അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Friday, April 29, 2011

കണ്ണടക്കാഴ്ചകള്‍

കണ്ണട വയ്ക്കാന്‍  ഇഷ്ടമായിരുന്നു ,കുട്ടിക്കാലത്ത് .അച്ഛന്‍റെ പോക്കറ്റില്‍ വല്ലപ്പോഴുമുള്ള ഉപയോഗത്തിനായി മാത്രം കിടന്ന മെലിഞ്ഞ ചട്ടമുള്ള കണ്ണട ,ഫയല്‍ എഴുതുമ്പോള്‍ വച്ചിരുന്ന എളുപ്പം കേടാകാത്ത തവിട്ടു നിറകണ്ണട , ഗള്‍ഫിലെ സുഹൃത്ത്‌ സമ്മാനിച്ച സ്വര്‍ണച്ചട്ട കണ്ണട,ഒരുദ്ദേശ്യവും ഇല്ലാതെ പിന്നെയും അവിടെയും ഇവിടെയും ചിതറിക്കിടന്ന കണ്ണടകള്‍ ..
ഞാനോരോന്നും എടുത്തു മുഖത്ത് വക്കും .എന്‍റെ കുട്ടിമുഖത്തിന്‍റെ പാതിയും മറക്കുന്ന കണ്ണടകള്‍ .ചതുരാകൃതികള്‍ക്കും വൃത്താകൃതികള്‍ക്കും ഉള്ളിലൂടെ മറ്റേതോ കാഴ്ച .അച്ഛന്‍ വീട്ടിലില്ലാ ത്തപ്പോളുംമേശപ്പുറത്തു നിവര്‍ത്തി വച്ച വലിയ ചതുരക്കണ്ണട അച്ഛന്‍റെ സാന്നിധ്യമോര്‍മിപ്പിച്ചുകൊണ്ട് എന്‍റെ കള്ളത്തരങ്ങള്‍ക്ക് നേരെ ഒരു താക്കീതു നോട്ടം നോക്കി.സ്കൂളിലെ ഗുപ്തന്‍ മാഷ്ടെ, വല്ലപ്പോളും വയ്ക്കാറുള്ള കറുത്ത ചതുരക്കട്ടിക്കണ്ണട ,വീതിക്കാലന്‍ ,-അതിനെ നേരെ നിന്ന് നോക്കാന്‍ കൂടി ദൈവമേ,പേടിയായിരുന്നല്ലോ..മേശമേല്‍  അഴിച്ചു വച്ച് പോകുമ്പോളും അതില്‍ മാഷ്ടെ ഗൌരവ ക്കണ്ണുകള്‍ പലവട്ടം കണ്ടിട്ടുണ്ട് ഞാന്‍ .സുലു ടീച്ചര്‍ ദേഷ്യകണ്ണുകളെ ഇട്ടു വച്ച കട്ടിച്ചില്ല് വട്ടകണ്ണട ..
അവര്‍ക്കൊക്കെ വൃത്തച്ചട്ട ത്തിലൂടെയും ചതുരച്ചട്ടത്തിലൂടെയും നിയതാകൃതികളില്‍ കാഴ്ചകള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നു .കൃത്യവും കണിശവുമായ ആകൃതികളില്‍ ..

                                ഒരു കണ്ണടയുണ്ടെങ്കില്‍ ഇടയ്ക്കുചിന്താമഗ്നയായി ,ഒറ്റക്കയ്യാല്‍ കണ്ണടയൂരി കൈയ്യില്‍ പിടിച്ച് അങ്ങനെയിരിക്കാം ..സിനിമയിലെ നായികയെ പോലെ കണ്ണീര്‍ വരുമ്പോള്‍ കണ്ണടച്ചില്ലിലൂടെ കൈകടത്തി ,കണ്ണീരു തുടക്കാം.മൂക്കിന്‍ തുമ്പത്തേക്കിറങ്ങുന്ന കണ്ണടയെ മധ്യത്തിലെ ലോഹത്തുണ്ട്തൊട്ടു  കൃത്യതയില്‍ വയ്ക്കാം.കണ്ണടയില്ലാ കൂട്ടങ്ങള്‍ക്കു മുമ്പില്‍ ഗമയില്‍ നടക്കാം .അങ്ങനെ അച്ഛനും ഗുപ്തന്‍ മാഷും സുഹാസിനി ടീച്ചരുമൊക്കെ അവരോളം അറിവും ഗമയുമുള്ള ഒരാളായി എന്നെ കാണും .''കണ്ണട വച്ച കുട്ടി''എന്നത് എന്‍റെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാവും .പല നിറാകൃതിക്കണ്ണടകളിലൂടെ  വര്‍ഷംതോറും കാഴ്ച മാറ്റും .എന്ത് രസമാവും!
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കാണാന്‍ സിനിമ തീരും വരെ മാത്രം കിട്ടിയ 3 ഡി കണ്ണട വച്ചിരുന്ന അതേ സ്റ്റൈലില്‍ സ്വന്തമൊരു കണ്ണട! ..

                          അങ്ങനെയിരിക്കെ ,ഒരു ദിവസം ആകാശത്ത് കണ്ണും നട്ട് അന്തം വിട്ടിരിക്കുമ്പോള്‍ ,മേഘ ക്കൂട്ടമൊഴിഞ്ഞതാ തെളിഞ്ഞു വരുന്നു ,ഇരട്ട ചന്ദ്രന്മാര്‍ .
വീണ്ടും വീണ്ടും നോക്കുന്നു. അതേ....മാറ്റമില്ല ..(പിന്നീട് ചരിത്രം പഠിച്ചപ്പോഴും കൊടുങ്ങല്ലൂര് കണ്ടപ്പോഴും കേട്ട ,മക്കയിലേക്കുള്ള യാത്രക്ക് മുമ്പേ ചേരമാന്‍ പെരുമാള്‍ കണ്ട ഇരട്ട ചന്ദ്രന്മാരല്ല) ,തലേന്ന് സ്കൂളില്‍ ബോര്‍ഡെഴുത്തിലും അങ്ങനെയുണ്ടായി .അക്ഷരങ്ങള്‍ക്ക് പുറത്തു കയറിയിരുന്നു ആന കളിക്കുന്ന അക്ഷരങ്ങള്‍ ..സൂക്ഷിച്ചു നോക്കിയില്ലെങ്കില്‍ ദിവ്യ എങ്ങനെ വിജയകുമാരിയാകുന്നു? മീന ചിരിച്ചത് കാണാതെ പോയതിനു അവളെന്നെ ജാടയെന്നു പ്രാകുന്നു..

                      കണ്ണ് ഡോക്ടര്‍ കണ്ണിന്‍റെ ആഴത്തിലേക്ക് സുഖമുള്ളൊരു നീല വെളിച്ചം പായിച്ചു.കൃഷ്ണ മണിക്കുള്ളിലേക്ക് തുറിച്ചു നോക്കി.
''വായിക്കു"'...
ഭിത്തിയില്‍ തൂക്കിയിട്ട വെളുത്ത കടലാസ്സില്‍ പല വലുപ്പത്തില്‍ എ ബി സി ഡി ...
ഒന്നാം നിര മുഴുക്കെ വായിച്ചു.തടിയന്‍ അക്ഷരങ്ങള്‍ ..
രണ്ടാം നിര..തപ്പി വായിക്കുമ്പോള്‍ ചിലത് മറിഞ്ഞും തിരിഞ്ഞും പോയി..
മൂന്നാം നിര ..കാണാം ,ഒരു മഞ്ഞുകാലക്കാഴ്ച പോലെ.. ഒളിച്ചിരിക്കുന്ന അക്ഷരങ്ങളെ ഒരു തരത്തിലും പിടി കിട്ടാതെ ...
''ഷോര്‍ട്ട് സൈറ്റ് ''.......
.ഡോക്ടര്‍ പറഞ്ഞു .
ദൈവമേ അതെന്തു ?എനിക്ക് കരച്ചില്‍ വരുന്നു...എന്താണ് ഡോക്ടര്‍ പറഞ്ഞത് ?!!!
അച്ഛന്‍ ഒന്നും മിണ്ടുന്നില്ല.ഡോക്ടറുടെ സഹായി പെട്ടി തുറന്നു എന്‍റെ മുഖത്തു വച്ച്
 തരുന്ന പല തരം ചില്ലുകള്‍..കണ്ണട പോലെ ..ചില്ലുകള്‍ അടര്‍ത്തി എടുക്കുക്കനാവുന്നുണ്ട്  പക്ഷെ .
''കാണാമോ''?ഓരോ ചില്ല് വക്കുമ്പോഴും ഡോക്ടര്‍ ചോദിക്കുന്നു
''ഇല്ല''..
ഇതോ''?
"ഉം ..കുറച്ചു.."
ഇത്?..." ..
''നന്നായി'' .........
ആ ചില്ല് അടര്‍ത്തി എടുത്തു സൂക്ഷ്മം പരിശോധിച്ച് കുറിപ്പെഴുതുന്നു ..
''കണ്ണട വേണം''
എന്‍റെ ഉള്ളില്‍ ഒരു വെളുത്ത തിര പൊട്ടിച്ചിരിയോടെ ചിതറി ..
കണ്ണട ...കണ്ണട കിട്ടുന്നു ..
അച്ഛന്‍റെ ,ഗുപ്തന്‍ മാഷ്ടെ ,സുലോചന ടീച്ചറുടെ ,സുഹാസിനീ   ടീച്ചറുടെകൂട്ട് കണ്ണട ..!!
         ''ടി വി കണ്ടു കണ്ണ് കേടു വരുത്തി "..അച്ഛന്‍ ദേഷ്യത്തോടെ ,അതിലേറെ സങ്കടത്തോടെ എന്‍റെ ഇത്തിരിപ്പോന്ന കുട്ടിമുഖത്തേക്ക് നോക്കുന്നു .
''ഞാന്‍ കുറച്ചല്ലേ ടി വി കാണാറുള്ളൂ ' എന്നൊന്നും തര്‍ക്കിക്കാന്‍ പോയില്ല.സന്തോഷം കൊണ്ടെനിക്ക് ഇരിക്ക പൊറുതി ഇല്ലാതായിരുന്നു .

                  കണ്ണടക്കടയിലെ എന്‍റെ പ്രായക്കാര്‍ക്കു ഇണങ്ങുന്ന കണ്ണടക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞാനും അച്ഛനും .
കടല്‍ ജീവിയുടെ തോടുകൊണ്ടുണ്ടാക്കിയതെന്നു പറഞ്ഞ മഞ്ഞക്കാലന്‍ കണ്ണടയാണ്‌,കടക്കാരന്‍റെ ഇഷ്ടം .ഉറപ്പുള്ള കറുത്ത ചട്ടമുള്ളത് അച്ഛന്‍റെ ..
മെല്ലിച്ച,ഗൗരവമുള്ള ,ഒന്നാണ് എനിക്ക്..

തുള്ളി: കണ്ണടക്കാരുടെ കാഴ്ച ,കാഴ്ചയുടെ ആകൃതി ,നിയതമായ രൂപങ്ങളിലേക്കു മാറ്റപ്പെടുന്നുണ്ടോ?
കാണേണ്ടവയെ മാത്രം കൃത്യം ആകൃതികളിലൂടെ, ചുറ്റും ഉള്ളവയെ അപ്രസക്തമാക്കി ..?
കണ്ണട ഉള്ളവനും ഇല്ലാത്തവനും തമ്മിലെ കാഴ്ചക്ക് അങ്ങനൊരു ദൂരമുണ്ടോ ?
മറക്കപ്പെടുന്ന കണ്ണുകള്‍ അവര്‍ക്കിടെ, നേര്‍ത്ത ഒരകലം സൃഷ്ടിക്കുന്നുണ്ടോ?
ഒരു തോന്നല്‍ .
ഹ്രസ്വദൃഷ്ടി കണ്ണടയിലൂടെ തന്നെ ഇപ്പോഴും കാണുമ്പോള്‍..

14 comments:

 1. kannada valare nannyittundu....!

  ente ee kannada enganeyaa onnu oori maatti, nagnamaayi ee loka kaazhchakal kaanaan kazhiyukaannu chinthikkukayaanu njaan...!!

  aazamsakal....

  ReplyDelete
 2. കണ്ണട കൌതുകം നന്നായീ . അഭിനന്ദനങ്ങൾ.

  ReplyDelete
 3. thudakkavum 'thulli'yum gambheeram....idakkevideyo sadharanakaariyakunnundayirunnu....kannadayillatha kazhchapole....!

  ReplyDelete
 4. സത്യത്തില്‍ 'കണ്ണട' വെക്കെണ്ടിയിരുന്നു എന്ന് തോന്നി പോസ്റ്റ്‌ വായിച്ചുകഴിഞ്ഞപ്പോള്‍.
  എന്‍റെ കാഴ്ച്ചയുടെ 'ഹൃസ്വദൃഷ്ടിയോ' അതോ, ഷാഹിനയുടെ ബ്ലോഗിന്‍റെ അക്ഷര വിന്യാസത്തിലെ വലിപ്പക്കുറവോ....? എന്താണെന്നറിയില്ല; ഫോണ്ട് സൈസ് അല്‍പം കൂടി വര്‍ദ്ധിപ്പിക്കുമല്ലോ..
  ആശംസകള്‍!

  ReplyDelete
 5. exllnt language shahina...hrty congrts....

  ReplyDelete
 6. സത്യത്തിൽ എന്താണ് പറയാൻ ശ്രമിച്ചത്? നിങ്ങൾക്ക് വിശയമില്ലങ്കിൽ എഴുതാതിരിക്കുക .എഴുതിതിരിക്കാൻ കഴിയാത്ത അവസ്ഥവരുമ്പോൾ മാത്രം എഴുതുക.എന്തെങ്കിലും ഒക്കെ എഴുതി കുറച്ചുസമയം വായനക്കാരന്റെ സമയം കൊല്ലാം എന്നാണ് ചിന്തിക്കുന്നതെങ്കിൽ ഇത്തരത്തിൽ മതിയാകും. നിങ്ങൾ എഴുതിയതു ഒരു വാനയനസുഖം നൽകണമെങ്കിൽ ദയവായി കൂടുതൽ ആത്മഗൌരവമുള്ള വിശയങ്ങൾ തെരഞ്ഞെടുക്കുക..

  തുറന്നു പറയുന്നതിൽ എന്നോടുകലഹം വേണ്ട
  അഭിപ്രായം രേഖപ്പെടുത്തുന്നിടെത്ത് നിന്നു ഈ Word verification ഒഴിവാക്കുക

  ReplyDelete
 7. ഒരു തോന്നല്‍ ...........:)

  ReplyDelete
 8. ചില കണ്ണടകളൊന്നും കാണാനല്ല,
  ഉള്ളില്‍ നമുക്കു മാത്രം കാണാനാവുന്ന
  പല കാഴ്ചകളെയും മറക്കാനാണ്.
  ഒരു പക്ഷേ, അതിനാവാം ഇക്കണ്ട കണ്ണടക്കടകള്‍.
  അതിനാവാം പല മാതിരി കണ്ണടകള്‍.

  ReplyDelete
 9. കണ്ണിനു മുന്നില്‍ ഉള്ള കണ്ണടയെ കുറിച്ച് വളരെ നന്നായി എഴുതി. ഇനി കണ്ണിനു പിന്നിലോ?!! അറിവുണ്ടാക്കുന്ന മങ്ങിയ കാഴ്ചകള്‍ അകറ്റാന്‍ വെച്ച കണ്ണട എങ്ങനെ അഴിച്ചു മാറ്റും?!!

  ReplyDelete