അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Monday, December 20, 2010

കടല്‍ കാണുമ്പോള്‍

അറ്റമില്ലാത്ത ഈ നീലത്തിന്‍റെ തീരത്ത്,കൃത്യമായ ആകൃതികളോട്കൂടിയ കൂറ്റന്‍ കരിങ്കല്‍ തുണ്ടുകളിലിരുന്നു കാണുമ്പോള്‍ ഓരോരോ കടല്‍ കാഴ്ച്ചക്കാരന്‍റെയും വിചാരങ്ങള്‍  ,സ്വപ്‌നങ്ങള്‍, ചിന്തകള്‍ ,ആകുലതകള്‍, ഏകാകിതകള്‍, ഒക്കെയും വെവ്വേറെയാണ്. ഉള്ളിലെ ഭ്രാന്തന്‍ കാറ്റിനോട് 'സാരമില്ലെ'ന്നു തിരക്കൈകള്‍ നീട്ടി തൊടുന്ന കടലിനെ എനിക്ക് കാണാം. 'ഉള്ളില്‍ തറഞ്ഞ മുള്ളുകളത്രയും എന്നില്‍ ഉപേക്ഷിച്ചു മടങ്ങു എന്നേക്കും 'എന്നു പറയാതെ പറയുന്ന കടല്‍ .സ്വപ്നങ്ങളിലേക്ക് ,അങ്ങേയറ്റം വരെ യാത്ര പോകാനാവുമെന്നു എന്‍റെ വിരല്‍തുമ്പു പിടിക്കുന്ന കടല്‍. തിരകള്‍ക്കുള്ളിലെ നീലപ്പൊത്തുകള്‍ക്കിടയില്‍ പ്രത്യക്ഷമാകുന്ന വിഭ്രാമക രൂപങ്ങള്‍.'വരൂ,ആഴങ്ങള്‍ക്ക് പറയാന്‍ ഏറെ 'എന്നു മോഹിപ്പിക്കുന്ന കടല്‍ നീലം.ഉള്ളിലെ തിരയിളക്കങ്ങളോട് സമരസപ്പെട്ടു എന്നെ കടലാക്കുന്ന ,വെറുമൊരു തുള്ളിയാക്കുന്ന മായാജാലം. എന്‍റെ കടല്‍..ആദ്യ കാഴ്ച്ചയില്‍ തീയുരുകി വീണതെന്ന് എന്‍റെ കുട്ടിക്കണ്ണുകളെ വിഭ്രമപ്പെടുത്തിയ അതേ കടല്‍ .

                    കടല്‍ കാണുന്ന ഏകാകിയുടെ കാഴ്ചയല്ല ,കടല്‍ കാണുന്നൊരു കൂട്ടത്തിന്.കടല്‍ കാണുന്ന പ്രണയിയുടെ ഉള്ളല്ല ,തീരത്തെ സൌഹൃങ്ങള്‍ക്ക്..കടലിനോപ്പം തനിച്ചല്ലാതാവുന്ന പ്രായം ചെന്ന ഈ മനുഷ്യന്..ഓടിതിമര്‍ക്കുന്ന,തിര ക്കൈകളിലേക്ക് കരണംമറിഞ്ഞു കുഞ്ഞി മീനുകളെ പോലെ പൊന്തി വരികയും അകലേക്ക്‌ നീന്തി കാഴ്ച്ചക്കാരെ വിഭ്രമിപ്പിക്കുകയും ചെയ്യുന്ന കൌമാരങ്ങള്‍ക്ക്‌ ,ചെറുപന്തുകള്‍തട്ടിക്കളിച്ചു  തീരത്ത് കുത്തിമറിയുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ,അവര്‍ക്കൊപ്പം കുഞ്ഞുങ്ങളാകുന്ന  അച്ഛന്‍റെതും അമ്മയുടെതും . തിരകളുടെ കൈപിടിച്ച് അമ്മാനമാടി ,കടലില്‍ ചെറു മത്സ്യങ്ങളാകുന്ന അച്ഛനും അമ്മയും ഇനി തിരികെ വരില്ലെന്നോര്‍ത്ത്‌,തീരത്തിരുന്ന, രണ്ടു വയസ്സുകാരി കുഞ്ഞിക്കൈകളില്‍ അമര്‍ത്തിപ്പിടിച്ച മണല്‍തരികളില്‍ അവളുടെ അരക്ഷിതത്വങ്ങളെല്ലാം ഒതുക്കി കരച്ചിലടക്കി.അവളുടെ ഇളംനെഞ്ഞില്‍ കൈ തൊടുമ്പോള്‍ ഭാഷയില്ലാതെ മിടിക്കുന്ന കുഞ്ഞു കുഞ്ഞൊരു ഹൃദയത്തിന്‍റെ തുടിപ്പറിഞ്ഞു.കരയില്‍ അവള്‍ക്കു കൂട്ടിരുന്ന ബന്ധുവിന്‍റെ കൈത്തലങ്ങളില്‍ നിന്നകന്നു അവള്‍ കടലോട് പറഞ്ഞത് എന്തായിരിക്കണം?

                ജീവിതത്തെ കുറിച്ച് ഇനിയും സ്വപ്നത്തിന്‍റെ നനവുള്ളതൊന്നും പകുക്കാന്‍ ഇല്ലെന്നപോലെ ചില ദമ്പതിമാര്‍ ,ഇളം ചുവപ്പ് നിറമാര്‍ന്നൊരു പട്ടം ആകാശത്തിന്‍റെ അതിരോളം പറത്തിവിട്ടു വാശിയോടെ ഒരു ആണ്‍കുട്ടി .അവനു പട്ടം കൊടുത്ത് രാത്രിയന്നത്തിനുള്ള വക തേടുന്ന, കളിയ്ക്കാന്‍ ഇനിയും  നേരമില്ലാത്ത ഒരു കൌമാരം. നിശബ്ദരായി ഉള്ളിലെ കരച്ചിലുകള്‍ മുഴുക്കെ കടലിനു കൊടുത്ത് ഒറ്റയായ്‌ വിരഹികള്‍ .കാറ്റാടിത്തണലിനു കീഴെ ലഹരിയില്‍ മുങ്ങിത്താഴുന്നൊരു യുവാവ്‌ ,കടലപ്പൊതിക്കാരന്‍ ,വിളിപ്പെണ്ണ് ,ഭാവി-ഭൂത-വര്‍ത്തമാനക്കാരന്‍റെ വാക്കുകളിലൂടെ ഭൂതത്തിലേക്ക് ഇടറിയും ,വര്‍ത്തമാനത്തെക്കുറിച്ച് നിസ്സംഗരായും ഭാവിയിലെന്തോ തിരയുന്ന ഒരാള്‍ .
'മാറൂ ,ഈ തിര നിങ്ങളെ നനക്കുമെന്നു, തിരയുടെ വരവ് കണ്ടു പ്രവചിക്കുന്ന കടലമ്മയുടെ മകന്‍ .ഓടി മാറാന്‍ കഴിയാതെ നനഞ്ഞു പോയ പെണ്‍കുട്ടിയുടെ നിസ്സഹായതയിലേക്ക് നോക്കി അയാള്‍ പറയുന്നു:'സാരമില്ല കടല്‍ കാറ്റ് ഉണക്കും'..

            കടലാഴങ്ങളില്‍ സ്വപ്‌നങ്ങള്‍ ചികഞ്ഞു പോയി, സ്ഫടിക തുല്യരായ ആത്മാക്കളായ ആരൊക്കെയോ ചില്ലുപോലെ സുതാര്യമായ ചിറകു വീശുന്ന ശബ്ദങ്ങള്‍. കടലിന്‍റെ ആലസ്യം പൂണ്ട പുലരി ,തീ പിടിച്ച ഉച്ചകള്‍ ,ശാന്തവും വിഷാദ പൂര്‍ണ്ണവുമായ സന്ധ്യകള്‍ ..കടല്‍ രാവ്‌.(രാത്രിയില്‍ കടല്‍ അനങ്ങാതെ കിടക്കുന്നൊരു വിചിത്ര ജീവിയാണെന്ന് ഒരുകടല്‍ രാവിനെക്കുറിച്ച് സ്നേഹിത..)
           കടലോരത്തെ ആകാശത്തിന്‍റെ അതിവിസ്തൃതി,പക്ഷികളുടെ നിശബ്ദത ..ഉള്ളിലെയൊരു പൊള്ളലിനെ കടലാസ്സു തുണ്ടില്‍ പോറി കടലിനു കൊടുക്കുന്ന എന്‍റെ വിഡ്ഢിത്തം ..എകാകിതയുടെ ദ്വീപില്‍ നിന്ന് ആരോ പ്രത്യാശയുടെ സ്ഫടികക്കുപ്പിയിലടച്ചു തിരക്കൈകളില്‍ കൊടുത്തുവിട്ട കുറിമാനത്തെ കുറിച്ചുള്ള കുട്ടിക്കഥ, പൊടുന്നനെ ഉള്ളു തൊട്ടു.ഓരത്ത് എങ്ങോ കടല്‍ മണമുള്ളൊരു ചില്ല് കുപ്പി, തിര മറന്നിട്ടിട്ടുണ്ടോ?

                  ശരീരങ്ങളുടെ ഭാരമൊഴിഞ്ഞ ശങ്ഖുകളുടെ കടലിരമ്പം കേട്ടു ,കടല്‍ മണലില്‍ നൈമിഷികമായ അടയാളങ്ങള്‍ ഉപേക്ഷിച്ച്‌ ഒരു യാത്ര..
               കാറ്റു ചിറകടിക്കുന്നു .

തുണ്ട്‌_ : നീയെന്തേ കടലിലേക്കിറങ്ങി ഒരു കടല്‍ തുള്ളിയാവാത്തത് ' എന്നു തീരത്ത് കണ്ട ജര്‍മന്‍ പെണ്‍കൊടി .
എന്‍റെ ഇഷ്ടം തീരങ്ങളോടെന്നു ഞാന്‍.
'തീരത്ത് നില്‍ക്കെ നിനക്കെന്തെ'ന്ന് അവള്‍ .
'ഈ നിമിഷം ധ്യാനത്തിന്‍റെ സ്വാതന്ത്ര്യം -മാറും നിമിഷം തോറും'..
-'സത്യം'..
അവള്‍ എനിക്കൊപ്പം ചേര്‍ന്നു.
_ഈ ഏകതയാകുന്നു, കടല്‍.

Wednesday, November 24, 2010

മഴ പെയ്യുന്നേയില്ലല്ലോ

നിനക്കൊപ്പം
കുടയെടുക്കാതെ  നനയാന്‍ ..
_മഴ പെയ്യുന്നേയില്ലല്ലോ..

Friday, August 20, 2010

മഞ്ഞചെമ്പകം മണക്കുന്നു

മഴ ..
മരിച്ചുപോയ സ്നേഹിത
മഴത്തുള്ളിയില്‍  ഒളിച്ചു വന്നു ..
ആകാശത്തെ മാലാഖമാരെ പറ്റിച്ച്,
അവള്‍ പൊട്ടിച്ചിരിച്ചു.
പഴയ പടി .
ജലത്തുള്ളി പോലെ തെളിഞ്ഞ ആത്മാവ് ,
ചെമ്പകപ്പൂക്കളുടെ മണം  തന്നു ..
അവള്‍ക്കു ശേഷവും ഇരുട്ട്
മഞ്ഞചെമ്പകം മണക്കുന്നു................

Friday, June 25, 2010

കൃത്യതയുടെ താളം

ഞാനെപ്പോഴും വിഡ്ഢിയാകുന്നു ,
ഞാനുള്ളിടമൊക്കെയും എന്‍റെതെന്നു...
ഒക്കെയും വെറുതെയാകുന്നു ....
കടന്നുപോകുന്നവര്‍,
ഇടക്ക് കൂടിമുട്ടുന്നവര്‍ ,
നിത്യക്കാഴ്ച കൊണ്ടുമാത്രം
ഒരു ചിരി തരാന്‍ മറക്കാത്തവര്‍ ,
എന്നും അപരിചിതത്വം കാക്കുന്നവര്‍ ..
തിരക്കാണ്..
ഒഴുക്കാണ്..
ഒരു താളം സുക്ഷിക്കുന്നത് നല്ലതാണ്‌..
എങ്ങുമെങ്ങും നിശ്ചലമാവാതെ ,
ആരെയുമാരെയും കൂട്ടിമുട്ടാതെ ,
ഒരുവാക്കുകൂടി അധികമായി പറയാതെ ,
ഒരു ചിരികൂടി വെറുതെ പകരാതെ ,
കൃത്യതയുടെ താളം .

Wednesday, June 9, 2010

എനിക്ക് കൊതി തോന്നുന്നു ,ഒരു മഴ നനയുവാന്‍

ഓര്‍മകളുടെ ക്ലാവ് പാത്രം
ആരോ പുളിയിട്ടുരക്കുന്നു ..
ഒരു മഴ നനയാന്‍ മാത്രം എനിക്ക് കൊതി തോന്നുന്നു ..
എത്ര ജനിമൃതികളുടെ ഋതുക്കള്‍ ,
എത്ര വേനലുകളുടെ വെയില്‍,
എന്ത് ദൂരങ്ങള്‍ ..
കാറ്റിന്‍റെ വേഗം കൊണ്ടുപോയ
കരിയിലകളുടെ തേങ്ങല്‍ എനിക്ക് കേള്‍ക്കാം
കാതങ്ങള്‍ക്കപ്പുറത്തുനിന്ന് പേര് ചൊല്ലി വിളിപ്പതാരെന്നറിയാം ..
എന്‍റെയാത്മാവിന്‍റെ  നോവുകളിലേക്ക് ഒരിറ്റു തീര്‍ത്ഥം ..
എനിക്ക് കൊതി തോന്നുന്നു ..
നേര്‍ത്ത പച്ചകളുടെ പ്രകാശം,
ഇല ഞരമ്പിനു ജീവന്‍റെ മിടിപ്പ്, ..
വസന്തങ്ങളറിയാത്ത   വനാന്തരങ്ങളിലേക്ക്, നിറങ്ങളുടെ
ശലഭം പോലെ ..
എനിക്ക് കൊതി തോന്നുന്നു ,ഒരു മഴ നനയുവാന്‍ ...

Tuesday, June 8, 2010

അതെങ്കിലും

വേനല്‍ മഴകള്‍
എന്നും ഏകാകിതകള്‍ മാത്രം തരുന്നു ..
എങ്കിലും ഉണരുമ്പോള്‍
ഒരു പച്ചയില,
ഒരു മിന്നാമിന്നി,
കടലാസ്സു തോണി ,
അതെങ്കിലും ..

Thursday, May 13, 2010

കടല്‍ വിചാരം

കടലാവുക അത്രയും എളുപ്പമല്ല
ഒരായിരം തിരകളുടെ ചിറകടികള്‍
ചിരമങ്ങനെ ഉള്ളില്‍ പേറുക
എങ്ങുമെങ്ങും നിലക്കാതൊഴുകുക,
അത്രയും എളുപ്പമല്ല..
അതിരില്ലായ്മകളുടെ അനിശ്ചിതത്വങ്ങള്‍ ,
സ്വാതന്ത്ര്യങ്ങള്‍ക്കൊപ്പം
ഒളിച്ചിരിപ്പുണ്ട്..
കടലാവുക അത്രയും എളുപ്പമല്ല
തീരത്തിന്‍റെ വെളുത്ത വിരല്‍തുമ്പു തൊട്ട്
തിരയോരോന്നും മായുമ്പോള്‍
ആരറിയുന്നു,
പിന്മടങ്ങും ഒരൊറ്റതേങ്ങല്‍ ,
കടലോളം പറയുന്ന മൌനം ..
കടലാവുക അത്രയും എളുപ്പമല്ല
ഒരു മണല്‍ത്തരി കൂടി
സ്വന്തമാക്കാതെ ,
സ്വന്തമാക്കലുകളുടെ ചപലതയില്ലാതെ
നിരാസങ്ങളുടെ നോവോര്‍ക്കാതെ..

                                     (2007)

Monday, April 26, 2010

പരിചയം

വഴികള്‍ തോരുന്നിടം
ഇരു ദിശകള്‍..
ആത്മാവിന്‍ ഭാഗമെന്നു ഞാന്‍
മറക്കില്ലെന്ന് കൂട്ടുകാരി ...
എന്നിട്ടിപ്പോള്‍ അവളെന്നോട് പേര് ചോദിക്കുന്നു
പുതിയ പരിചയം .

                                        (1998)

Monday, April 12, 2010

സൗഹൃദങ്ങള്‍..

എനിക്ക്   ഭയമാണ്
സ്നേഹത്തിന്‍റെ  ഈ വകഭേദം..
വേനല്‍ മഴയുടെ സാന്ത്വനം ..
മഴവില്‍ കൊടിയുടെ ചാരുത..
തുണ്ടു കടലാസിലെ സ്നേഹപ്പെയ്ത്   ..
കാത്തു  കാത്തു മടുക്കേണ്ട  മറുകുറിപ്പ്..
മറവിയില്‍ മുങ്ങിത്തപ്പുന്ന പഴയ സുഹൃത്തിന്‍റെ ബദ്ധപ്പാട് ..
പെരുമഴയായി വന്നു വേനല്‍ തന്നു മായുന്നു 
 ശലഭായുസ്സുപോലെ,
 എന്‍റെ സൌഹൃദങ്ങള്‍..

                                  (1997)

Tuesday, March 16, 2010

നിനക്ക്..

എനിക്കിഷ്ടം വെയില്‍പോലെ ചിന്നുന്ന..
നിന്നെയാണ് ..
ഒരുച്ചമഴ തോര്‍ന്നു പൊടുന്നനെ കിളിര്‍ക്കുന്ന
വെയില്‍ പൂവ് .
എനിക്കിഷ്ടം ചിരികൊണ്ടുലഞ്ഞ നിന്നെയാണ് ..
പള്ളിക്കൂടംവിട്ടു, ചിരിച്ച്,ആര്‍ത്തലച് എത്തുന്ന മഴ ..
എനിക്കിഷ്ടം ഒരു കുറുമ്പിലെപ്പോഴും തൂങ്ങിനടക്കുന്ന നിന്നെയാണ് ..
ഓരോ പൂവിനോടും പിണങ്ങി ,കുതറിയോടുന്ന
നീ എന്ന കാറ്റിനെ ..
കാറ്റിന്‍റെ കുറുമ്പിനെ...

                              (2009)

Tuesday, March 9, 2010

മഴ ഒരു കാലൊച്ചയാണ്

മഴ ഒരു കാലൊച്ചയാണ്
ഒരിക്കലും വന്നു ചേരാത്ത ഒരജ്ഞാത സ്നേഹിതന്‍
മേഘങ്ങള്‍ക്കിടക്ക് എങ്ങോ തടവിലാക്കപ്പെട്ടവന്‍...
ഉന്മാദി ..
ചങ്ങല കിലുക്കങ്ങളുമായി ഓടിപ്പിടഞ്ഞും
ഇടറി വീണും ....
(പുടവ_ ജനുവരി 2010 )

Monday, March 8, 2010

വിപരീതം

ഞാന്‍ അഗ്നി
നീ ജലം
എന്നിട്ടും നമ്മുടെ സൌഹൃദം
വിപരീതങ്ങളുടെ ഭംഗി
അസംബന്ധത്തിന്‍റെ
പര്യായം.

Monday, February 15, 2010

ടെലിപ്പതി

ഒരില
ഓര്‍മചില്ലയില്‍ നിന്നുതിരുന്നു
മഞ്ഞപ്പച്ചകളുടെ ഒരൊറ്റയില
എന്‍റെയും നിന്‍റെയും പേര്
അദൃശ്യമായി കുറിചോരില
ഇടക്കെന്നോ നീയെന്നെ
ഞാന്‍ നിന്നെ ഓര്‍മിച്ചു തീര്‍ച്ച
എനിക്ക് ഓര്‍മ്മ മണക്കുന്നു.