്കാന്‍ ആവില്ല .

തുണ്ട് :
ഏറെ നിയമങ്ങളുണ്ട് നമ്മുടെ നാട്ടില്‍ പെണ്‍ സുരക്ഷയ്ക്ക്.ഈയിടെ പാസ്സാക്കിയ ഒരു ബില്ലടക്കം ..
അവയെല്ലാം എത്രത്തോളം സുരക്ഷ ഉറപ്പിക്കുന്നു?
ഷോര്‍ണൂര്‍ സംഭവം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ തീവണ്ടികളില്‍ പലവിധ  ആക്രമണങ്ങള്‍ നടന്നു ..
വാല്‍ തുണ്ട് :

രാത്രി വണ്ടികളില്‍ സ്ത്രീകള്‍ കുറയുന്നതായി ഈയിടെ ഒരു പത്ര റിപ്പോര്‍ട്ട്‌ ....

Saturday, March 26, 2011

താളവൃത്തം (കുറിപ്പുകള്‍ )

രണ്ടായിരത്തേഴു ജനുവരി 25 ലെ ഹിന്ദു പത്രം കിഴക്കന്‍ ബംഗാളിലെ പക്ഷിപ്പനിപ്പടര്‍ച്ചയെക്കുറിച്ച് ഒരു വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തു കണ്ടിരുന്നു.പഴയൊരു പുസ്തകത്തിന്‍റെ പുറം പൊതിയിലായിരുന്നു ,അത് .ആരോഗ്യ പ്രവര്‍ത്തകര്‍ വീട് വീടാന്തരം ചെന്ന് ബോധവല്‍ക്കരണം നടത്തുന്നതിനെക്കുറിച്ചും വളര്‍ത്തു പക്ഷികളെ കൂട്ടത്തോടെ കൊന്ന്ഒടുക്കുന്നതിനെക്കുറിച്ചും പനിപടരാതിരിക്കാന്‍ അവലംബിക്കുന്ന മറ്റു മാര്‍ഗങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു .പല നാടുകളിലായി പക്ഷിപ്പനി ഭീതി പടര്‍ത്തിയിരുന്ന കാലത്തേതാണ് പത്രം .

             അരുണ്‍ ഖോഷ് ചൌധരി എന്ന ഫോട്ടോഗ്രാഫെര്‍ പകര്‍ത്തിയ , റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരുന്ന ഒരു ചിത്രം വല്ലാതെ ഉള്ളു തൊട്ടു. ഒരു ബംഗാളി മധ്യവയസ്ക്ക ,സ്വന്തം താറാവ് കുഞ്ഞുങ്ങളെ കണ്ണോടു ചേര്‍ത്ത് ഉള്ളു പൊട്ടി കരയുകയാണ്...നിസ്സഹായതയോടെ അവരോടു ചേര്‍ന്നിരിക്കുന്ന ഒരു പറ്റം താറാവുകുഞ്ഞുങ്ങള്‍...ഗവ .നിര്‍ദേശ പ്രകാരം അവയെ നശിപ്പിക്കാനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുക്കേണ്ടി വരും മുമ്പ് എടുത്ത ചിത്രമാണ്‌ അത് .വിട്ടു കൊടുക്കുന്നത് സ്വന്തം ജീവനാണെന്ന പോലെ ആ പൊട്ടിക്കരച്ചില്‍ വല്ലാതെ പൊള്ളിക്കുന്നതായി.

            വളര്‍ത്തു മൃഗങ്ങളോടൊരു മമതയുമില്ല എനിക്ക് .അതുകൊണ്ടാവണം മൃഗങ്ങളും മനുഷ്യരും തമ്മില്‍  ഈ മട്ടില്‍ ഒരാത്മ ബന്ധം എനിക്കൊരിക്കലും പരിചിതമായിരുന്നില്ല.
എങ്കിലും ഈ ചിത്രവും നോക്കിയിരിക്കെ ഞാനെന്‍റെ പഴയൊരു സ്നേഹിതയുടെ വീടോര്‍മിച്ചു.പട്ടാമ്പിക്കടുത്തു നെല്ലായയിലുള്ള ഈ വീടാണ് മണ്ണും മനുഷ്യനും മൃഗങ്ങളും ചേര്‍ന്നുള്ള ഒരാത്മബന്ധത്തിന്‍റെ  വിസ്മയിപ്പിക്കുന്ന ചിത്രം എനിക്കാദ്യം തന്നത് .ശബ്ദങ്ങളാലും നിശബ്ദതയാലും തങ്ങളുടെ ആവശ്യങ്ങളും സങ്കടങ്ങളും സ്നേഹവും  ആഹ്ലാദങ്ങളും പറഞ്ഞും പങ്കുവച്ചും വേര്‍പ്പിരിയാനാവാത്തവിധം അവയെല്ലാം ആ വീടിന്‍റെ ഭാഗമായിരുന്നത് ..

വീടുപോലെ സദാ വൃത്തിയാക്കപ്പെട്ട തൊഴുത്ത്.പാര്‍പ്പുകാരായി ഗോമതിയും അവളുടെ കുട്ടനും .ഗോമതി പകര്‍ന്നിരുന്ന നെയ്യ് ,പാല് -എല്ലാറ്റിനും സ്നേഹത്തിന്‍റെ സൗരഭമാണെന്ന് അവിടുത്തെ ഉച്ച ഭക്ഷണ നേരങ്ങള്‍ ഓര്‍മിപ്പിച്ചിരുന്നു.
പുതിയഒരാളായി ഈ വീട്ടിലേക്കു ചെന്ന എന്നെ ഇവരോരോരുത്തരും പരിചയപ്പെട്ടു.ഗോമതിയും കുട്ടനും മാത്രമല്ല ,സ്വത്വവും പേരുമുള്ള അംഗങ്ങള്‍ വേറെയും ഉണ്ടായിരുന്നു.കുഞ്ചു എന്ന വിറപ്പിക്കുന്ന കുരയുള്ള ശുനകന്‍ .കൈകൂപ്പി നമസ്ക്കാരം പറയും അവന്‍ .എന്‍റെ പേടിയാലാവണം തുടക്കം  മുതല്‍ക്കുണ്ടായിരുന്നു ,ഞങ്ങള്‍ക്കിടയിലെ അനിഷ്ടങ്ങള്‍ .ഊണ് കഴിക്കുമ്പോള്‍ വീട്ടുകാര്‍ക്കൊപ്പമായിരിക്കാറുള്ള അവനെ എന്‍റെ സാന്നിധ്യം പുറത്താക്കുന്നത് അവനെ വേദനിപ്പിച്ചിരിക്കണം.

          ഇനി പൂച്ചപ്പടയാണ്.വളര്‍ത്താനായി വാങ്ങിച്ചവയല്ല ,അഭയം ചോദിച്ചു വന്നവരാണ് ,സീമ മുതല്‍ സ്പോടി വരെയുള്ള ആണ്‍ പെണ്‍ പൂച്ചപ്പട .ഓരോ പൂച്ച  പേരിനു പിന്നിലും കാണും ഒരു കഥ.കൃത്യമായ അര്‍ത്ഥവും സ്നേഹ വാത്സല്യങ്ങളും .

..ചാത്തന്‍ ,കറുത്ത സുന്ദരി ,വെളുത്ത സുന്ദരി ,_ഒക്കെ കോഴികളാണ് .മുറ്റത്തും തൊടിയിലും പാടത്തുമൊക്കെ സദാ കൊത്തിപ്പെറുക്കിയും തര്‍ക്കിച്ചും സമരസപ്പെട്ടും ഈ വീടിന്‍റെ ഭാഗമായിരുന്ന അവകാശികളില്‍ ആര്‍ക്കെങ്കിലും സുഖക്കേട്‌ വന്നാല്‍ ,ആരെയെങ്കിലും കാണാതായാല്‍ ആകെ വെപ്രാളപ്പെടുന്ന, സങ്കടമാകുന്ന ,ഒരു അച്ഛന്‍റെ,അമ്മയുടെ ,മൂന്നു മുത്തശിമാരുടെയും ചിറകുകള്‍ക്ക് കീഴില്‍ എത്ര സ്വസ്ഥരായിരുന്നു അവരൊക്കെ..

        ഓരോ മരങ്ങള്‍ക്കും ചെടികള്‍ക്കും പൂക്കള്‍ക്കും എന്തിനു ,വീണുപോകുന്ന ഇലകള്‍ക്ക് കൂടി സ്വത്വ മുണ്ടായിരുന്നു ഒരു കാലത്ത് ,നമ്മുടെ ജീവിതത്തില്‍ .പ്രകൃതിയും സര്‍വ്വ ജീവജാലങ്ങളും ഒന്നാകുന്ന താളൈക്യം-ഇനി നമുക്കെത്രയിടങ്ങളില്‍ കാണാനാവും?മണ്ണില്‍ ചവിട്ടുമ്പോള്‍ അറയ്ക്കുന്ന,വെളുത്ത സുന്ദരിക്കോ ചാത്തനോ സ്പോട്ടിക്കോ അനുമതി കൂടാതെ കയറി വരാനാവാത്ത ,ആകാശം തൊടുന്ന ഉയരക്കെട്ടിടങ്ങളെ സ്വപ്നം കാണുന്ന നമുക്കുള്ളില്‍,അല്ലെങ്കിലിപ്പോള്‍ അത്തരമൊരു താളൈക്യം മോഹിക്കുന്ന മനസ്സുണ്ടോ?

       ഏറെ കാലങ്ങള്‍ക്ക് ശേഷം നെല്ലായയിലെത്തുമ്പോള്‍ ,ഉച്ചയൂണിന്‍റെ ചൂടിലേക്കൊഴിച്ച നെയ്യ് ,വേണ്ടെന്നു നിഷേധിക്കെ ,'നമ്മുടെ ഗോമുവിന്‍റെ ഓര്‍മ്മയാണ് ഇതെ'ന്ന്  സങ്കടമാകുന്ന ഈ വീട് ..ഗോമതിയെന്ന അമ്മപ്പശു അതിനകം മരിച്ചു പോയിരുന്നു.(--ഈ വീടിന്‍റെ ഭാഷയില്‍ ._.....നമുക്ക് മൃഗങ്ങള്‍ ചാവുകയാണല്ലോ.രണ്ടാം കിട മരണങ്ങള്‍ .)
     ഗോമുവിന്‍റെ വാത്സല്യം ചേര്‍ത്ത് ഉണ്ണുമ്പോള്‍ എനിക്കും എന്തെന്നില്ലാത്ത ഒരു സങ്കടം തോന്നി .
ഞാനും എപ്പോഴൊക്കെയോ ഈ താളവൃത്തത്തിന്‍റെ ഭാഗമായിരുന്നല്ലോ....

Monday, December 20, 2010

കടല്‍ കാണുമ്പോള്‍

അറ്റമില്ലാത്ത ഈ നീലത്തിന്‍റെ തീരത്ത്,കൃത്യമായ ആകൃതികളോട്കൂടിയ കൂറ്റന്‍ കരിങ്കല്‍ തുണ്ടുകളിലിരുന്നു കാണുമ്പോള്‍ ഓരോരോ കടല്‍ കാഴ്ച്ചക്കാരന്‍റെയും വിചാരങ്ങള്‍  ,സ്വപ്‌നങ്ങള്‍, ചിന്തകള്‍ ,ആകുലതകള്‍, ഏകാകിതകള്‍, ഒക്കെയും വെവ്വേറെയാണ്. ഉള്ളിലെ ഭ്രാന്തന്‍ കാറ്റിനോട് 'സാരമില്ലെ'ന്നു തിരക്കൈകള്‍ നീട്ടി തൊടുന്ന കടലിനെ എനിക്ക് കാണാം. 'ഉള്ളില്‍ തറഞ്ഞ മുള്ളുകളത്രയും എന്നില്‍ ഉപേക്ഷിച്ചു മടങ്ങു എന്നേക്കും 'എന്നു പറയാതെ പറയുന്ന കടല്‍ .സ്വപ്നങ്ങളിലേക്ക് ,അങ്ങേയറ്റം വരെ യാത്ര പോകാനാവുമെന്നു എന്‍റെ വിരല്‍തുമ്പു പിടിക്കുന്ന കടല്‍. തിരകള്‍ക്കുള്ളിലെ നീലപ്പൊത്തുകള്‍ക്കിടയില്‍ പ്രത്യക്ഷമാകുന്ന വിഭ്രാമക രൂപങ്ങള്‍.'വരൂ,ആഴങ്ങള്‍ക്ക് പറയാന്‍ ഏറെ 'എന്നു മോഹിപ്പിക്കുന്ന കടല്‍ നീലം.ഉള്ളിലെ തിരയിളക്കങ്ങളോട് സമരസപ്പെട്ടു എന്നെ കടലാക്കുന്ന ,വെറുമൊരു തുള്ളിയാക്കുന്ന മായാജാലം. എന്‍റെ കടല്‍..ആദ്യ കാഴ്ച്ചയില്‍ തീയുരുകി വീണതെന്ന് എന്‍റെ കുട്ടിക്കണ്ണുകളെ വിഭ്രമപ്പെടുത്തിയ അതേ കടല്‍ .

                    കടല്‍ കാണുന്ന ഏകാകിയുടെ കാഴ്ചയല്ല ,കടല്‍ കാണുന്നൊരു കൂട്ടത്തിന്.കടല്‍ കാണുന്ന പ്രണയിയുടെ ഉള്ളല്ല ,തീരത്തെ സൌഹൃങ്ങള്‍ക്ക്..കടലിനോപ്പം തനിച്ചല്ലാതാവുന്ന പ്രായം ചെന്ന ഈ മനുഷ്യന്..ഓടിതിമര്‍ക്കുന്ന,തിര ക്കൈകളിലേക്ക് കരണംമറിഞ്ഞു കുഞ്ഞി മീനുകളെ പോലെ പൊന്തി വരികയും അകലേക്ക്‌ നീന്തി കാഴ്ച്ചക്കാരെ വിഭ്രമിപ്പിക്കുകയും ചെയ്യുന്ന കൌമാരങ്ങള്‍ക്ക്‌ ,ചെറുപന്തുകള്‍തട്ടിക്കളിച്ചു  തീരത്ത് കുത്തിമറിയുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ,അവര്‍ക്കൊപ്പം കുഞ്ഞുങ്ങളാകുന്ന  അച്ഛന്‍റെതും അമ്മയുടെതും . തിരകളുടെ കൈപിടിച്ച് അമ്മാനമാടി ,കടലില്‍ ചെറു മത്സ്യങ്ങളാകുന്ന അച്ഛനും അമ്മയും ഇനി തിരികെ വരില്ലെന്നോര്‍ത്ത്‌,തീരത്തിരുന്ന, രണ്ടു വയസ്സുകാരി കുഞ്ഞിക്കൈകളില്‍ അമര്‍ത്തിപ്പിടിച്ച മണല്‍തരികളില്‍ അവളുടെ അരക്ഷിതത്വങ്ങളെല്ലാം ഒതുക്കി കരച്ചിലടക്കി.അവളുടെ ഇളംനെഞ്ഞില്‍ കൈ തൊടുമ്പോള്‍ ഭാഷയില്ലാതെ മിടിക്കുന്ന കുഞ്ഞു കുഞ്ഞൊരു ഹൃദയത്തിന്‍റെ തുടിപ്പറിഞ്ഞു.കരയില്‍ അവള്‍ക്കു കൂട്ടിരുന്ന ബന്ധുവിന്‍റെ കൈത്തലങ്ങളില്‍ നിന്നകന്നു അവള്‍ കടലോട് പറഞ്ഞത് എന്തായിരിക്കണം?

                ജീവിതത്തെ കുറിച്ച് ഇനിയും സ്വപ്നത്തിന്‍റെ നനവുള്ളതൊന്നും പകുക്കാന്‍ ഇല്ലെന്നപോലെ ചില ദമ്പതിമാര്‍ ,ഇളം ചുവപ്പ് നിറമാര്‍ന്നൊരു പട്ടം ആകാശത്തിന്‍റെ അതിരോളം പറത്തിവിട്ടു വാശിയോടെ ഒരു ആണ്‍കുട്ടി .അവനു പട്ടം കൊടുത്ത് രാത്രിയന്നത്തിനുള്ള വക തേടുന്ന, കളിയ്ക്കാന്‍ ഇനിയും  നേരമില്ലാത്ത ഒരു കൌമാരം. നിശബ്ദരായി ഉള്ളിലെ കരച്ചിലുകള്‍ മുഴുക്കെ കടലിനു കൊടുത്ത് ഒറ്റയായ്‌ വിരഹികള്‍ .കാറ്റാടിത്തണലിനു കീഴെ ലഹരിയില്‍ മുങ്ങിത്താഴുന്നൊരു യുവാവ്‌ ,കടലപ്പൊതിക്കാരന്‍ ,വിളിപ്പെണ്ണ് ,ഭാവി-ഭൂത-വര്‍ത്തമാനക്കാരന്‍റെ വാക്കുകളിലൂടെ ഭൂതത്തിലേക്ക് ഇടറിയും ,വര്‍ത്തമാനത്തെക്കുറിച്ച് നിസ്സംഗരായും ഭാവിയിലെന്തോ തിരയുന്ന ഒരാള്‍ .
'മാറൂ ,ഈ തിര നിങ്ങളെ നനക്കുമെന്നു, തിരയുടെ വരവ് കണ്ടു പ്രവചിക്കുന്ന കടലമ്മയുടെ മകന്‍ .ഓടി മാറാന്‍ കഴിയാതെ നനഞ്ഞു പോയ പെണ്‍കുട്ടിയുടെ നിസ്സഹായതയിലേക്ക് നോക്കി അയാള്‍ പറയുന്നു:'സാരമില്ല കടല്‍ കാറ്റ് ഉണക്കും'..

            കടലാഴങ്ങളില്‍ സ്വപ്‌നങ്ങള്‍ ചികഞ്ഞു പോയി, സ്ഫടിക തുല്യരായ ആത്മാക്കളായ ആരൊക്കെയോ ചില്ലുപോലെ സുതാര്യമായ ചിറകു വീശുന്ന ശബ്ദങ്ങള്‍. കടലിന്‍റെ ആലസ്യം പൂണ്ട പുലരി ,തീ പിടിച്ച ഉച്ചകള്‍ ,ശാന്തവും വിഷാദ പൂര്‍ണ്ണവുമായ സന്ധ്യകള്‍ ..കടല്‍ രാവ്‌.(രാത്രിയില്‍ കടല്‍ അനങ്ങാതെ കിടക്കുന്നൊരു വിചിത്ര ജീവിയാണെന്ന് ഒരുകടല്‍ രാവിനെക്കുറിച്ച് സ്നേഹിത..)
           കടലോരത്തെ ആകാശത്തിന്‍റെ അതിവിസ്തൃതി,പക്ഷികളുടെ നിശബ്ദത ..ഉള്ളിലെയൊരു പൊള്ളലിനെ കടലാസ്സു തുണ്ടില്‍ പോറി കടലിനു കൊടുക്കുന്ന എന്‍റെ വിഡ്ഢിത്തം ..എകാകിതയുടെ ദ്വീപില്‍ നിന്ന് ആരോ പ്രത്യാശയുടെ സ്ഫടികക്കുപ്പിയിലടച്ചു തിരക്കൈകളില്‍ കൊടുത്തുവിട്ട കുറിമാനത്തെ കുറിച്ചുള്ള കുട്ടിക്കഥ, പൊടുന്നനെ ഉള്ളു തൊട്ടു.ഓരത്ത് എങ്ങോ കടല്‍ മണമുള്ളൊരു ചില്ല് കുപ്പി, തിര മറന്നിട്ടിട്ടുണ്ടോ?

                  ശരീരങ്ങളുടെ ഭാരമൊഴിഞ്ഞ ശങ്ഖുകളുടെ കടലിരമ്പം കേട്ടു ,കടല്‍ മണലില്‍ നൈമിഷികമായ അടയാളങ്ങള്‍ ഉപേക്ഷിച്ച്‌ ഒരു യാത്ര..
               കാറ്റു ചിറകടിക്കുന്നു .

തുണ്ട്‌_ : നീയെന്തേ കടലിലേക്കിറങ്ങി ഒരു കടല്‍ തുള്ളിയാവാത്തത് ' എന്നു തീരത്ത് കണ്ട ജര്‍മന്‍ പെണ്‍കൊടി .
എന്‍റെ ഇഷ്ടം തീരങ്ങളോടെന്നു ഞാന്‍.
'തീരത്ത് നില്‍ക്കെ നിനക്കെന്തെ'ന്ന് അവള്‍ .
'ഈ നിമിഷം ധ്യാനത്തിന്‍റെ സ്വാതന്ത്ര്യം -മാറും നിമിഷം തോറും'..
-'സത്യം'..
അവള്‍ എനിക്കൊപ്പം ചേര്‍ന്നു.
_ഈ ഏകതയാകുന്നു, കടല്‍.