അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Thursday, January 12, 2012

പുല്ലാങ്കുഴലിലെ വിഷാദം(കണ്മഷി- മാധ്യമം ആഴ്ചപ്പതിപ്പ്‌ )

‘‘ആരും ഓടക്കുഴല്‍ വായിക്കുന്നില്ല
എങ്കിലും ഇനിയും കുറച്ചുനാള്‍കൂടി
പ്രതിധ്വനികള്‍ കേട്ടുകൊണ്ടേയിരിക്കും.
ഞാനിനിയും ഏറെവട്ടം നദീതീരത്തു വരും
ഓരോ വട്ടവും ഞാന്‍ മടങ്ങിപ്പോകും
ആരോ ഒരാള്‍ ഇവിടെയെങ്ങോ
ഉണ്ടായിരുന്നില്ലയോ എന്നദ്ഭുതപ്പെട്ട്.’’
(ശ്രീരാധ - രമാകാന്ത്രഥ്)
വൈകിയുറക്കങ്ങള്‍ അന്നൊക്കെമാത്രം പതിവായിരുന്നു. കൗമാരകാലത്ത്, പരീക്ഷകളുടെ ആകുലതകള്‍ ഉറക്കത്തെ വല്ലാതലട്ടിയിരുന്ന പഠനാവധിക്കാലങ്ങളില്‍. നോക്കിയിട്ടുണ്ടോ വല്ലാത്തൊരസ്വാസ്ഥ്യമാണ് രാത്രിയുടെ നിശ്ശബ്ദതയിലങ്ങനെ ഏകാകിയായി ഉണര്‍ന്നിരിക്കുകയെന്നത്. നക്ഷത്രങ്ങള്‍ പൂക്കുന്നതും ഇരുളു പൊട്ടിച്ച് പുറത്തുവരുന്നതും കണ്ട്, രാത്രിയുടെ ശബ്ദങ്ങള്‍ കേട്ട്, രാത്രി വിരിയുന്ന പൂക്കളുടെ ഗന്ധമറിഞ്ഞ്.
‘‘നേര്‍ത്തുനേര്‍ത്ത് നക്ഷത്രങ്ങള്‍ പാടാറുണ്ടെ’’ന്ന സ്നേഹിതയുടെ കവിതക്കിറുക്കു കേട്ട് വിശ്വസിച്ച് ഇരുട്ടിലേക്ക് കാതു കൂര്‍പ്പിച്ചിരിക്കുമ്പോള്‍ ഉറങ്ങാതിരിക്കുന്നൊരു പേരറിയാപക്ഷിയുടെ ശബ്ദമാവും നിശ്ശബ്ദതയെ തുരന്നെത്തുക.
രാത്രിയുടെ മാത്രം പിറുപിറുപ്പുകളും കാറ്റുകൊണ്ടുപോകുന്ന കരിയിലകളുടെ തേങ്ങലുകളും. പേടി തോന്നും.
എനിക്ക് ചുറ്റുമുള്ള ജീവജാലങ്ങളെല്ലാം സ്വപ്നങ്ങളുടെ, അബോധകല്‍പനകളുടെ ഒറ്റയടിപ്പാതകളിലൂടെ യാത്രചെയ്യുകയാവും ആ നേരത്ത്. വീട്, നിശ്ശബ്ദതയെ പുണര്‍ന്ന് ഗാഢമായുറങ്ങുകയാവും.
ഭൂമിയിലെ ഉണര്‍ന്നിരിക്കുന്ന ഒരേയൊരു ജീവന്‍ ഞാനാണെന്ന് വെറുതെ സങ്കല്‍പിക്കും. ആ വിചാരത്തിന്‍െറ ഏകാകിതയും അപാരമായ സ്വാതന്ത്ര്യവും തീര്‍ക്കുന്ന വിസ്മയങ്ങള്‍.
തൊടിയിലെ മരപ്പൊത്തില്‍ കുരുങ്ങിപ്പോയ കാറ്റ് പരിഭ്രമത്തോടെ ഒന്ന് ചിറകടിക്കും. വീണ്ടും ഒറ്റക്കല്ളെന്ന തോന്നല്‍. ജനാലക്കപ്പുറം ഇരുളും നിലാവുമിടകലരുന്നതും നോക്കിനില്‍ക്കേ, പഠിക്കാനായി മുന്നില്‍ തുറന്നുവെച്ച പുസ്തകത്തിനും എന്‍െറ വിചാരങ്ങള്‍ക്കുമിടക്കൊരു കടല്‍ പരക്കും.
‘‘ഇനി വയ്യെ’’ന്ന് ഉറങ്ങാനായെണീക്കുമ്പോഴാണ് കേള്‍ക്കാറുണ്ടായിരുന്നത്, ആ പുല്ലാങ്കുഴല്‍ വിളി. ഏതാണ്ട്, ഒരൊരുമണി നേരത്ത്. വിഷാദംനിറഞ്ഞൊരു പാട്ട്.
ഉറക്കം മുറിഞ്ഞ്, ജനല്‍ തുറന്നിട്ട്, ആ വിസ്മയത്തിന്‍െറ ഉറവിടവും തിരഞ്ഞുപോയിട്ടുണ്ട്, എത്രയോ വട്ടം. അന്നേരം വരെ നിശ്ശബ്ദ/നിശ്ശബ്ദനായിരുന്ന്, എല്ലാവരുമുറക്കമായെന്ന് നിശ്ചയമായും ആര്‍ക്കോ വേണ്ടി, ഒരുപക്ഷേ, ആര്‍ക്കുമായല്ലാതെ പുല്ലാങ്കുഴലൂതുന്നൊരാള്‍. ആരെയോ പരസ്പരമിണക്കുന്നൊരജ്ഞാത രാഗത്തിന്‍െറ തുടിപ്പുകള്‍ കാതോര്‍ത്ത് പിന്നെപ്പിന്നെ ഞാനുറങ്ങാതിരുന്നുതുടങ്ങി, പഠിത്തം തീര്‍ന്നും കുറെനേരം.
പാടിത്തുടങ്ങുമ്പോള്‍ ഞാന്‍ സങ്കല്‍പിക്കും, നിലാവില്‍ കുതിര്‍ന്നൊരു കദംബച്ചില്ലയിലിരുന്ന് മുരളികയൂതുന്ന കൃഷ്ണന്‍. ദൂരെയേതോ ഗ്രാമത്തില്‍ ഉറങ്ങാതിരിക്കുന്ന രാധക്കു മാത്രം ശ്രവ്യമായ ബാംസുരിയുടെ നാദം. മറ്റാര്‍ക്കും കേള്‍ക്കാനാവാത്ത അത് ഏതോ മായികശക്തിയാല്‍ ചോര്‍ത്തിയെടുക്കുകയാണ് ഞാന്‍. ആ സന്ദേശത്തിന്‍െറ എനിക്ക് പിടികിട്ടാത്ത രഹസ്യാത്മകത അതെന്നും പക്ഷേ തന്നിരുന്നത്, വല്ലാത്തൊരസ്വാസ്ഥ്യമായിരുന്നു.
എന്‍െറ ഏറെ രാത്രികള്‍ പിന്നെയും ആ പുല്ലാങ്കുഴലൂത്ത് കേട്ടു. ചിലപ്പോഴൊക്കെ ഇടക്കുണരുമ്പോഴും അത് മായാതെനിന്നു. ആ പാട്ടിന്‍െറ അര്‍ഥങ്ങളെക്കുറിച്ചോ ഏതൊക്കെയോ കാരണങ്ങളാല്‍ ഉറക്കമില്ലാതെ പോകുന്ന ഏതോ ഒരാത്മാവിന്‍െറ ഉള്ളിലെയസ്വാസ്ഥ്യപ്പെരുങ്കടലിനെക്കുറിച്ചോ എന്തുകൊണ്ടോ, ഏറെയൊന്നും ചിന്തിക്കുകയുണ്ടായില്ല. ഓരോ കുറിയും ആ പുല്ലാങ്കുഴലൂത്ത് എന്നിലവശേഷിപ്പിച്ചിരുന്ന വിഷാദങ്ങള്‍ക്കും ഏകാകിതകള്‍ക്കും ചില ഭയങ്ങള്‍ക്കുമപ്പുറം.
പരീക്ഷകളുടെ തിരക്കില്‍പിന്നെ ഞാനെപ്പോഴോ ആ പാട്ട് മറന്നുപോയി. ഒടുക്കം, പരീക്ഷകളെല്ലാം തീര്‍ത്ത് സ്വസ്ഥമായി തിരികെ വന്ന ദിവസം അമ്മ പറഞ്ഞു, അവിടെയാരോ ആത്മഹത്യ ചെയ്തുവെന്ന്.
ഒരാള്‍.
അവരെത്ര ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചിട്ടും എനിക്കോര്‍ത്തെടുക്കാനാവാത്തൊരാള്‍. ഒരുപക്ഷേ, അത്രക്കുമപരിചിതന്‍. പേരറിയാത്തൊരസ്വാസ്ഥ്യം എന്നിട്ടുമെന്തോ ഉള്ളുനിറഞ്ഞുകൊണ്ടിരുന്നു. രാത്രി വൈകിയും ഉറങ്ങാതിരിക്കേ, ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ കാറ്റൂളിയിടുന്നതു കേട്ടു. കൂമന്‍െറ അര്‍ഥംവെച്ച മൂളലുകള്‍ കേട്ടു. ചീവീടുകളറിയാതുറങ്ങിപ്പോയൊരു നിമിഷം വീണുകിട്ടിയ നിശ്ശബ്ദത കേട്ടു. എന്‍െറ എല്ലാ പതിവ് രാവൊച്ചകളും. ആ വിഷാദിയുടെ പുല്ലാങ്കുഴല്‍ പാട്ടൊഴികെ.
പിന്നീടൊരിക്കലും കേള്‍ക്കുകയുണ്ടായില്ല, ആ പാട്ട്.
-ആത്മഹത്യ ചെയ്തത്, പൊയ്ക്കളഞ്ഞത്
ആ പുല്ലാങ്കുഴലിന്‍െറ ഉടമയായിരുന്നുവോ?
 അയാള്‍ ആരായിരുന്നു?
ആര്‍ക്കുവേണ്ടിയായിരുന്നു ആ പാട്ട്?
എനിക്കറിയില്ല, ഇന്നും.
ഒരു കൗമാരചിത്തത്തിന്‍െറ ഭ്രമകല്‍പനകളിലൊന്നായിരുന്നു ആ പുല്ലാങ്കുഴല്‍പ്പാട്ടെന്ന് വിശ്വസിക്കാനാണ് എന്തുകൊണ്ടോ ഇപ്പോള്‍ ഞാനിഷ്ടപ്പെടുന്നത്.
l

1 comment:

  1. eekanthathayute madhuramulla kurippu..
    nice
    thanks
    c ganesh

    ReplyDelete