അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Thursday, January 27, 2011

മധു, കുട്ടിക്കാലം,ഒരോര്‍മ്മച്ചിന്ത്‌. (അനുഭവക്കുറിപ്പ് )

എന്നെന്നുംപച്ചയായിരിക്കുന്ന കുറച്ചു ഓര്‍മകളെഉള്ളു നമുക്ക്.  
ഒന്ന് തിരിഞ്ഞു നോക്കുക..കുപ്പിവളച്ചിന്തുകളുംകുന്നിമണികളുടെ കറുപ്പുചോപ്പും  ചേമ്പിലത്തുള്ളികളുടെ,ഒടുങ്ങാത്തവിസ്മയവും,എത്രഒളിപ്പിച്ചാലും അബദ്ധത്തിലെപ്പോഴും മാനംകണ്ടുപോകാറുള്ള മയില്‍പീലിച്ചിന്തുകളും മഷിതണ്ടിന്‍റെ   നനവും പള്ളിക്കൂടത്തിലേക്കുള്ള മഴ ചിന്നുന്ന ഊടു വഴികളും, വഴിയെയെന്നും പേടിപ്പിക്കാന്‍ കാത്തുനിന്ന പ്രാന്തനും മുറുകെ  കോര്‍ത്ത്‌ പിടിച്ച കൂട്ടുകാരിയുടെകൈവിരല്‍തുമ്പിന്‍റെ ഇളംചൂടും,പറഞ്ഞും കേട്ടും നേരം പോകുമ്പോള്‍ കൂട്ടമണിതീരുംമുമ്പേ,ഓടിയെത്താനുള്ളകിതപ്പില്‍ വീണുരുണ്ടു പൊട്ടി,ചോരചിന്നുന്ന കാല്‍മുട്ടും കമ്മ്യൂണിസ്റ്റ്‌ അപ്പയുടെ പച്ചയിലേക്ക് കണ്ണിമക്കാതെ നോക്കി വേദന മാറ്റാനുള്ള മന്ത്രവും എത്രകൂട്ടിയാലും കൂടിചേരാത്ത കണക്കിന്‍റെകുറുമ്പും,കാതിലെകണക്ക്മാഷിന്‍റെ ചെളിനഖങ്ങളുടെചന്ദ്രാകൃതിപ്പാടും,കളിമൈതാനവും മുളംകാട്ടില്‍  ഒളിഞ്ഞിരുന്നു കുഴലൂതിയിരുന്ന കാറ്റും കണ്ണുപൊത്തിക്കളികളും കൂട്ടമണി തീരുംമുമ്പേ ഞാന്‍മുന്പിലെന്നുകുടമറന്നോട്ടങ്ങളുംജൂണിലെ പെരുമഴ കുതിര്‍ത്തൊരു  കുഞ്ഞിപ്പക്ഷിയായി വീടെത്തുന്നതും   ...ഒക്കെയും അവിടെയില്ലേ?എങ്ങും പോവാതെ..എങ്ങും കൊണ്ടു കളയാതെ...?
                 മധുവും ഒരോര്‍മയാണ് . ഏറ്റവും പച്ചച്ചുപച്ചച്ച ഓര്‍മകളുടെ കുട്ടിക്കാലത്തിന്‍റെ  നേര്‍ത്ത വേദനയുടെ ഒരോര്‍മ..
          വീട്ടില്‍ നിന്നും ഏറെയൊന്നും ദൂരെയല്ലാത്ത സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ ഞാന്‍ ഒന്നംക്ലാസ്സുകാരിയായപ്പോള്‍ മുതല്‍ അവനുണ്ടായിരുന്നു കൂടെ.നേര്‍ത്തൊരു ബുദ്ധി മാന്ദ്യം പകര്‍ന്ന അധിക നിഷ്കളങ്കതയും അടച്ചു ചേര്‍ത്ത് പിടിക്കാനാവാത്ത സദാ വല്ലാതെ തുറന്നിരുന്ന വായിലൂടെ ഊര്‍ന്നു വീണുകൊണ്ടിരുന്ന ഉമിനീരിന്‍റെ  നൂലുകളും ചപ്രത്തലമുടിയും അവ്യക്തമായ വാക്കുകളും ചേര്‍ന്നാല്‍ മധുവായി. ഭാവഹാവാദികള്‍ കൊണ്ട് എപ്പൊഴും വേറിട്ട്‌ നിന്നു അവന്‍ മറ്റുള്ളവരില്‍ നിന്നും ..എങ്കിലും അവന്‍ ഒറ്റക്കായിരുന്നില്ല .കളികള്‍ക്ക് കുട്ടിമനസ്സുകള്‍ക്ക് ഏകത യുടെ ഒരു നിഗൂഢ ഭാഷ ഉള്ളതിനാലാവാം ആരും അവനെ ഒററയാക്കിയില്ല. അവനാവട്ടെ, അപ്പോഴും കളിക്കാന്‍ ഇഷ്ടപ്പെട്ടു. സ്കൂളിന്‍റെ  പിന്പുറത്തെ ചെറിയ ചതുരമൈതാനത്ത്‌ കളി നേരങ്ങളില്‍ അവന്‍ ആര്‍ത്തു നടന്നു..മറ്റാരെക്കാളും വേഗത്തില്‍ ഓടി. ഓടുമ്പോള്‍ അടച്ചു പിടിക്കാനാവാത്ത വായും സാമാന്യത്തിലേറെ നീളമേറിയ നാക്കും അവനെ വല്ലാതെ കിതപ്പിച്ചു. എനിക്കിഷ്ടമായിരുന്നു, വേഗത്തിലോടാന്‍. കാറ്റിനെക്കാളെറെയേറെ വേഗത്തില്‍. ഞാനൊരിക്കലും ആരെയും ഓടി ജയിക്കില്ല. നാലാം ക്ലാസില്‍ എത്തുമ്പോള്‍ പക്ഷെ ഒന്നുണ്ടായി. ആരൊക്കെയോ ചേര്‍ന്ന് എന്നെ സ്കൂള്‍ ലീഡര്‍ ആക്കി. ജനാധിപത്യവും തെരഞ്ഞെടുപ്പും ഒന്നും ഇല്ല. നന്നായി പഠിക്കുകയും ഗൃഹപാഠം ചെയ്യുകയുമായിരുന്നു മല്‍സര യോഗ്യത. അപ്രകാരം ഞാനും മറ്റു ചില കുട്ടികളും മത്സരിപ്പിക്കപ്പെട്ടു. .ഓരോരുത്തരെയും പിന്‍തുണക്കുന്നവരോടു കൈയ് ഉയര്‍ത്താന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു .എന്നെ തുണക്കാന്‍ ആരൊക്കെയോ കൈ ഉയര്‍ത്തി.കൂട്ടത്തില്‍ എന്നോടുള്ള വലിയ ഇഷ്ടം പോലെ കൈകള്‍ രണ്ടുമുയര്‍ത്തി മധു ,വോട്ടെണ്ണല്‍ തീര്ന്നും കൈ താഴ്ത്തിയിടാന്‍ കൂട്ടാക്കാതെ ..
അങ്ങനെ പേടിച്ചും വിറച്ചും ഞാന്‍ സ്കൂള്‍ ലീഡര്‍ ആയിത്തീരുകയും ദിനംപ്രതി പ്രതിജ്ഞ ചൊല്ലുകയും അസംബ്ലിയില്‍ വിഷയമവതരിപ്പിക്കുകയും ....മധു എപ്പൊഴും  കളിച്ചു  കൊണ്ടിരുന്നു.. ക്ലാസ്സിനകത്തുംപുറത്തും ..
            ഒരു ദിവസം ഏതോ ഒരു സന്നദ്ധ സംഘടന ,സ്കൂളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് യുണിഫോം എന്നൊരു വാഗ്ദാനവുമായിഎത്തി. സ്കൂള്‍ തുറന്നു മാസങ്ങള്‍ പിന്നിട്ടിരുന്നു.സ്കൂളില്‍ അന്ന് യുണിഫോം നിര്‍ബന്ധമായ ഒന്നായിരുന്നുമില്ല .എന്തായാലും ഒരു വലിയ കെട്ട് യുനിഫോമുകള്‍ --ഒക്കെയും ഭീമമായ അളവില്‍ തൈപ്പിച്ചവ , സ്കൂളില്‍ എത്തി ഒരു വണ്ടിയില്‍. തീര്‍ന്നില്ല ,കൊടുക്കുന്നതെല്ലാം പലചെവികള്‍ അറിയണമെന്ന് നിര്‍ബന്ധം ഉള്ളത് കൊണ്ടാവാം ഒരസംബ്ലി സംഘടിപ്പിക്കനമെന്നും ഔപചാരികമായി ‘’പാവപ്പെട്ട കുട്ടികള്‍ക്ക്’’ അവ സമ്മാനിക്കണ മെന്നും തീരുമാനിക്കപ്പെട്ടു .
         ഉടുപ്പു വിതരണമായിരുന്നു. പാവപ്പെട്ടവര്‍ അല്ലാത്തവര്‍,അധ്യാപകര്‍ , ആ സംഘടനയുടെ പ്രതിനിധി,പിന്നെ ഉടുപ്പു വിതരണമെന്ന ചുമതല ഏല്‍പ്പിക്കപ്പെട്ട ഞാന്‍ എന്നാ കുഞ്ഞു നേതാവും. പാവപ്പെട്ടവരെ പേര് ചൊല്ലി വിളിക്കയാണ് . മധു ഒന്നാമന്‍. പിന്നില്‍ സാബിര,..ശ്രീജ..
ഉടുപ്പ് വാങ്ങാന്‍ എത്തിയവരെ സാകൂതം നോക്കി പാവപ്പെട്ടവരല്ലത്തവര്‍ ..പേര് വിളിച്ചു തീരും മുമ്പേ മധു വലിയ സന്തോഷത്തില്‍ ഓടിക്കിതച്ചെത്തി.വേഗത്തില്‍ ഉടുപ്പ് വാങ്ങിച്ചു,തിരികെ ഓടാന്‍ തുടങ്ങേ ആരോ അവനെ പിടിച്ചു നിര്‍ത്തി,തലയ്ക്കു കിഴുക്കി,ദേഷ്യത്തോടെ അലറി _തൊഴുതിട്ടു പോടാ..  നന്ദി കേള്‍ക്കാന്‍ സന്നദ്ധനായിരിക്കുന്ന പ്രതിനിധിയോടാണ് നന്ദി പറയേണ്ടിയിരുന്നത്. പരിഭ്രമിച്ചു പോയ മധു പക്ഷെ, കണ്ണീരോടെ ഓടിവന്നു കുനിഞ്ഞ്, എന്‍റെ  കാല് തൊട്ടു.നിര്‍വചിക്കാനാവാത്ത ഒരു ഭാവത്തോടെ എന്നെ നോക്കി തിരികെ പോയി. സങ്കടം കൊണ്ട് വിറച്ചു പോയഞാന്‍ ശേഷം അവനെ തിരഞ്ഞു...ഒറ്റയ്ക്ക് നേര്‍ത്തൊരു വിഷാദത്തോടെ കുപ്പായപ്പൊതിയുമായി മടങ്ങുകയായിരുന്നു അവന്‍.
 എങ്ങനെയാണു അവന്‍റെ   വിചാരങ്ങളുടെ വഴികള്‍ എന്ന് ഒരിക്കലും എനിക്ക് അറിയുമായിരുന്നില്ല.അവനു എന്നോട് ദേഷ്യം തോന്നിയിരുന്നുവോ എന്നും ..
               എനിക്ക് പക്ഷെ അവനോടു മാപ്പ് പറയണമായിരുന്നു. ഒരുപാടു പേരുടെ മുമ്പില്‍ വച്ച് അവനെ സങ്കട പ്പെടുത്തിയത് ഞാന്‍ കാരണമല്ലെന്നെന്കിലും ബോധ്യമാക്കേണ്ടിയിരുന്നു ..  .സാരമില്ലെന്നെന്കിലും പറയണമായിരുന്നു.. എന്‍റെ  അന്തര്‍മുഖത്വം പക്ഷെ അവനെ കാണുമ്പോഴെല്ലാം എന്നെ വല്ലാതെ നിശബ്ദയാക്കി. ഞാന്‍ അങ്ങനെ എന്തെങ്കിലും പറഞ്ഞിരുന്നുഎങ്കിലും അവനതു തിരിച്ചറിയാനാവുമായിരുന്നോ  എന്നെനിക്കറിയില്ല .
           ഏഴാം ക്ലാസ്സില്‍ വച്ച് മധു മരിച്ചു. കളിച്ചു മതിയാവാത്ത, കളികള്‍ക്കിടയില്‍ ആഹ്ലാടംകൊണ്ട് നിറയുമ്പോള്‍ കിതപ്പായി അപൂര്‍ണ്ണമായി പുറത്തു വന്നിരുന്ന വാക്കുകളില്ലാത്ത ശബ്ദങ്ങളായി ,ഒരു പക്ഷെ ,എന്നോടുള്ള വലിയ സൌഹൃദം പോലെ, എന്നെ പിന്തുണക്കുന്ന രണ്ടു ശോഷിച്ച കൈകളായി,---ഓര്‍മിചെടുക്കാം എനിക്കവനെ.
         ----മറക്കാനാവാത്തത്  കുനിഞ്ഞ് എന്‍റെ  കാല്‍ തൊടുന്ന മെല്ലിച്ച വിരലുകളാണ്..ഒരിക്കല്‍ മാത്രം കണ്ട അവ ന്‍റെ  നിറകണ്ണുകളാണ്.
_ ഞാന്‍,അവനോടു മാപ്പ് പറഞ്ഞില്ല.

Tuesday, January 11, 2011

സമീര പറയാതെ പോയത്

അന്ന് ,കരഞ്ഞുകൊണ്ടാണ് സമീര പോയത് .സ്കൂള്‍ മുറ്റത്തെ കുട്ടിപ്ലാവുകളോ,ചെങ്കല്‍മൈതാനമോ ,മഞ്ഞച്ചുവരുകളോ  , ഒരിക്കലും തുറന്നു കാണാത്ത സയന്‍സ് ലാബിലെ വിളര്‍ത്തു പൊടിഞ്ഞ അസ്ഥികൂടമോ ചൂരല്‍ വടിട്ടീച്ചര്‍മാരോ എട്ടു -കെ യിലെ കുട്ടികളോ കൂടെ കരഞ്ഞില്ല .അവരെന്തിനു  കരയണം? സ്കൂളിലെ ഹാജര്‍ പുസ്തകത്തില്‍ നിന്നും പേര് വെട്ടിപ്പോകുന്നത് സമീര മാത്രമായിരുന്നു. ആ ഒറ്റ പേരായിരുന്നു.  അവളുടെ കുട്ടിക്കളികളും തോന്ന്യാസം വിളികളും പ്രത്യേകിച്ചൊരു ലകഷ്യവും ഇല്ലാത്ത സ്കൂള്‍ വരവുകളും.
_സമീര മണവാട്ടി യാകുകയായിരുന്നു ...
  ദിവസും കാര്യങ്ങളും തീരുമാനിക്കപ്പെട്ടിരുന്നു.  നീളന്‍ പാവാടക്കും ബ്ലൌസിനും ചേരാത്ത ഓറഞ്ച് നിറത്തട്ടം കൊണ്ട് അവള്‍ തല മൂടിയിരുന്നു. എന്നത്തേയും പോലെ ചപ്രച്ച മുടി . സ്കൂളില്‍ നിന്ന് എന്നേക്കുമായി അവളെ പറിച്ച്  മാറ്റുന്ന കടലാസ്സുകള്‍ വാങ്ങാനായി ഉപ്പക്കൊപ്പം വന്നതായിരുന്നു അവള്‍ .അവളുടെ വിങ്ങിക്കരച്ചിലുകളിലേക്ക് നിസ്സംഗതയോടെ  ഒന്ന് നോക്കി ഉപ്പ മുന്നില്‍ നടന്നു .തിരിഞ്ഞു നോക്കിയും മൂക്കൊലിപ്പിച്ചും അവള്‍ പുറകെയും.

                   അവളെന്‍റെ  കൂട്ടുകാരിയായിരുന്നില്ല . ഒന്നുപറഞ്ഞാല്‍  അടുത്തതിനു പുലിക്കുട്ടിയാകും, അവള്‍ . ദേഷ്യം വന്നാല്‍ സ്വന്തമായി സൃഷ്ടിക്കുന്ന തോന്ന്യാസ വാക്കുകള്‍ കൊണ്ടും,പാട്ടുകള്‍ കൊണ്ടും പോരുതുന്നവള്‍.നേരെചൊവ്വേ വായിക്കാനും എഴുതാനും പിടിയില്ലാകയാല്‍ നിത്യവും ടീച്ചര്‍മാരുടെ  വഴക്ക് കേള്‍ക്കുന്നവള്‍..
പകരം വീട്ടലായി അവര്‍ക്ക് സുന്ദരന്‍ ഇരട്ടപ്പേരുകള്‍ സമ്മാനിച്ചു   രസിച്ചു കുലുങ്ങിചിരിക്കാറുള്ളവള്‍..
 അവളിനി ഒരിക്കലും സ്കൂളില്‍ വരാന്‍ പോകുന്നില്ല.
 സ്കൂള്‍ വിടുമ്പോള്‍ കിതച്ചോടി എല്ലാവരെയും തോല്‍പ്പിച്ചു ആദ്യം വീടെത്തില്ല. ചിലപ്പോഴൊക്കെ വല്ലാത്ത സ്നേഹം തന്നു കൂടെ നടക്കുന്നവരുടെ ബാഗു കൂടി ചുമന്ന്‌ .,വീട്ടിലെ ബുദ്ധിമുട്ടുകളെ കുറിച്ച് കരഞ്ഞ്‌,  ഏറെ നേരം മിണ്ടാതിരുന്നും  പിന്നെയും കാരണമില്ലാതെ പൊട്ടിച്ചിരിച്ചും  ,പുളിങ്കുരു വറുത്തു തോട് പൊട്ടിച്ചു  സദാ വായിലിട്ടു ക്ലാസ്സിലെ നിശബ്ദതയില്‍ കിര്‍ കിര്‍ ശബ്ദം കേള്‍പ്പിച്ചും , പുഴുങ്ങിയ പുളിങ്കുരു ശര്‍ക്കരപ്പാവില്‍  കുതിര്‍ത്തു തെരുതെരാ  തിന്നും ,പകുത്തും മഹാഗണി മരത്തിന്‍റെ  തിരിയന്‍വിത്തുകളെ ഊതിപ്പറത്തിയും എരുക്കിന്‍ കായ്കള്‍ പൊട്ടിപ്പരക്കാന്‍ കാത്തുനിന്നും..

          ടി സി കൊടുക്കാന്‍ സങ്കടപ്പെട്ടു നിന്ന ടീച്ചരിനോട്   വളരുന്ന സ്വര്‍ണ വിലയെക്കുറിച്ചും മറ്റു നാല് പെണ്‍കുഞ്ഞുങ്ങളെ ക്കുറിച്ചും അവള്‍ കടന്നു പോയി മാത്രം മറ്റുള്ളവര്‍ക്കായി കണ്ടെത്തേണ്ട വഴികളെക്കുറിച്ചും പറഞ്ഞു അവളുടെ ഉപ്പ കല്യാണം വിളിച്ചു .
അവള്‍ തിരിഞ്ഞുനോക്കി കരഞ്ഞു കരഞ്ഞു കടന്നു പോയി. ആരെങ്കിലും പിന്‍ വിളിക്കുമെന്ന പോലെ.ശര്‍ക്കരപ്പാവില്‍ കുതിര്‍ത്ത പുളിന്കുരുവും നെല്ലിക്ക തുണ്ടും നാരങ്ങ മിട്ടായികളുമായി  തിരികെ വരാനായി..
_ആരും വിളിച്ചില്ല.

പിന്നെന്നോ അവളുടെ കൂട്ടുകാരികള്‍ പറഞ്ഞു, അവര്‍ കല്യാണം കൂടിയെന്ന്.
സ്കൂളിലേക്ക് വരാന്‍ അവള്‍ കരയുന്നു എന്ന്..
പിന്നെയും കുറച്ചിട കഴിഞ്ഞു കേട്ട്ടു,അവള്‍ക്കു കുഞ്ഞായി എന്ന്  .
കുഞ്ഞുങ്ങളായെന്ന്..

ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് ഇപ്പോള്‍ അവളെയോര്‍ക്കുമ്പോഴും ഒന്നറിയാനാവുന്നില്ല.. .
-അവള്‍ എന്നാണ്  കുട്ടിയല്ലാതായത്?
ഒരിക്കലും അവസാനിക്കാത്ത ഒരു കുട്ടിക്കാലത്തിന്‍റെ  തുരുത്തില്‍ അവള്‍ അവളെ അവശേഷിപ്പിച്ചു പോയിക്കാണുമോ ?
അല്ലെങ്കില്‍ ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പായ കുട്ടിക്കാലത്തിന്‍റെ പൂമ്പാറ്റച്ചിറകുകള്‍ ഉരിഞ്ഞ്‌, അവള്‍ എന്നേക്കുമായി മുതിര്‍ന്നു കാണുമോ ?