അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Tuesday, January 11, 2011

സമീര പറയാതെ പോയത്

അന്ന് ,കരഞ്ഞുകൊണ്ടാണ് സമീര പോയത് .സ്കൂള്‍ മുറ്റത്തെ കുട്ടിപ്ലാവുകളോ,ചെങ്കല്‍മൈതാനമോ ,മഞ്ഞച്ചുവരുകളോ  , ഒരിക്കലും തുറന്നു കാണാത്ത സയന്‍സ് ലാബിലെ വിളര്‍ത്തു പൊടിഞ്ഞ അസ്ഥികൂടമോ ചൂരല്‍ വടിട്ടീച്ചര്‍മാരോ എട്ടു -കെ യിലെ കുട്ടികളോ കൂടെ കരഞ്ഞില്ല .അവരെന്തിനു  കരയണം? സ്കൂളിലെ ഹാജര്‍ പുസ്തകത്തില്‍ നിന്നും പേര് വെട്ടിപ്പോകുന്നത് സമീര മാത്രമായിരുന്നു. ആ ഒറ്റ പേരായിരുന്നു.  അവളുടെ കുട്ടിക്കളികളും തോന്ന്യാസം വിളികളും പ്രത്യേകിച്ചൊരു ലകഷ്യവും ഇല്ലാത്ത സ്കൂള്‍ വരവുകളും.
_സമീര മണവാട്ടി യാകുകയായിരുന്നു ...
  ദിവസും കാര്യങ്ങളും തീരുമാനിക്കപ്പെട്ടിരുന്നു.  നീളന്‍ പാവാടക്കും ബ്ലൌസിനും ചേരാത്ത ഓറഞ്ച് നിറത്തട്ടം കൊണ്ട് അവള്‍ തല മൂടിയിരുന്നു. എന്നത്തേയും പോലെ ചപ്രച്ച മുടി . സ്കൂളില്‍ നിന്ന് എന്നേക്കുമായി അവളെ പറിച്ച്  മാറ്റുന്ന കടലാസ്സുകള്‍ വാങ്ങാനായി ഉപ്പക്കൊപ്പം വന്നതായിരുന്നു അവള്‍ .അവളുടെ വിങ്ങിക്കരച്ചിലുകളിലേക്ക് നിസ്സംഗതയോടെ  ഒന്ന് നോക്കി ഉപ്പ മുന്നില്‍ നടന്നു .തിരിഞ്ഞു നോക്കിയും മൂക്കൊലിപ്പിച്ചും അവള്‍ പുറകെയും.

                   അവളെന്‍റെ  കൂട്ടുകാരിയായിരുന്നില്ല . ഒന്നുപറഞ്ഞാല്‍  അടുത്തതിനു പുലിക്കുട്ടിയാകും, അവള്‍ . ദേഷ്യം വന്നാല്‍ സ്വന്തമായി സൃഷ്ടിക്കുന്ന തോന്ന്യാസ വാക്കുകള്‍ കൊണ്ടും,പാട്ടുകള്‍ കൊണ്ടും പോരുതുന്നവള്‍.നേരെചൊവ്വേ വായിക്കാനും എഴുതാനും പിടിയില്ലാകയാല്‍ നിത്യവും ടീച്ചര്‍മാരുടെ  വഴക്ക് കേള്‍ക്കുന്നവള്‍..
പകരം വീട്ടലായി അവര്‍ക്ക് സുന്ദരന്‍ ഇരട്ടപ്പേരുകള്‍ സമ്മാനിച്ചു   രസിച്ചു കുലുങ്ങിചിരിക്കാറുള്ളവള്‍..
 അവളിനി ഒരിക്കലും സ്കൂളില്‍ വരാന്‍ പോകുന്നില്ല.
 സ്കൂള്‍ വിടുമ്പോള്‍ കിതച്ചോടി എല്ലാവരെയും തോല്‍പ്പിച്ചു ആദ്യം വീടെത്തില്ല. ചിലപ്പോഴൊക്കെ വല്ലാത്ത സ്നേഹം തന്നു കൂടെ നടക്കുന്നവരുടെ ബാഗു കൂടി ചുമന്ന്‌ .,വീട്ടിലെ ബുദ്ധിമുട്ടുകളെ കുറിച്ച് കരഞ്ഞ്‌,  ഏറെ നേരം മിണ്ടാതിരുന്നും  പിന്നെയും കാരണമില്ലാതെ പൊട്ടിച്ചിരിച്ചും  ,പുളിങ്കുരു വറുത്തു തോട് പൊട്ടിച്ചു  സദാ വായിലിട്ടു ക്ലാസ്സിലെ നിശബ്ദതയില്‍ കിര്‍ കിര്‍ ശബ്ദം കേള്‍പ്പിച്ചും , പുഴുങ്ങിയ പുളിങ്കുരു ശര്‍ക്കരപ്പാവില്‍  കുതിര്‍ത്തു തെരുതെരാ  തിന്നും ,പകുത്തും മഹാഗണി മരത്തിന്‍റെ  തിരിയന്‍വിത്തുകളെ ഊതിപ്പറത്തിയും എരുക്കിന്‍ കായ്കള്‍ പൊട്ടിപ്പരക്കാന്‍ കാത്തുനിന്നും..

          ടി സി കൊടുക്കാന്‍ സങ്കടപ്പെട്ടു നിന്ന ടീച്ചരിനോട്   വളരുന്ന സ്വര്‍ണ വിലയെക്കുറിച്ചും മറ്റു നാല് പെണ്‍കുഞ്ഞുങ്ങളെ ക്കുറിച്ചും അവള്‍ കടന്നു പോയി മാത്രം മറ്റുള്ളവര്‍ക്കായി കണ്ടെത്തേണ്ട വഴികളെക്കുറിച്ചും പറഞ്ഞു അവളുടെ ഉപ്പ കല്യാണം വിളിച്ചു .
അവള്‍ തിരിഞ്ഞുനോക്കി കരഞ്ഞു കരഞ്ഞു കടന്നു പോയി. ആരെങ്കിലും പിന്‍ വിളിക്കുമെന്ന പോലെ.ശര്‍ക്കരപ്പാവില്‍ കുതിര്‍ത്ത പുളിന്കുരുവും നെല്ലിക്ക തുണ്ടും നാരങ്ങ മിട്ടായികളുമായി  തിരികെ വരാനായി..
_ആരും വിളിച്ചില്ല.

പിന്നെന്നോ അവളുടെ കൂട്ടുകാരികള്‍ പറഞ്ഞു, അവര്‍ കല്യാണം കൂടിയെന്ന്.
സ്കൂളിലേക്ക് വരാന്‍ അവള്‍ കരയുന്നു എന്ന്..
പിന്നെയും കുറച്ചിട കഴിഞ്ഞു കേട്ട്ടു,അവള്‍ക്കു കുഞ്ഞായി എന്ന്  .
കുഞ്ഞുങ്ങളായെന്ന്..

ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് ഇപ്പോള്‍ അവളെയോര്‍ക്കുമ്പോഴും ഒന്നറിയാനാവുന്നില്ല.. .
-അവള്‍ എന്നാണ്  കുട്ടിയല്ലാതായത്?
ഒരിക്കലും അവസാനിക്കാത്ത ഒരു കുട്ടിക്കാലത്തിന്‍റെ  തുരുത്തില്‍ അവള്‍ അവളെ അവശേഷിപ്പിച്ചു പോയിക്കാണുമോ ?
അല്ലെങ്കില്‍ ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പായ കുട്ടിക്കാലത്തിന്‍റെ പൂമ്പാറ്റച്ചിറകുകള്‍ ഉരിഞ്ഞ്‌, അവള്‍ എന്നേക്കുമായി മുതിര്‍ന്നു കാണുമോ ?

16 comments:

 1. മുതിര്‍ന്നു കഴിഞ്ഞാല്‍ പ്രശ്നമാനല്ലേ താത്താ..?
  വല്ലാണ്ടൊന്നും മനസ്സിലായില്ലെങ്കിലും എനിക്ക് ഇഷ്ടമായി , എന്നാണാവോ ഇങ്ങിനെ ഒരു കഥയൊക്കെ എഴുതാന്‍ പറ്റുക ആവോ .

  ReplyDelete
 2. ഇതുപോലെ ഒരുപാട് സമീരമാരെ മലബാറില്‍ കാണാന്‍ കഴിയും. എന്റെ ചില സഹപാഠിക്കള്‍ക്കും ഈ ദുര്‍വിധി ഉണ്ടായിട്ടുണ്ട്.

  നല്ല അവതരണ ശൈലി. സമീറയുടെ മനോവിച്ചാരങ്ങളിലേക്ക് ഇറങ്ങിചെല്ലാമായിരുന്നു.

  ആശംസകള്‍

  ReplyDelete
 3. നന്നായി വ്യാകുലതകള്‍ ..... നേനയുടെ മേമ്പൊടികൂടിയായപ്പോള്‍ ..........:(

  ReplyDelete
 4. സമീരമാരുടെ നിലവിളികള്‍ ഒരു നൊമ്പരമായി നമ്മെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു....

  ReplyDelete
 5. തിരിച്ചറിവെത്തുമ്പോള്‍ വിരുന്നെത്തുന്ന ആകുലതകള്‍....നന്നായി....സസ്നേഹം

  ReplyDelete
 6. നാമറിയാതെ എത്രയോ സമീരമാര്‍!
  ബിഗു പറഞ്ഞത്‌ പോലെ സമീരയുടെ മനോവികാരങ്ങള്‍ കൂടി പകര്ത്താമായിരുന്നു.അതിന് കഴിയുന്ന എഴുത്താണല്ലോ ഷാഹിനയുടെത്‌.
  ആര്യാടന്‍ ഷൌക്കത്ത് സംവിധാനം ചെയ്ത "പാഠം ഒന്ന് ഒരു വിലാപം" എന്ന സിനിമയില്‍ ഇത് മനോഹരമായി കൈകാര്യം ചെതിട്ടുണ്ട്. കണ്ടില്ലെങ്കില്‍ ആ ചിത്രം കാണേണ്ടതാണ്.
  ആശംസകള്‍.
  വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുന്നത് നല്ലതാണ്.

  ReplyDelete
 7. ഉള്ളടക്കം തൊട്ടുണർത്തിയെങ്കിലും...
  സമീരയുടെ ദു:ഖങ്ങൾക്കാണ് പ്രാധാന്യം കൊടൂക്കേണ്ടിയിരുന്നത് കേട്ടൊ ഷഹിനാ

  ReplyDelete
 8. ആഹാ , ശാഹിനാ ..നന്നായിരിക്കുന്നു ..! നല്ല വരികള്‍ നല്ല ആശയം ...ആശംസകള്‍ ..

  ReplyDelete
 9. സമീരമാരുടെ എണ്ണം ഇന്ന് വളരെ കുറവാണ് എങ്കിലും കഥയിലെ കഥയ്ക്ക് ഇന്നും പ്രസക്തിയുണ്ട്.
  ആശംസകള്‍

  ReplyDelete
 10. ഇതു വായിച്ചപ്പോള്‍ എനിയ്ക്ക് എന്‍റ പ്രിയപ്പെട്ട ജമീലഎന്ന കൂട്ടുകാരിയേയാണ് ഓര്‍മ്മ വന്നത്.10ന് പരീക്ഷ കഴിഞ്ഞ് മിടുക്കിയായ അവളെ രണ്ടു മക്കളുള്ള ഒരു രണ്ട്ം കെട്ടുകാരന്‍റ കൂടെ കെട്ടിച്ചു വിട്ടത്..ഞാനതിനെപ്പറ്റി ഒരു കഥയും എഴുതി.

  ReplyDelete
 11. നഷ്ടമാവുന്നത് ഓര്‍ത്തിട്ടാണോ ,നഷ്ടമായവരെ ഓര്‍ത്തിട്ടാണോ എന്നറിയില്ല എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു ..

  ആശംസകള്‍

  ReplyDelete
 12. ഇത്തരം കഥകൾ ഞാനും കേട്ടിട്ടുണ്ട്... എന്റെ കൂട്ടുകാരനായിരുന്ന കുഞ്ഞിമോയ്ദീന്റെ കല്യാണം ഇങ്ങനെ ആയിരുന്നു. കല്യാണം കഴിഞ്ഞ് 3 കൊല്ലം കഴിഞ്ഞിട്ടാണ് പെണ്ണ് വയസ്സറീച്ചത്. അതിനു ശേഷമേ സ്വന്തം വീട്ടിലേക്ക് പെണ്ണിനെ കൊണ്ടു വന്നുള്ളു മൊയ്ദീൻ...!

  ReplyDelete
 13. ഇതൊരു കഥയായി പറയാൻ കഴിയില്ല .ഒരു എഴുത്ത് കഥയായി പുരോഗമിച്ചാലേ അത്തരത്തിൽ അതിനെ കഥയായി കാണാൻ കഴിയു .എന്താണ് ഈ എഴുത്തിലൂടെ താങ്കൾ പറയാൻ ശ്രമിച്ചത്..?
  ഒരുപാടുകേട്ട ഒരു വിശയം താങ്കളുടെ ഭാഷയിൽ പറഞ്ഞതൊ?
  കൂടുതൽ നന്നായി എഴുതാൻ കഴിയട്ടേ

  ReplyDelete