അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Tuesday, January 24, 2012

പുസ്തക നിരൂപണം, 'അനന്തപത്മനാഭന്റെ മരക്കുതിരകള്‍'.

 മനോരാജ് കെ.ആർ
http://www.malayalasameeksha.com/2012/01/blog-post_4967.html
പുസ്തകം : അനന്തപത്മനാഭന്റെ മരക്കുതിരകള്‍
രചയിതാവ് : ഷാഹിന..കെ.
പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്

"അങ്ങിനെയാവുമ്പോള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലക്ക്, സമൂഹത്തിനോട്, സമൂഹത്തിലെ ഓരോ അച്ഛനോടും താങ്കള്‍ക്കെന്താണ് പറയുവനുള്ളത്? എങ്ങിനെയാണ് പ്രതികരിക്കുവാനുള്ളത്?" കൂര്‍ത്തുമൂര്‍ത്ത രണ്ടു ചോദ്യങ്ങള്‍ കൊണ്ട് ഒരു കഥാപാത്രത്തിന്റെ മൊത്തം ദൈന്യതയും ഒരു കഥയുടെ മുഴുവന്‍ അന്ത:സത്തയും വായനക്കാരിലേക്കെത്തിക്കുവാന്‍ കഥക്കാവുന്നു എങ്കില്‍ അത് കഥാഖ്യാനത്തിന്റെ വിജയമാണെന്ന് നിസ്സംശയം പറയാം. അത്തരത്തില്‍ മനോഹരമാക്കപ്പെട്ട 'മിസ്ഡ്കാള്‍' എന്ന കഥയിലൂടെയാണ് അനന്തപത്മനാഭന്റെ മരക്കുതിരകള്‍ എന്ന സമാഹരത്തിലേക്ക് ഷാഹിന നമ്മെ ക്ഷണിക്കുന്നത്. മകളുടെ അനാവശ്യമായ പിടിവാശികള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന നാട്ടിന്‍പുറത്തുകാരനായ ഒരച്ഛന്‍അത്തരം പിടിവാശികള്‍ക്കും ദുശ്ശാഠ്യങ്ങള്‍ക്കുമൊടുവില്‍ അവള്‍ ഒരു കെണിയില്‍ അകപ്പെട്ട സമയം ചാനല്‍ ചര്‍ച്ചകളുടെ ക്രൂരമായ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ ദൈന്യതയോടെ ഇരിക്കുന്ന നേര്‍ചിത്രം വരച്ചുകാട്ടുവാന്‍ മിസ്ഡ്കാള്‍ എന്ന രചനയിലൂടെ ഷാഹിനക്ക് കഴിഞ്ഞിട്ടുണ്ട്. അനന്തപത്മനാഭന്റെ മരക്കുതിരകള്‍ എന്ന സമാഹാരത്തില്‍ സാമൂഹിക പ്രതിബന്ധത കൊണ്ടും രചനയിലെ കൈയടക്കം കൊണ്ടും ഏറ്റവും മനോഹരമാക്കപ്പെട്ട ഒന്നാണ് മിസ്ഡ്കാള്‍ എന്ന കഥയെന്ന് പറയാം.

മിസ്ഡ്കാള്‍ കൂടാതെ ചിത്രകാരി, അനന്തപത്മനാഭന്റെ മരക്കുതിരകള്‍, കാണാതാകുന്ന പെണ്‍കുട്ടികള്‍, തനിയെ, ദശാസന്ധി, ഒരാത്മഹത്യയുടെ പുരാവൃത്തം, പുനര്‍ജ്ജനി, ബോംബെ ദീദി, മഴനേരങ്ങളില്‍ , ഭാഗപത്രം, മഞ്ഞുകാലം..  ജീവിതം കൊണ്ടമ്പരപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍ എന്ന പിന്മൊഴിയോടെ ഷാഹിനയുടെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട് . (വില :52രൂപ)

സമാഹാരത്തിലെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത് തീര്‍ത്തും നാട്യങ്ങളില്ലാത്ത കഥയുടെ നാട്ടുവഴികളും ഗ്രാമാന്തരീക്ഷവുമാണ്. ഇന്ന് പുത്തന്‍ കഥയെഴുത്തുകാര്‍ പരീക്ഷിക്കുന്ന നൂതന കഥരചനാ സങ്കേതങ്ങളിലൂടെയൊന്നും സഞ്ചരിക്കാതെ കഥയെ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. എങ്ങിനെയെഴുതുന്നു എന്നതിനേക്കാളേറെ എത്രത്തോളം വായനക്കാരെ ആകര്‍ഷിക്കുന്നു എന്നതാണ് കഥയുടെ വിജയമെന്നിരിക്കില്‍ ഷാഹിനയുടെ കഥകള്‍ നിലവാരം സൂക്ഷിച്ചിട്ടുണ്ടെന്ന് പറയാം.

'ചിത്രകാരി' എന്ന കഥയിലെ ഫിസയില്‍ നിന്നും 'ദശാസന്ധി'യിലെ ശിവശങ്കരിയിലേക്കെത്തുമ്പോള്‍ ഷാഹിനയിലെ നായികക്ക് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചതായി കാണാംകുടുംബമെന്ന ചട്ടക്കൂട്ടില്‍ പെട്ട് സര്‍ഗ്ഗാത്മകത പുറത്തെടുക്കാന്‍ കഷ്ടപ്പെടുന്ന ഫിസ... കുടുംബത്തിന്റെ പരിപൂര്‍ണ്ണമായ പിന്തുണയുണ്ടായിട്ട് പോലും കഴിവിനനുസരിച്ച് സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുവാനാവാതെ ഒരു ദശാസന്ധിയില്‍ പെട്ട് ഉഴറുന്ന ശിവശങ്കരി.... അവതാരികയില്‍ അക്ബര്‍ കക്കട്ടില്‍ സൂചിപ്പിക്കുന്നത് പോലെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായാണ് ഈ രണ്ടു കഥകളെയും വായിക്കുവാന്‍ തോന്നിയത്.

സമാഹാരത്തിലെ മറ്റു കഥകളില്‍ നിന്നും രചനാപരമായി വേറിട്ടുനില്‍ക്കുന്ന കഥയാണ് ടൈറ്റില്‍ രചനയായ 'അനന്തപത്മനാഭന്റെ മരക്കുതിരകള്‍'. പക്ഷെ മറ്റു കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന നൈര്‍മ്യല്യത്തെ ആസ്വദിച്ചത് കൊണ്ടാണോ എന്നറിയില്ല, ഫാന്റസിക്ക് കൂടുതല്‍ പ്രാധാന്യം തോന്നിയ ഈ രചന അത്രയേറെ ആകര്‍ഷിച്ചില്ല എന്ന് പറയാം. കാണാതാകുന്ന പെണ്‍കുട്ടികള്‍, ഒരാത്മഹത്യയുടെ പുരാവൃത്തം, മഴനേരങ്ങളില്‍ എന്നീ കഥകള്‍ മനോഹരമായ കൈയടക്കം കൊണ്ടും ഭാഷാപരമായ മേന്മ കൊണ്ടും പ്രശംസാര്‍ഹമായവ തന്നെ. ആദ്യ സമാഹാരത്തിലൂടെ തന്നെ എഴുത്തിന്റെ ഇടവഴികളില്‍ തന്റെ സാന്നിദ്ധ്യം ഈ യുവകഥാകാരി അടയാളപ്പെടുത്തുന്നു. വിഷയങ്ങളില്‍ വൈവിദ്ധ്യം സൃഷ്ടിക്കുവാന്‍ ഷാഹിനയിലെ കഥാകാരിക്ക് കഴിയുന്നുണ്ട്. വരും നാളുകളില്‍ കൂടുതല്‍ മികച്ച രചനകളുമായി ഷാഹിനയുടെ കഥാപ്രപഞ്ചം വളരുമെന്നും ഒട്ടേറെ വായനക്കാരെ സൃഷ്ടിക്കുവാന്‍ ഈ കഥാകാരിക്ക് കഴിയുമെന്നും പ്രത്യാശിക്കാം.

Thursday, January 12, 2012

പുല്ലാങ്കുഴലിലെ വിഷാദം(കണ്മഷി- മാധ്യമം ആഴ്ചപ്പതിപ്പ്‌ )

‘‘ആരും ഓടക്കുഴല്‍ വായിക്കുന്നില്ല
എങ്കിലും ഇനിയും കുറച്ചുനാള്‍കൂടി
പ്രതിധ്വനികള്‍ കേട്ടുകൊണ്ടേയിരിക്കും.
ഞാനിനിയും ഏറെവട്ടം നദീതീരത്തു വരും
ഓരോ വട്ടവും ഞാന്‍ മടങ്ങിപ്പോകും
ആരോ ഒരാള്‍ ഇവിടെയെങ്ങോ
ഉണ്ടായിരുന്നില്ലയോ എന്നദ്ഭുതപ്പെട്ട്.’’
(ശ്രീരാധ - രമാകാന്ത്രഥ്)
വൈകിയുറക്കങ്ങള്‍ അന്നൊക്കെമാത്രം പതിവായിരുന്നു. കൗമാരകാലത്ത്, പരീക്ഷകളുടെ ആകുലതകള്‍ ഉറക്കത്തെ വല്ലാതലട്ടിയിരുന്ന പഠനാവധിക്കാലങ്ങളില്‍. നോക്കിയിട്ടുണ്ടോ വല്ലാത്തൊരസ്വാസ്ഥ്യമാണ് രാത്രിയുടെ നിശ്ശബ്ദതയിലങ്ങനെ ഏകാകിയായി ഉണര്‍ന്നിരിക്കുകയെന്നത്. നക്ഷത്രങ്ങള്‍ പൂക്കുന്നതും ഇരുളു പൊട്ടിച്ച് പുറത്തുവരുന്നതും കണ്ട്, രാത്രിയുടെ ശബ്ദങ്ങള്‍ കേട്ട്, രാത്രി വിരിയുന്ന പൂക്കളുടെ ഗന്ധമറിഞ്ഞ്.
‘‘നേര്‍ത്തുനേര്‍ത്ത് നക്ഷത്രങ്ങള്‍ പാടാറുണ്ടെ’’ന്ന സ്നേഹിതയുടെ കവിതക്കിറുക്കു കേട്ട് വിശ്വസിച്ച് ഇരുട്ടിലേക്ക് കാതു കൂര്‍പ്പിച്ചിരിക്കുമ്പോള്‍ ഉറങ്ങാതിരിക്കുന്നൊരു പേരറിയാപക്ഷിയുടെ ശബ്ദമാവും നിശ്ശബ്ദതയെ തുരന്നെത്തുക.
രാത്രിയുടെ മാത്രം പിറുപിറുപ്പുകളും കാറ്റുകൊണ്ടുപോകുന്ന കരിയിലകളുടെ തേങ്ങലുകളും. പേടി തോന്നും.
എനിക്ക് ചുറ്റുമുള്ള ജീവജാലങ്ങളെല്ലാം സ്വപ്നങ്ങളുടെ, അബോധകല്‍പനകളുടെ ഒറ്റയടിപ്പാതകളിലൂടെ യാത്രചെയ്യുകയാവും ആ നേരത്ത്. വീട്, നിശ്ശബ്ദതയെ പുണര്‍ന്ന് ഗാഢമായുറങ്ങുകയാവും.
ഭൂമിയിലെ ഉണര്‍ന്നിരിക്കുന്ന ഒരേയൊരു ജീവന്‍ ഞാനാണെന്ന് വെറുതെ സങ്കല്‍പിക്കും. ആ വിചാരത്തിന്‍െറ ഏകാകിതയും അപാരമായ സ്വാതന്ത്ര്യവും തീര്‍ക്കുന്ന വിസ്മയങ്ങള്‍.
തൊടിയിലെ മരപ്പൊത്തില്‍ കുരുങ്ങിപ്പോയ കാറ്റ് പരിഭ്രമത്തോടെ ഒന്ന് ചിറകടിക്കും. വീണ്ടും ഒറ്റക്കല്ളെന്ന തോന്നല്‍. ജനാലക്കപ്പുറം ഇരുളും നിലാവുമിടകലരുന്നതും നോക്കിനില്‍ക്കേ, പഠിക്കാനായി മുന്നില്‍ തുറന്നുവെച്ച പുസ്തകത്തിനും എന്‍െറ വിചാരങ്ങള്‍ക്കുമിടക്കൊരു കടല്‍ പരക്കും.
‘‘ഇനി വയ്യെ’’ന്ന് ഉറങ്ങാനായെണീക്കുമ്പോഴാണ് കേള്‍ക്കാറുണ്ടായിരുന്നത്, ആ പുല്ലാങ്കുഴല്‍ വിളി. ഏതാണ്ട്, ഒരൊരുമണി നേരത്ത്. വിഷാദംനിറഞ്ഞൊരു പാട്ട്.
ഉറക്കം മുറിഞ്ഞ്, ജനല്‍ തുറന്നിട്ട്, ആ വിസ്മയത്തിന്‍െറ ഉറവിടവും തിരഞ്ഞുപോയിട്ടുണ്ട്, എത്രയോ വട്ടം. അന്നേരം വരെ നിശ്ശബ്ദ/നിശ്ശബ്ദനായിരുന്ന്, എല്ലാവരുമുറക്കമായെന്ന് നിശ്ചയമായും ആര്‍ക്കോ വേണ്ടി, ഒരുപക്ഷേ, ആര്‍ക്കുമായല്ലാതെ പുല്ലാങ്കുഴലൂതുന്നൊരാള്‍. ആരെയോ പരസ്പരമിണക്കുന്നൊരജ്ഞാത രാഗത്തിന്‍െറ തുടിപ്പുകള്‍ കാതോര്‍ത്ത് പിന്നെപ്പിന്നെ ഞാനുറങ്ങാതിരുന്നുതുടങ്ങി, പഠിത്തം തീര്‍ന്നും കുറെനേരം.
പാടിത്തുടങ്ങുമ്പോള്‍ ഞാന്‍ സങ്കല്‍പിക്കും, നിലാവില്‍ കുതിര്‍ന്നൊരു കദംബച്ചില്ലയിലിരുന്ന് മുരളികയൂതുന്ന കൃഷ്ണന്‍. ദൂരെയേതോ ഗ്രാമത്തില്‍ ഉറങ്ങാതിരിക്കുന്ന രാധക്കു മാത്രം ശ്രവ്യമായ ബാംസുരിയുടെ നാദം. മറ്റാര്‍ക്കും കേള്‍ക്കാനാവാത്ത അത് ഏതോ മായികശക്തിയാല്‍ ചോര്‍ത്തിയെടുക്കുകയാണ് ഞാന്‍. ആ സന്ദേശത്തിന്‍െറ എനിക്ക് പിടികിട്ടാത്ത രഹസ്യാത്മകത അതെന്നും പക്ഷേ തന്നിരുന്നത്, വല്ലാത്തൊരസ്വാസ്ഥ്യമായിരുന്നു.
എന്‍െറ ഏറെ രാത്രികള്‍ പിന്നെയും ആ പുല്ലാങ്കുഴലൂത്ത് കേട്ടു. ചിലപ്പോഴൊക്കെ ഇടക്കുണരുമ്പോഴും അത് മായാതെനിന്നു. ആ പാട്ടിന്‍െറ അര്‍ഥങ്ങളെക്കുറിച്ചോ ഏതൊക്കെയോ കാരണങ്ങളാല്‍ ഉറക്കമില്ലാതെ പോകുന്ന ഏതോ ഒരാത്മാവിന്‍െറ ഉള്ളിലെയസ്വാസ്ഥ്യപ്പെരുങ്കടലിനെക്കുറിച്ചോ എന്തുകൊണ്ടോ, ഏറെയൊന്നും ചിന്തിക്കുകയുണ്ടായില്ല. ഓരോ കുറിയും ആ പുല്ലാങ്കുഴലൂത്ത് എന്നിലവശേഷിപ്പിച്ചിരുന്ന വിഷാദങ്ങള്‍ക്കും ഏകാകിതകള്‍ക്കും ചില ഭയങ്ങള്‍ക്കുമപ്പുറം.
പരീക്ഷകളുടെ തിരക്കില്‍പിന്നെ ഞാനെപ്പോഴോ ആ പാട്ട് മറന്നുപോയി. ഒടുക്കം, പരീക്ഷകളെല്ലാം തീര്‍ത്ത് സ്വസ്ഥമായി തിരികെ വന്ന ദിവസം അമ്മ പറഞ്ഞു, അവിടെയാരോ ആത്മഹത്യ ചെയ്തുവെന്ന്.
ഒരാള്‍.
അവരെത്ര ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചിട്ടും എനിക്കോര്‍ത്തെടുക്കാനാവാത്തൊരാള്‍. ഒരുപക്ഷേ, അത്രക്കുമപരിചിതന്‍. പേരറിയാത്തൊരസ്വാസ്ഥ്യം എന്നിട്ടുമെന്തോ ഉള്ളുനിറഞ്ഞുകൊണ്ടിരുന്നു. രാത്രി വൈകിയും ഉറങ്ങാതിരിക്കേ, ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ കാറ്റൂളിയിടുന്നതു കേട്ടു. കൂമന്‍െറ അര്‍ഥംവെച്ച മൂളലുകള്‍ കേട്ടു. ചീവീടുകളറിയാതുറങ്ങിപ്പോയൊരു നിമിഷം വീണുകിട്ടിയ നിശ്ശബ്ദത കേട്ടു. എന്‍െറ എല്ലാ പതിവ് രാവൊച്ചകളും. ആ വിഷാദിയുടെ പുല്ലാങ്കുഴല്‍ പാട്ടൊഴികെ.
പിന്നീടൊരിക്കലും കേള്‍ക്കുകയുണ്ടായില്ല, ആ പാട്ട്.
-ആത്മഹത്യ ചെയ്തത്, പൊയ്ക്കളഞ്ഞത്
ആ പുല്ലാങ്കുഴലിന്‍െറ ഉടമയായിരുന്നുവോ?
 അയാള്‍ ആരായിരുന്നു?
ആര്‍ക്കുവേണ്ടിയായിരുന്നു ആ പാട്ട്?
എനിക്കറിയില്ല, ഇന്നും.
ഒരു കൗമാരചിത്തത്തിന്‍െറ ഭ്രമകല്‍പനകളിലൊന്നായിരുന്നു ആ പുല്ലാങ്കുഴല്‍പ്പാട്ടെന്ന് വിശ്വസിക്കാനാണ് എന്തുകൊണ്ടോ ഇപ്പോള്‍ ഞാനിഷ്ടപ്പെടുന്നത്.
l

Friday, November 18, 2011

പുസ്തക നിരൂപണം -''അനന്തപത്മനാഭന്റെ മരക്കുതിരകള്‍''-

                                    പുതു കാലത്തിന്റെ   പെണ്‍വ്യാകുലതകള്‍                                                 
                              (റഹ്മാന്‍ കിടങ്ങയം,വര്‍ത്തമാനംഞായറാഴ്ചപ്പതിപ്പ്,ഒക്ടോബര്‍10 )
                      
                                ലയാള കഥ അതിന്റെ സ്വത്വം നിലനിര്‍ത്തിപ്പോന്നത് സമകാലീന ജീവിതാവസ്ഥകളോട് ആഴത്തില്‍ പ്രതികരിച്ചു കൊണ്ടാണ്.ജീവിതമെഴുത്ത് ഒരേസമയം പ്രതിരോധവും പ്രതിബോധവുമായി മാറുമ്പോള്‍ സര്‍ഗാത്മകമായ ഉള്‍ക്കരുത്തിന്റെ കനം അതിനെ മികവുറ്റ കലാ സൃഷ്ടിയാക്കി മാറ്റുകയാണ് ചെയ്യുന്നത് .എഴുത്ത് അപ്പോള്‍ കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം ലകഷ്യ ബോധമുള്ള സാമൂഹ്യ പരിഷ്ക്കര ണായുധ മായി മാറുന്നുണ്ട് .എഴുതപ്പെടുന്ന ഇടങ്ങളുടെ പരിസര സവിശേഷതകള്‍ അതിനു തൂവലും തൊങ്ങലും വച്ച് കൊടുക്കുമ്പോള്‍ കഥയുടെ പരിപൂര്‍ണത കൂടി സാധ്യമാകുന്നു.
                                      ഷാഹിന ഇ.കെ'' അനന്ത പദ്മനാഭന്റെ മരക്കുതിരകള്‍ ''എന്ന പ്രഥമ സമാഹാരത്തിലൂടെ അത്തരമൊരു പരിപൂര്‍ണ്ണത നേടാന്‍ ശ്രമിക്കുകയാണ് .ദുഷിച്ചു നാറിക്കൊണ്ടിരിക്കുന്ന ജൈവ സാമൂഹ്യ പരിസരങ്ങളെ വാക്കുകളുടെയും ബിംബങ്ങളുടെയും സാര്‍ഥകമായ ഊര്‍ജ്ജം കൊണ്ട് പ്രതിരോധിച്ചു കഥയെഴുത്ത്‌ തനിക്കു പേനയുന്തല്‍ അല്ല എന്നു ഈ പെണ്‍കുട്ടി തെളിയിക്കുന്നുണ്ട് .ഓരോ കഥയും ജീവിതത്തിന്റെ വിയര്‍പ്പു നീരിനാല്‍ കുതിര്‍ന്നു അസ്വസ്ഥതകളുടെ ,ആകുലതകളുടെ കനല്‍ വഴികളെ നമുക്ക് മുന്നിലേക്ക്‌ തുറന്നു തരുന്നുണ്ട്.ജീവിതത്തെ മാറ്റി  നിര്‍ത്തിക്കൊണ്ട് തനിക്കു കഥയെഴുത്തില്ല എന്നു കഥാകാരി തന്റെ രചനകളിലൂടെ ഉറക്കെ പ്രഖ്യാപിക്കുന്നത് കാണാം .
            മിസ്ഡ് കാള്‍ എന്ന ആദ്യ കഥയിലൂടെ പുതുകാലത്തിന്റെ മാധ്യമക്കഴുകന്മാരുടെ ആര്‍ത്തി പിടിച്ച ശവ ഭോഗങ്ങള്‍ക്ക് നേരെ  പരിഹാസത്തിന്റെ കാറ്റഴിച്ചു വിടുന്നുണ്ട് കഥാകാരി.സെല്‍ ഫോണും ഇന്റര്‍നെറ്റും ഒക്കെയടങ്ങിയ ആധുനിക കാലത്തിന്റെ വിനിമയ സാധ്യതകള്‍ ഉപയോഗിച്ച് പുതു യുവത്വത്തിന്റെ പ്രതിനിധികള്‍ തീര്‍ക്കുന്ന ചിലന്തി  വലകളില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടിയുടെ സാധാരണക്കാരനായ അച്ഛനെ കേന്ദ്രീകരിച്ച്‌ പറഞ്ഞു പോകുന്ന ഈ കഥ നമ്മുടെ പെണ്‍കുട്ടികള്‍ ലൈംഗിക ദൌര്‍ബല്യങ്ങളുടെ വാഴു വഴുപ്പിലേക്ക് എത്ര അനായാസമായാണ് വഴുതിയിരങ്ങുന്നത് എന്നൊരു പേടിപ്പിക്കുന്ന ചിന്ത വായനക്കാര്‍ക്കായി ബാക്കി വക്കുന്നുണ്ട് .എല്ലാം ആഘോഷിക്കുന്ന മലയാളി ഇതും ആഘോഷിക്കുന്നു .'അങ്ങനെയാകുമ്പോള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലക്ക് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?എങ്ങനെയാണ് പ്രതികരിക്കാനുള്ളത്'' എന്ന വാര്‍ത്ത വായനക്കാരന്റെ  ചോദ്യത്തില്‍ നിന്നും തുടങ്ങുന്ന കഥ മറ്റുള്ളവന്റെ അളിഞ്ഞ സ്വകാര്യതകളെ എങ്ങനെയാണു വിഷ്വല്‍ മീഡിയ വിനിമയ സാധ്യത യുള്ള ചരക്കുകലാക്കി മാറ്റുന്നതെന്ന് പരിഹാസപൂര്‍വ്വം കാണിച്ചു തരുന്നു.
         ചിത്രകാരി എന്ന കഥ കുടുംബത്തിന്റെ ദൈനം ദിന ബന്ധങ്ങള്‍ക്കിടെ സ്വന്തം സ്വത്തബോധം സ്ഥാപിക്കാനാവാതെ നിസ്സഹായപ്പെട്ടു പോകുന്ന സര്‍ഗാത്മക മനസ്സുള്ള പെണ്ജന്മങ്ങള്‍ക്കുള്ള ശ്രദ്ധാഞ്ജലി യാണ് .വിവാഹിതയാകുന്നതോടെ പെണ്‍കുട്ടി അവളുടെ ഉള്ളിലുള്ള എല്ലാ സര്‍ഗാത്മകചോദനകളെയും മനസ്സിലൊരു ശവക്കുഴി തീര്‍ത്തു മൂടെണ്ടി വരുന്നത് 'ഫിസാ 'എന്ന എന്ന പെണ്‍കുട്ടിയുടെ മാത്രം വിധിയാകുന്നില്ല .'ദൈവം തൊട്ട കൈവിരലുകള്‍'എന്നു മറ്റുള്ളവരാല്‍ പുകഴ്ത്തപ്പെട്ട അവളുടെ കൈ വിരലുകളെ ഭയപ്പാടോടെ ഭര്‍ത്താവു  നോക്കുന്നത് അയാളുടെ അപകര്‍ഷം കൊണ്ട് തന്നെയാവണം.മൌനം കൊണ്ട് പ്രതിരോധിക്കുന്ന ഈ കഥയിലെ പെണ്‍കുട്ടിയെ കുടുംബത്തിന്റെ കേട്ടുപാടുകളില്പെട്ടു സര്‍ഗാത്മക നഷ്ടം സംഭവിച്ച എല്ലാ കുടുംബിനികളുടെയും പ്രതീകമായി വായിചെടുക്കാവുന്നതാണ്.'ദശാ സന്ധി'എന്ന കഥ യും ചര്‍ച്ച ചെയ്യുന്നത് കുടുംബിനികള്‍ക്ക് നഷ്ടമാവുന്ന സര്‍ഗാത്മക വിനിമയസാധ്യതകളെ കുറിച്ചാണ് .ചിത്ര കാരി''യില്‍ നിന്നു വ്യത്യസ്തമായി ഇവിടെ നായിക ശിവ ശങ്കരിക്ക് പക്ഷെ കുടുംബത്തിന്റെ എല്ലാ അനുകൂലനങ്ങളും ഉണ്ട്. എന്നിട്ടും ഒറ്റവാക്കും പുറത്തു വരാത്ത ഊഷര ഭൂമിയായി അവളുടെ മനസ്സ് മാറിപ്പോവുകയാണ് .''അനന്ത പത്മനാഭന്റെ മരക്കുതിരകള്‍ ''എന്ന ടൈറ്റില്‍  കഥ പ്രണയ നഷ്ടത്തില്‍ സ്വന്തം മനസ്സിന്റെ കടിഞ്ഞാന്‍ നഷ്ട്ടപ്പെട്ടു പോയ അനന്തന്റെ കഥ പറയുന്നു.ചില മുറിവുകള്‍ തീര്‍ക്കുന്ന നിണപ്പാടുകള്‍ ഒരു ഔഷധം കൊണ്ടും ഉണക്കാവതല്ല എന്നൊരു അശുഭ സന്ദേ ശം ഈ കഥയിലുണ്ട് .ഭാഷാപരമായി ഏറ്റവും മികച്ചു നില്‍ക്കുന്ന ഈ കഥ യില്‍ കുതിരയെ നാനാര്‍ഥങ്ങള്‍ ഉള്ള ഒരു ഇമെജരി  ആയി അവതരിപ്പിക്കുന്നു കഥാകാരി .പുതിയ കാലത്തിന്റെ പേടി സ്വപ്‌നങ്ങള്‍ തീര്‍ക്കുന്ന പുകമാരക്കുള്ളില്‍ ചുരുങ്ങിയ നേരത്തേക്കെങ്കിലും കാഴ്ച നഷ്ട്ടപ്പെട്ടു പോകുന്ന ഒരമ്മയുടെ കഥയാണ്‌''കാണാതാകുന്ന പെണ്‍കുട്ടികള്‍''തനിച്ചാക്കി കളയേണ്ട ഒന്നല്ല അമ്മ എന്നു സ്വന്തം അച്ഛനെ ബോധ്യപ്പെടുത്തുന്ന മകനെ ''തനിയെ' എന്ന കഥ യില്‍ കാണാം. ശരീര കാമനകള്‍ക്കപ്പുറത്തും ചില സ്നേഹബന്ധങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ''പുനര്‍ജ്ജനി'' എന്ന കഥ ശ്രമിക്കുന്നത്.
           ഷാഹിന ഇ കെ യുടെ കഥകളുടെ പൊതു സ്വഭാവം അവ സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന അന്വേഷണമാണ് എന്നതാണ് .ആസുരമായ കാലത്തിന്റെ ചോര കണ്ണുകള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന ഒരു പെന്മാനസ്സ്സു ഈ കഥകളിലെല്ലാമുണ്ട് .വളരെ സാധാരണമായ ഒരു സംഭവത്തില്‍ നിന്നു പോലും ഇ കഥാകാരി ഒരു കഥയെ കണ്ടെത്തുന്നു എന്നതും ശ്രദ്ധേയമാണ് .അതിനപ്പുറം എഴുത്തിന്റെ വ്യവസ്ഥാപിതമായ കീഴ്വഴക്കങ്ങള്‍ക്കൊന്നും   തലവച്ചു കൊടുക്കാന്‍ എഴുത്തുകാരി ശ്രമിക്കുന്നില്ല.ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇത് പുതിയ കാലത്തിന്റെ പെണ്‍ വ്യാകുലതകളുടെ പുസ്തകമാണ്.