അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Friday, August 19, 2011

എനിക്കിഷ്ടമാണ് നിന്‍റെ വാതില്‍ മുട്ടുവാന്‍

എനിക്കിഷ്ടമാണ്,
നിന്‍റെ വാതില്‍ മുട്ടുവാന്‍ ..
അകത്തെ സ്ഫടിക നിശ്ശബ്ദത ,
എകാന്തമായൊരു കാലൊച്ച ,
വല്ലപ്പോഴും
മാത്രം കേള്‍ക്കാവുന്നൊരു
മൂളിപ്പാട്ട്,
ഒരു വാതില്‍ മുട്ടലിനും
ഓടാമ്പല്‍ നീക്കലിനും ഇടയിലെ
ചില ഏകാന്ത നിമിഷങ്ങള്‍ .
ചില സ്നേഹങ്ങള്‍
വേദനയെക്കാള്‍
തീവ്രമാണെന്നും
കടലിനേക്കാള്‍
ഇരമ്പമുള്ളതെന്നും,
എന്തുമാത്രം വന്യമെന്നും
ഞാന്‍ തിരിച്ചറിയുന്നത്‌
അപ്പോള്‍ മാത്രമാണ് .

...ചില സ്നേഹങ്ങള്‍ കടലിനേക്കാള്‍
 ഇരമ്പമുള്ളതെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോള്‍ മാത്രമാണ്.


Sunday, July 10, 2011

പ്രകാശനം -''അനന്ത പദ്മനാഭന്‍റെ മരക്കുതിരകള്‍ ''

''മഴയ്ക്ക് തീ കൊടുക്കുന്ന ഓര്‍മ്മകള്‍. വിയര്‍ത്തുപോകുന്ന മഞ്ഞുകാലങ്ങള്‍. ആകുലതകളുടെ ഒടുക്കത്തെ പിടച്ചിലുകള്‍. അത്രയസ്വസ്ഥമായൊരു കാലത്ത് ഒരു പെണ്‍കുട്ടി ഒറ്റയ്ക്കു നടന്ന വഴികള്‍. കനലടുപ്പില്‍ നിന്ന് മാംസവിരലുകള്‍കൊണ്ട് വിശക്കുന്നവന് തീ കോരിക്കൊടുക്കേണ്ടിവന്ന ഗതികേടുകള്‍. കഥയല്ലേ ഇത്?-ജീവിതം? ജീവിതംകൊണ്ടമ്പരപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍.''(-''അനന്ത പദ്മനാഭന്‍റെ മരക്കുതിരകള്‍ -ചെറുകഥ,പൂര്‍ണ പബ്ലിക്കെഷന്‍സ്  )


                                                         ഷാഹിന ഇ.കെ യുടെ 
പ്രഥമചെറുകഥാ സമാഹാരം പൂര്‍ണ പബ്ലിക്കെഷന്‍സ് പ്രസിദ്ധീകരിച്ച ''അനന്ത പദ്മനാഭന്‍റെ  മരക്കുതിരകള്‍ ''
എഴുത്തുകാരന്‍  '' ശ്രീ .കല്പറ്റ നാരായണന്‍, കവി മണമ്പൂര്‍ രാജന്‍ ബാബുവിന്  നല്‍കി 9 -7 -2011 നു
മലപ്പുറത്ത് വച്ച് പ്രകാശനം ചെയ്തു.
അറബിക്കഥയിലെ ഷഹരസേദിന്‍റെ ഒടുങ്ങാത്ത കഥകള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നതായി
വളര്‍ന്നുകൊണ്ടേയിരിക്കുന്ന മലയാള ചെറുകഥാ ലോകത്തെ സൂചിപ്പിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ആകുലതയും ആധികളും അരക്ഷിതത്ത്വവും
ഫെമിനിസം പോലുള്ള പ്രസ്ഥാനങ്ങളെ പ്പോലും ദുര്‍ബലമാക്കാന്‍ പോന്നതാണെന്നു അദ്ദേഹം പറഞ്ഞു.
ഉറപ്പും ശക്തിയുമുള്ള പ്രമേയങ്ങള്‍ ''അനന്തപദ്മനാഭന്‍റെ മരക്കുതിരകള്‍ '' എന്ന കഥാസമാഹാരത്തിന്‍റെ
സവിശേഷതയായി അദ്ദേഹം വിലയിരുത്തി.
വീട് വിട്ടിറങ്ങുന്ന പെണ്മക്കളുടെ തിരിച്ചു വരവുകള്‍ ഭീതിയോടെ ,ആകുലതയോടെമാത്രം കാക്കുന്ന
അമ്മമാരുടെ ഈ കാലത്ത് ഈ 12 കഥകള്‍ തികച്ചും പ്രസക്തമാണെന്നു  ശ്രീ .മണമ്പൂര്‍ രാജന്‍ ബാബുപ്രസ്താവിച്ചു.ശ്രീ .ഉണ്ണികൃഷ്ണന്‍ ആവള പുസ്തകപരിചയവും
ഡോ.പി .ഗീത മുഖ്യപ്രഭാഷണവും  നടത്തി.

Wednesday, June 1, 2011

എന്നോട് പകുത്തു തീരാത്ത നിന്‍റെ സ്വപ്നങ്ങളല്ലേ അല്ലെങ്കില്‍ ഈ മഴ ..?

എനിക്കറിയാം
ഈ മഴയുടെ വെള്ളിനാരുകള്‍ക്കപ്പുറത്തു
നീയുണ്ട്..
എന്നോട് പകുത്തു തീരാത്ത
നിന്‍റെ സ്വപ്നങ്ങളല്ലേ
അല്ലെങ്കില്‍ ഈ മഴ ..?
കാഴ്ചയുടെ അതിരുകള്‍ക്കപ്പുറത്തുനിന്ന്
നീയെന്നെ കാണുന്നു ..
വാക്കുകള്‍ക്കപ്പുറത്ത് നിന്ന്
കേള്‍ക്കുന്നു ..
പറയാനോര്‍ക്കുന്നതൊക്കെയും
അറിയുന്നു ...
എവിടെയോ ഒളിച്ചിരുന്ന് .
നിനക്കായിരുന്നു
 പ്രണയം, മഴയോട്..
എനിക്കോ ,
കാറ്റിന്‍റെ
ഭ്രാന്തന്‍ കാലം ...
എങ്കിലും നീയറിയാതെ
ഞാന്‍ മോഹിച്ചിരുന്നു,
നിനക്കൊപ്പം മഴയാകാനൊരു കാലം..
പെയ്തു പെയ്തു ,
ഞാനേത്,നീയേത് മഴയേതെന്നുമറന്നു മറന്ന്‌.....
.



Monday, May 30, 2011

പൊള്ളയായത് കൊണ്ടാവാം

എന്‍റെ കാറ്റിനിപ്പോള്‍ പണ്ടെന്നോ
നീ സമ്മാനിച്ച
വിന്‍ഡ് ചൈമിന്‍റെ സ്വരം ...
ഓരോ കാറ്റും
ഇമ്പമാര്‍ന്ന
പൊട്ടിച്ചിരികളായി
വീടാകെ മുഴങ്ങുന്നു .. ..
 നിന്‍റെ  ഓര്‍മ്മകളിലേക്ക്
ഊയലാടുന്നു .......
സ്ഫടിക ,നീല മത്സ്യങ്ങള്‍
പരസ്പരം കൂട്ടിമുട്ടുന്നു ,
പൊള്ളയായ ഇളം ചുവപ്പ്  ലോഹത്തുണ്ടുകള്‍
വെറുതെ ,വെറുതെ കലമ്പുന്നു..
പൊള്ളയായത് കൊണ്ടാവാം
അവക്കിങ്ങനെ ചിരിക്കാനാവുന്നത്‌...
വെറുമൊരു കാറ്റിലും ഇങ്ങനെ
ആഹ്ലാദിക്കാനാവുന്നത്....


















Friday, April 29, 2011

കണ്ണടക്കാഴ്ചകള്‍

കണ്ണട വയ്ക്കാന്‍  ഇഷ്ടമായിരുന്നു ,കുട്ടിക്കാലത്ത് .അച്ഛന്‍റെ പോക്കറ്റില്‍ വല്ലപ്പോഴുമുള്ള ഉപയോഗത്തിനായി മാത്രം കിടന്ന മെലിഞ്ഞ ചട്ടമുള്ള കണ്ണട ,ഫയല്‍ എഴുതുമ്പോള്‍ വച്ചിരുന്ന എളുപ്പം കേടാകാത്ത തവിട്ടു നിറകണ്ണട , ഗള്‍ഫിലെ സുഹൃത്ത്‌ സമ്മാനിച്ച സ്വര്‍ണച്ചട്ട കണ്ണട,ഒരുദ്ദേശ്യവും ഇല്ലാതെ പിന്നെയും അവിടെയും ഇവിടെയും ചിതറിക്കിടന്ന കണ്ണടകള്‍ ..
ഞാനോരോന്നും എടുത്തു മുഖത്ത് വക്കും .എന്‍റെ കുട്ടിമുഖത്തിന്‍റെ പാതിയും മറക്കുന്ന കണ്ണടകള്‍ .ചതുരാകൃതികള്‍ക്കും വൃത്താകൃതികള്‍ക്കും ഉള്ളിലൂടെ മറ്റേതോ കാഴ്ച .അച്ഛന്‍ വീട്ടിലില്ലാ ത്തപ്പോളുംമേശപ്പുറത്തു നിവര്‍ത്തി വച്ച വലിയ ചതുരക്കണ്ണട അച്ഛന്‍റെ സാന്നിധ്യമോര്‍മിപ്പിച്ചുകൊണ്ട് എന്‍റെ കള്ളത്തരങ്ങള്‍ക്ക് നേരെ ഒരു താക്കീതു നോട്ടം നോക്കി.സ്കൂളിലെ ഗുപ്തന്‍ മാഷ്ടെ, വല്ലപ്പോളും വയ്ക്കാറുള്ള കറുത്ത ചതുരക്കട്ടിക്കണ്ണട ,വീതിക്കാലന്‍ ,-അതിനെ നേരെ നിന്ന് നോക്കാന്‍ കൂടി ദൈവമേ,പേടിയായിരുന്നല്ലോ..മേശമേല്‍  അഴിച്ചു വച്ച് പോകുമ്പോളും അതില്‍ മാഷ്ടെ ഗൌരവ ക്കണ്ണുകള്‍ പലവട്ടം കണ്ടിട്ടുണ്ട് ഞാന്‍ .സുലു ടീച്ചര്‍ ദേഷ്യകണ്ണുകളെ ഇട്ടു വച്ച കട്ടിച്ചില്ല് വട്ടകണ്ണട ..
അവര്‍ക്കൊക്കെ വൃത്തച്ചട്ട ത്തിലൂടെയും ചതുരച്ചട്ടത്തിലൂടെയും നിയതാകൃതികളില്‍ കാഴ്ചകള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നു .കൃത്യവും കണിശവുമായ ആകൃതികളില്‍ ..

                                ഒരു കണ്ണടയുണ്ടെങ്കില്‍ ഇടയ്ക്കുചിന്താമഗ്നയായി ,ഒറ്റക്കയ്യാല്‍ കണ്ണടയൂരി കൈയ്യില്‍ പിടിച്ച് അങ്ങനെയിരിക്കാം ..സിനിമയിലെ നായികയെ പോലെ കണ്ണീര്‍ വരുമ്പോള്‍ കണ്ണടച്ചില്ലിലൂടെ കൈകടത്തി ,കണ്ണീരു തുടക്കാം.മൂക്കിന്‍ തുമ്പത്തേക്കിറങ്ങുന്ന കണ്ണടയെ മധ്യത്തിലെ ലോഹത്തുണ്ട്തൊട്ടു  കൃത്യതയില്‍ വയ്ക്കാം.കണ്ണടയില്ലാ കൂട്ടങ്ങള്‍ക്കു മുമ്പില്‍ ഗമയില്‍ നടക്കാം .അങ്ങനെ അച്ഛനും ഗുപ്തന്‍ മാഷും സുഹാസിനി ടീച്ചരുമൊക്കെ അവരോളം അറിവും ഗമയുമുള്ള ഒരാളായി എന്നെ കാണും .''കണ്ണട വച്ച കുട്ടി''എന്നത് എന്‍റെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാവും .പല നിറാകൃതിക്കണ്ണടകളിലൂടെ  വര്‍ഷംതോറും കാഴ്ച മാറ്റും .എന്ത് രസമാവും!
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കാണാന്‍ സിനിമ തീരും വരെ മാത്രം കിട്ടിയ 3 ഡി കണ്ണട വച്ചിരുന്ന അതേ സ്റ്റൈലില്‍ സ്വന്തമൊരു കണ്ണട! ..

                          അങ്ങനെയിരിക്കെ ,ഒരു ദിവസം ആകാശത്ത് കണ്ണും നട്ട് അന്തം വിട്ടിരിക്കുമ്പോള്‍ ,മേഘ ക്കൂട്ടമൊഴിഞ്ഞതാ തെളിഞ്ഞു വരുന്നു ,ഇരട്ട ചന്ദ്രന്മാര്‍ .
വീണ്ടും വീണ്ടും നോക്കുന്നു. അതേ....മാറ്റമില്ല ..(പിന്നീട് ചരിത്രം പഠിച്ചപ്പോഴും കൊടുങ്ങല്ലൂര് കണ്ടപ്പോഴും കേട്ട ,മക്കയിലേക്കുള്ള യാത്രക്ക് മുമ്പേ ചേരമാന്‍ പെരുമാള്‍ കണ്ട ഇരട്ട ചന്ദ്രന്മാരല്ല) ,തലേന്ന് സ്കൂളില്‍ ബോര്‍ഡെഴുത്തിലും അങ്ങനെയുണ്ടായി .അക്ഷരങ്ങള്‍ക്ക് പുറത്തു കയറിയിരുന്നു ആന കളിക്കുന്ന അക്ഷരങ്ങള്‍ ..സൂക്ഷിച്ചു നോക്കിയില്ലെങ്കില്‍ ദിവ്യ എങ്ങനെ വിജയകുമാരിയാകുന്നു? മീന ചിരിച്ചത് കാണാതെ പോയതിനു അവളെന്നെ ജാടയെന്നു പ്രാകുന്നു..

                      കണ്ണ് ഡോക്ടര്‍ കണ്ണിന്‍റെ ആഴത്തിലേക്ക് സുഖമുള്ളൊരു നീല വെളിച്ചം പായിച്ചു.കൃഷ്ണ മണിക്കുള്ളിലേക്ക് തുറിച്ചു നോക്കി.
''വായിക്കു"'...
ഭിത്തിയില്‍ തൂക്കിയിട്ട വെളുത്ത കടലാസ്സില്‍ പല വലുപ്പത്തില്‍ എ ബി സി ഡി ...
ഒന്നാം നിര മുഴുക്കെ വായിച്ചു.തടിയന്‍ അക്ഷരങ്ങള്‍ ..
രണ്ടാം നിര..തപ്പി വായിക്കുമ്പോള്‍ ചിലത് മറിഞ്ഞും തിരിഞ്ഞും പോയി..
മൂന്നാം നിര ..കാണാം ,ഒരു മഞ്ഞുകാലക്കാഴ്ച പോലെ.. ഒളിച്ചിരിക്കുന്ന അക്ഷരങ്ങളെ ഒരു തരത്തിലും പിടി കിട്ടാതെ ...
''ഷോര്‍ട്ട് സൈറ്റ് ''.......
.ഡോക്ടര്‍ പറഞ്ഞു .
ദൈവമേ അതെന്തു ?എനിക്ക് കരച്ചില്‍ വരുന്നു...എന്താണ് ഡോക്ടര്‍ പറഞ്ഞത് ?!!!
അച്ഛന്‍ ഒന്നും മിണ്ടുന്നില്ല.ഡോക്ടറുടെ സഹായി പെട്ടി തുറന്നു എന്‍റെ മുഖത്തു വച്ച്
 തരുന്ന പല തരം ചില്ലുകള്‍..കണ്ണട പോലെ ..ചില്ലുകള്‍ അടര്‍ത്തി എടുക്കുക്കനാവുന്നുണ്ട്  പക്ഷെ .
''കാണാമോ''?ഓരോ ചില്ല് വക്കുമ്പോഴും ഡോക്ടര്‍ ചോദിക്കുന്നു
''ഇല്ല''..
ഇതോ''?
"ഉം ..കുറച്ചു.."
ഇത്?..." ..
''നന്നായി'' .........
ആ ചില്ല് അടര്‍ത്തി എടുത്തു സൂക്ഷ്മം പരിശോധിച്ച് കുറിപ്പെഴുതുന്നു ..
''കണ്ണട വേണം''
എന്‍റെ ഉള്ളില്‍ ഒരു വെളുത്ത തിര പൊട്ടിച്ചിരിയോടെ ചിതറി ..
കണ്ണട ...കണ്ണട കിട്ടുന്നു ..
അച്ഛന്‍റെ ,ഗുപ്തന്‍ മാഷ്ടെ ,സുലോചന ടീച്ചറുടെ ,സുഹാസിനീ   ടീച്ചറുടെകൂട്ട് കണ്ണട ..!!
         ''ടി വി കണ്ടു കണ്ണ് കേടു വരുത്തി "..അച്ഛന്‍ ദേഷ്യത്തോടെ ,അതിലേറെ സങ്കടത്തോടെ എന്‍റെ ഇത്തിരിപ്പോന്ന കുട്ടിമുഖത്തേക്ക് നോക്കുന്നു .
''ഞാന്‍ കുറച്ചല്ലേ ടി വി കാണാറുള്ളൂ ' എന്നൊന്നും തര്‍ക്കിക്കാന്‍ പോയില്ല.സന്തോഷം കൊണ്ടെനിക്ക് ഇരിക്ക പൊറുതി ഇല്ലാതായിരുന്നു .

                  കണ്ണടക്കടയിലെ എന്‍റെ പ്രായക്കാര്‍ക്കു ഇണങ്ങുന്ന കണ്ണടക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞാനും അച്ഛനും .
കടല്‍ ജീവിയുടെ തോടുകൊണ്ടുണ്ടാക്കിയതെന്നു പറഞ്ഞ മഞ്ഞക്കാലന്‍ കണ്ണടയാണ്‌,കടക്കാരന്‍റെ ഇഷ്ടം .ഉറപ്പുള്ള കറുത്ത ചട്ടമുള്ളത് അച്ഛന്‍റെ ..
മെല്ലിച്ച,ഗൗരവമുള്ള ,ഒന്നാണ് എനിക്ക്..

തുള്ളി: കണ്ണടക്കാരുടെ കാഴ്ച ,കാഴ്ചയുടെ ആകൃതി ,നിയതമായ രൂപങ്ങളിലേക്കു മാറ്റപ്പെടുന്നുണ്ടോ?
കാണേണ്ടവയെ മാത്രം കൃത്യം ആകൃതികളിലൂടെ, ചുറ്റും ഉള്ളവയെ അപ്രസക്തമാക്കി ..?
കണ്ണട ഉള്ളവനും ഇല്ലാത്തവനും തമ്മിലെ കാഴ്ചക്ക് അങ്ങനൊരു ദൂരമുണ്ടോ ?
മറക്കപ്പെടുന്ന കണ്ണുകള്‍ അവര്‍ക്കിടെ, നേര്‍ത്ത ഒരകലം സൃഷ്ടിക്കുന്നുണ്ടോ?
ഒരു തോന്നല്‍ .
ഹ്രസ്വദൃഷ്ടി കണ്ണടയിലൂടെ തന്നെ ഇപ്പോഴും കാണുമ്പോള്‍..

Wednesday, March 30, 2011

ഫെബ്രുവരി 1 -8/ -2011 ഒരുപെണ്‍കുറിപ്പ്

ഫെബ്രുവരി ഒന്ന് : ഫെബ്രുവരി  ഒന്നിന്‍റെ വര്‍ത്തമാന പത്രങ്ങള്‍ പറഞ്ഞു ,ട്രെയിനില്‍ നിന്നു വീണു മാരകമായി പരുക്കേറ്റ ഒരു പെണ്‍കുട്ടി, അവശനിലയില്‍ ചെറുതുരുത്തിപ്പാലത്തിനരികെ വീണു കിടക്കുന്നതായി കണ്ടെത്തിയ അസാധാരണത്വമേറെയില്ലാത്തൊരു  ചെറു വാര്‍ത്ത.വെറുമൊരു വായനക്കടന്നുപോകലിനുമപ്പുറം അധികമാരും ശ്രദ്ധിക്കാതെ പോയത് .പതിവ്പടി ഒരാത്മഹത്യാശ്രമമെന്ന് താള് മറിക്കെ ചിലരെങ്കിലും ....

ഫെബ്രുവരി രണ്ട്:

പാളത്തിനരികെ മാരകമാം വിധം മുറിവേറ്റു കിടന്ന പെണ്‍കുട്ടിയുടെ ചെറു വാര്‍ത്ത ,ചോര മണക്കുന്ന ഭീതിതമായൊരു കഥയായി പരിണമിക്കുന്നത് ...
നില തെറ്റിയതല്ല ,തീവണ്ടിയില്‍നിന്നു തള്ളി താഴെയിട്ടതാണെന്നു ബോധത്തിനും അബോധത്തിനും ഇടയ്ക്കു അവള്‍ വെളിപ്പെടുത്തുമ്പോഴേക്കും അതിനിടക്കെപ്പോഴോ വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിരുന്നു അവള്‍ പാതി മരണം മരിച്ചിരുന്നുവെന്ന് ..
ഒറ്റക്കയ്യ്‌ മാത്രമുള്ള ഒരു മനുഷ്യപ്പിശാച്ചിന്‍റെ അവ്യക്തരൂപംമാത്രം മൊഴി നല്‍കി അവളുടെ ഓര്‍മ്മ പിന്നെ മാഞ്ഞു പോകുമ്പോള്‍ തനിയെ യാത്ര ചെയ്യുന്നവര്‍ മാത്രമല്ല ,കേരളത്തിലെ മുഴുവന്‍ സ്ത്രീകളും പറഞ്ഞറിയിക്കാനാവാത്ത അപമാനങ്ങളുടെ ,വെറുപ്പിന്‍റെ  ,മുറിവുകളുടെ ,ഭാഗമായത് ..പെണ്കൂട്ടങ്ങള്‍ ഭീതിയോടെ അവരുടെ എകാകിതകളും ആശങ്കകളും ചര്‍ച്ച ചെയ്തു. ജീവിതത്തിനും മരണത്തിനുമിടക്ക് പല മരണങ്ങള്‍ കടന്നു പോയൊരു പാവം പെണ്‍കുട്ടി വൈദ്യശാസ്ത്രത്തിന്‍റെ കാരുണ്യത്തില്‍ ദീര്‍ഘ ശസ്ത്രക്രിയകള്‍ പിന്നിടുമ്പോള്‍ ,ജീവന്‍റെ ചെറുനൂലുകളില്‍ അവള്‍ ആടിക്കൊണ്ടിരിക്കുമ്പോള്‍ ,അവളുടെ തലച്ചോറിലെ മുറിഞ്ഞു പോയ ഓര്‍മ്മ ഞരമ്പുകളെ ,ജീവ സ്വപ്നങ്ങളെ പുനര്‍ജനിപ്പിക്കാനായി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്ന ഡോക്ടര്‍ മാര്‍ ഇടയ്ക്കു പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ നേര്‍ത്ത പ്രത്യാശയുടെ വെട്ടം പോലുമില്ലാതിരുന്നിട്ടും ആരുടെയൊക്കെയോ പ്രാര്‍ത്ഥനകള്‍ അവളുടെ ജീവന്റെ ചെരാതിനെ കെടാതെ കൈ അണച്ച് പിടിയ്ക്കുമെന്നു വെറുതെ പ്രത്യാശിച്ചിരുന്നു ,ആ കുടുംബത്തിന്റെ വേദനകള്‍ക്കൊപ്പം..
                                                                                                                                                                                                 
 ഫെബ്രുവരി മൂന്ന്:

കുറ്റവാളി പിടിക്കപ്പെട്ടു .തമിഴ്നാട്ടിലെ ഈ  കൊടും കുറ്റവാളി,അവിടുത്തെ പോലിസ് നിരീക്ഷണം ശക്തമാക്കിയപ്പോള്‍ കണ്ടെത്തിയ സുരക്ഷിതവും വളക്കൂറുള്ളതുമായ ഇടമായിരുന്നു,നമ്മുടെ കേരളം!
രണ്ടു മാസക്കാലമായി തടസ്സങ്ങള്‍ ഇല്ലാതെ പിടിച്ചു പറിയും കുറ്റ കൃത്യങ്ങളുമായി അവന്‍ ഇവിടെയൊരു സാന്നിധ്യമായിരുന്നു ..
വാര്‍ത്ത പറഞ്ഞു :പുതിയ സ്വപ്നങ്ങളുമായി  യാത്ര പുറപ്പെട്ട അവളെക്കുറിച്ച് .പഠനത്തില്‍ മിടുക്കി ,തുടര്‍ പഠനത്തെ സാമ്പത്തിക ബാധ്യതകള്‍ ഞെരുക്കുമ്പോള്‍ അമ്മക്കൊപ്പം കുടുംബത്തിന്‍റെ ബാധ്യതകള്‍ ഏറ്റെടുത്തവള്‍,ജോലിയില്‍ നിന്നും സ്വരൂപിക്കുന്ന ചെറു തുകകള്‍ സ്വരൂപിച്ചു പഠനം മുഴുമിക്കുന്നത് സ്വപ്നം കണ്ടവള്‍ ,കുഞ്ഞൊരു വീട് പണിയുന്നത് സ്വപ്നമായി കൊണ്ട് നടന്നവള്‍..
അതിനൊക്കെ ഇടക്കാണ്‌ പുതിയൊരു ജീവിതമെന്ന പ്രതീക്ഷയും പേറി ജോലിയിടത്ത് നിന്നും ഒരു പെണ്ണ് കാണല്‍  ചടങ്ങിനായി അവള്‍ വീട്ടിലേക്കു പുറപ്പെട്ടത്‌ .യാത്ര തീരാറാവുമ്പോഴേക്കും പെണ്‍ കമ്പാര്‍ട്ട്മേന്ടില്‍ അവള്‍ ഒറ്റയാകുന്നു .
ഇരയാക്കപ്പെടുകയായിരുന്നു.
ആക്രമിച്ചത് പണത്തിനു വേണ്ടിയായിരുന്നെന്നു കുറ്റ സമ്മതം ചെയ്ത കുറ്റവാളി ,അവളുടെ കൈയിലുണ്ടായിരുന്നത് ചെറു തുകയും പഴയ ഒരു സെല്‍ഫോണും ആണെന്ന തിരിച്ചറിവിന്‍റെ ,നിരാശയില്‍,അവളുടെ ചെറുത്തുനില്‍പ്പുണര്‍ത്തിയ പകയിലാണത്രെ അവളുടെ മാനത്തെ ,ജീവനെ ,ചതച്ചരച്ചത് ...
ചോര മണക്കുന്ന ,ജീവന്റെ പാതിയറ്റൊരു പെണ്കുഞ്ഞിനോട്,അവളുടെ നിഷ്കളങ്കതയോട്‌ ,ദൈന്യതയോട് അവനെന്തു  കാരുണ്യം ?
ഫെബ്രുവരി നാല് :

അവളെക്കുറിച്ച് നേര്‍ത്ത പ്രത്യാശ പകരുന്ന വൈദ്യ ശാസ്ത്ര ക്കുറിപ്പുകള്‍.
എങ്ങനെയാണ് ഇനിയെന്‍റെ പെണ്‍ കുഞ്ഞുങ്ങളെ ചിറകില്‍ ഒതുക്കേണ്ടതെന്നു ആശങ്കപ്പെടുന്ന അമ്മമാരെ ,സുരക്ഷിതത്വമെന്ന ഭീതി വല്ലാതെ ചൂഴ്ന്നു തുടങ്ങിയ പെണ്‍കുഞ്ഞുങ്ങളെ ,കണ്ടു. പോയൊരാഴ്ചയില്‍ രാതി വണ്ടിയിറങ്ങിയ മകളെ ചേര്‍ത്ത് പിടിച്ചു പ്ലാട്ഫോമിന്‍റെ വെളിച്ചത്തിലൂടെ നടക്കെ അവളെ വലിച്ചിഴക്കാന്‍ ശ്രമിച്ച അജ്ഞാതമായ കൈകളെക്കുറിച്ച് പിടഞ്ഞ അരക്ഷിതനായ ഒരു അച്ഛന്‍റെ ഭീതികള്‍ കേട്ടു.
ഫെബ്രുവരി അഞ്ച്‌:

മരണത്തിനും ജീവിതത്തിനുമിടയിലെ അനിശ്ചിതത്വത്തിലേക്കു വീണ്ടുമവള്‍ ഊര്‍ന്നു പോയിരിക്കുന്നു .
തിരികെ ജീവിതത്തിലേക്ക് മടങ്ങിയാല്‍ ഇതേ സമൂഹം അവളെ എങ്ങനെ സ്വീകരിക്കുമെന്ന വേവലാതിയോടെ ,ആശങ്കയോടെ,വേദനയോടെതന്നെ ഇപ്പോഴും അവള്‍ക്കു വേണ്ടി ആരൊക്കെയോ പ്രാര്‍ഥിക്കുന്നുഎങ്കിലും ..
''she is our sister
she belongs to our family
she is  the hope of tomorrow ,
who was fated for the shornur train incident 
lets hold our hands  together  
ആന്‍ഡ്‌ fuelled by  love  and  concern
prior  to her grief and pain
please  join  in  this  chain  and  pass  it ..
-stop violence against women "..
ഫെബ്രുവരി ആറ് വൈകിട്ട് ഓരോ സെല്ലിലേക്കും വന്നു കൊണ്ടിരുന്ന ഈ സന്ദേശം നിങ്ങളില്‍ പലരുടെയും ഇന്ബോക്സുകളില്‍ ഇപ്പോഴും ശേഷിപ്പുണ്ടാവാം .തുടര്‍ന്ന് വന്നു കാണും ആധി പിടിച്ച ഒരു അച്ഛന്‍റെ ,അമ്മയുടെ ,കൂട്ടുകാരന്‍റെ,കൂട്ടുകാരിയുടെ ,റെയില്‍ അലേര്‍ട്ട് നമ്പറുകള്‍ സൂചിപ്പിക്കുന്ന നീളന്‍ സന്ദേശങ്ങള്‍ ..
കേരളത്തിലെ പെണ്‍കുട്ടികള്‍ മാത്രമല്ല,അമ്മയോ ഭാര്യയോ ,മകളോ ,അനിയത്തിയോ ,മുത്തശ്ശിയോ ഉള്ള,അവരെ അവരായി കാണുന്ന ഓരോരുത്തരും നിശ്ശബ്ദം ഉള്ളിലേറ്റുന്ന ഒരാധികൂടി ആ സന്ദേശങ്ങള്‍ പേറിയിരുന്നു..
-ഞെട്ടിച്ചുകൊണ്ട് സന്ധ്യാ വാര്‍ത്ത ഫ്ലാഷ് വാര്‍ത്ത തന്നു.
ആ പെണ്‍കുട്ടി മരിച്ചതായി.
ഒരു നിമിഷം അവളുടെ മുഖം .
തകര്‍ന്നു തരിപ്പണമായ ഒരച്ഛനെ ,അമ്മയെ ,അനുജനെ ...
വൈദ്യശാസ്ത്രത്തി ന്‍റെ പരിധികള്‍ തീര്‍ന്നിരിക്കുന്നു. പ്രാര്‍ത്ഥന കളുടെയും .
ഒരു പാവം പെണ്‍കുട്ടിയുടെ ചെറിയ ജീവിടത്തി ന്‍റെ ,സ്വപ്നങ്ങളുടെ ..
ഫെബ്രുവരി ഏഴ്

ഹര്‍ത്താല്‍ ആണ് അവളുടെ നാട്ടില്‍ .റെയില്‍വേ ക്ക് തെറ്റ് പറ്റിയില്ലെന്നു ആണയിട്ടു പറഞ്ഞ മന്ത്രി ധന സഹായം പ്രഖ്യാപിച്ചിരിക്കുന്നു .പെണ്‍ കംബാര്‍ത്ടുമെന്റില്‍ പുരുഷന്മാര്‍ കയറുന്നത് സ്ത്രീകളുടെ അനാസ്ഥ കാരണമെന്ന് റെയില്‍വേ യുടെ സത്യവാങ്ങ്മൂലം .
ചില സ്റ്റേഷന്‍ ഒറ്റപ്പെട്ട ആക്രമണങ്ങളെ നേരിട്ടു.കറുപ്പന്‍ ബാഡ്ജു കുത്തി ,നിരാഹാരമാചരിച്ചു,ദുഖവും പ്രതിഷേധവും പറയുന്ന വനിതാ സംഘടനകള്‍ ...
വരും ദിവസങ്ങളില്‍ മന്ത്രിമാരും പ്രമുഖരും അവളുടെ കുഞ്ഞു വീട് സന്ദര്ശിക്കാനിരിക്കുന്നു..
കൂടുതല്‍ ധന സഹായം പ്രഖ്യാപിക്ക പ്പെടാം .ചാനലുകളില്‍ സ്ത്രീ സുരക്ഷ സജീവ ചര്‍ച്ചയാവും -അല്‍പ്പ നാള്‍ .
പിന്നെ പരിചയിച്ചു പഴകുന്ന എല്ലാ ഭീതികളോടും എന്നാ പോലെ സമൂഹം ഇതുമായും പൊരുത്തപ്പെടും .രാത്രി തീവണ്ടികള്‍ പോയ്ക്കൊണ്ടേ യിരിക്കും .ഏകാന്ത യാത്രികരായ പെണ്‍കുട്ടികള്‍ യാത്ര തുടരും ."അപൂര്‍വങ്ങളില്‍ അപൂര്‍വ്വ" മാകണം എന്നില്ല ഈ സംഭവം.പ്രതിക്ക്,അര്‍ഹിക്കുന്ന ശിക്ഷ കിട്ടും വിധം .ഒരു ഗോവിന്ദ ചാമി ഇപ്പോള്‍ നിയമത്തിന്‍റെ പരിധിയിലാണ്
നിയമത്തിന്‍റെ കണ്മുംബിലൂടെയും കണ്ണ് വെട്ടിച്ചും ഇര കാത്തും പതുങ്ങിയും എത്രയോ ഗോവിന്ദചാമിമാര്‍..ജാഗ്രത ..
ഫെബ്രുവരി എട്ട്:
ചേച്ചിയുടെ ചിത കൊളുത്തിക്കഴിഞ്ഞു ഉള്ളുലഞ്ഞു കരയുന്നൊരു അനുജന്‍റെ പടമുണ്ട് പത്രത്താളില്‍ .
മനസ്സാക്ഷി ഒരു ക്ലിഷേ പദം അല്ലെങ്കില്‍ ഈ വേദന നമുക്ക് ഉള്‍ക്കൊള്ളാതിരിക്കാന്‍ ആവില്ല .

തുണ്ട് :
ഏറെ നിയമങ്ങളുണ്ട് നമ്മുടെ നാട്ടില്‍ പെണ്‍ സുരക്ഷയ്ക്ക്.ഈയിടെ പാസ്സാക്കിയ ഒരു ബില്ലടക്കം ..
അവയെല്ലാം എത്രത്തോളം സുരക്ഷ ഉറപ്പിക്കുന്നു?
ഷോര്‍ണൂര്‍ സംഭവം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ തീവണ്ടികളില്‍ പലവിധ  ആക്രമണങ്ങള്‍ നടന്നു ..
വാല്‍ തുണ്ട് :

രാത്രി വണ്ടികളില്‍ സ്ത്രീകള്‍ കുറയുന്നതായി ഈയിടെ ഒരു പത്ര റിപ്പോര്‍ട്ട്‌ ....